ചങ്ങനാശേരി ഡിവൈ.എസ്‌.പിയടക്കം നാലു പോലീസുകാര്‍ക്ക്‌ ഗുണ്ടാ മാഫിയയുമായി ബന്ധമെന്ന്‌ പോലീസ്‌ കണ്ടെത്തല്‍

0

ചങ്ങനാശേരി ഡിവൈ.എസ്‌.പിയടക്കം നാലു പോലീസുകാര്‍ക്ക്‌ ഗുണ്ടാ മാഫിയയുമായി ബന്ധമെന്ന്‌ പോലീസ്‌ കണ്ടെത്തല്‍. നിരവധി കേസുകളില്‍ പ്രതിയായ അരുണ്‍ ഗോപനുമായുള്ള വഴിവിട്ട ബന്ധമാണു രഹസ്യാന്വേഷണത്തില്‍ വ്യക്‌തമായത്‌. ചങ്ങനാശേരി ഡിവൈ.എസ്‌.പി. ശ്രീകുമാര്‍, സൈബര്‍ സെല്‍ സി.ഐ: എം.ജെ. അരുണ്‍, ഡി.സി.ബി.ആര്‍.ബി. ഓഫീസിലെ എ.എസ്‌.ഐ. അരുണ്‍കുമാര്‍, സ്‌പെഷല്‍ ബ്രാഞ്ച്‌ എ.എസ്‌.ഐ. പി.എന്‍. മാനോജ്‌ എന്നിവര്‍ക്കെതിരേയാണു റിപ്പോര്‍ട്ട്‌. പോലീസ്‌ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി ഗുണ്ടാസംഘത്തില്‍നിന്ന്‌ പണം വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നാലു പേര്‍ക്കെതിരെയും കര്‍ശന നടപടിക്ക്‌ ദക്ഷിണമേഖല ഐ.ജി. പി.പ്രകാശ്‌ നിര്‍ദേശിച്ചതായാണു വിവരം. എന്നാല്‍, അന്വേഷണം നടക്കുന്നതു മാത്രമാണു നടക്കുന്നതെന്നും ശിപാര്‍ശകളൊന്നുമില്ലെന്നും ആരോപണ വിധേയര്‍ പറയുന്നു. കോട്ടയം ജില്ലയിലെ ഗുണ്ടാപ്പട്ടികയിലുള്ള അരുണ്‍ ഗോപന്‍ അടുത്തിടെ ഹണി ട്രാപ്പ്‌ കേസില്‍ അറസ്‌റ്റിലായിരുന്നു. കുഴല്‍പ്പണക്കടത്തും വധശ്രമവും ഉള്‍പ്പെടെ ഒട്ടേറെ കേസിലെ പ്രതിയായ ഇയാളുമായി പോലീസ്‌ വഴിവിട്ട അടുപ്പം പുലര്‍ത്തിയെന്നാണ്‌ ആരോപണം.
ഇയാളുടെ എതിരാളിയും കുപ്രസിദ്ധ ഗുണ്ടയുമായ അലോട്ടിയെ കഞ്ചാവു കേസില്‍ രണ്ടു വര്‍ഷം മുമ്പു പിടികൂടിയിരുന്നു. അന്നു രഹസ്യവിവരം നല്‍കുകയും പോലീസിന്‌ ഒത്താശ ചെയ്‌തു നല്‍കുകകയും ചെയ്‌തത്‌ അരുണ്‍ ഗോപനാണെന്ന്‌ ആക്ഷേപമുണ്ടായിരുന്നു. നടപടിയ്‌ക്കു നിര്‍ദേശിക്കപ്പെട്ട പോലീസുകാര്‍ പല തവണ അരുണ്‍ ഗോപനുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി.
ഹണിട്രാപ്പ്‌ കേസില്‍ കോട്ടയത്തുനിന്നു മുങ്ങി ശ്രീലങ്ക ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങളില്‍ കറങ്ങിയശേഷം കോഴിക്കോട്ട്‌ താവളമടിച്ചിരുന്ന അരുണ്‍ ഗോപനെ അടുത്തിടെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കോട്ടയം വെസ്‌റ്റ്‌ പോലീസാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. അന്ന്‌ രാത്രി ചങ്ങനാശേരി ഡിവൈ.എസ്‌.പി, തന്റെ അധികാര പരിധിയില്‍ അല്ലാത്ത സ്‌റ്റേഷനായിട്ടും അവിടെയെത്തുകയും സെല്ലില്‍ കഴിഞ്ഞിരുന്ന അരുണുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്‌തു. ഡിവൈ.എസ്‌.പി സ്‌റ്റേഷനിലെത്തിയത്‌ താനുമായുള്ള ബന്ധം മറ്റു പോലീസുകാരോട്‌ വെളിപ്പെടുത്തരുതെന്ന്‌ ഭീഷണിപ്പെടുത്താനാണെന്നാണ്‌ കണ്ടെത്തല്‍.
ഇക്കാര്യം കോട്ടയം എസ്‌.പി: ഡി. ശില്‍പ ദക്ഷിണ മേഖല ഐ.ജി പി. പ്രകാശിനെ അറിയിച്ചതോടെ പ്രാഥമിക അന്വേഷണം തുടങ്ങി. തുടര്‍ന്ന്‌ എ.എസ്‌.പിയായിരുന്ന എസ്‌. സുരേഷ്‌ കുമാറാണ്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌.
ഡിവൈ.എസ്‌.പിയുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച്‌ സര്‍ക്കാര്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നും പോലീസുകാരുടെ ഗുണ്ടാ ബന്ധം പാലാ എ.എസ്‌.പി വിശദമായി അന്വേഷിക്കുമെന്നുമാണു വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here