ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥിനിയെ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ജീവനക്കാർ

0

താമരശ്ശേരി: ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥിനിയെ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ജീവനക്കാർ. സുൽത്താൻ ബത്തേരി ഗാരേജിലെ ആർ.പി.സി. 107 നമ്പർ ടൗൺ ടു ടൗൺ ബസിലെ ഡ്രൈവർ കോഴിക്കോട് മലാപ്പറമ്പ് മൂസ്സേൻ വീട്ടിൽ എം. വിനോദ്, കണ്ടക്ടർ അട്ടപ്പാടി ചിണ്ടക്കി അമ്പലംകുന്ന് വീട്ടിൽ ആർ. രാജൻ എന്നിവരാണ് അവസരോചിതമായ ഇടപെടലിലൂടെ മാതൃകകളായത്. കുറ്റിപ്പുറം കെ.എം.സി.ടി. കോളേജിലെ എൽ.എൽ.ബി. വിദ്യാർത്ഥിനി വൈത്തിരി രോഹിണിയിൽ റിതിക (21) യ്ക്കാണ് ജീവനക്കാരുടെയും യാത്രക്കാരുടെയും കരുതൽ രക്ഷയായത്.

തിങ്കളാഴ്ച രാവിലെ എട്ടേകാലിന് സുൽത്താൻ ബത്തേരിയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസിൽ വൈത്തിരിയിൽ വച്ചാണ് സഹപാഠിയ്‌ക്കൊപ്പം റിതിക കയറിയത്. നല്ല തിരക്കുണ്ടായിരുന്ന ബസിൽ നിന്ന വിദ്യാർത്ഥിനിക്ക് യാത്രാമധ്യേ കൈതപ്പൊയിലിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ യാത്രക്കാർ ഒരു സീറ്റിലിരുത്തി. ശരീരം മരവിച്ച് തണുക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്ത റിതികയ്ക്ക് ബസിലുണ്ടായിരുന്ന ഒരു നഴ്സിന്റെ നേതൃത്വത്തിൽ യാത്രികർ പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് സമയം കളയാതെ ബസ് പത്തുമണിയോടെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിനി റിതികയുടെ ബന്ധുക്കളെ വിളിച്ച് കാര്യമറിയിക്കുകയും ചെയ്തു.

റിതിക അപകടനില തരണം ചെയ്‌തെന്നും കൂട്ടിരിപ്പുകാർ ഉടനെത്തുമെന്ന് ഉറപ്പുവരുത്തിയശേഷം ബസ് ജീവനക്കാരും യാത്രികരും ആശുപത്രിയിൽനിന്ന് മടങ്ങുകയായിരുന്നു. വിദ്യാർത്ഥിനിയുടെ അവസ്ഥ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തി ആശുപത്രിയിലെത്തിക്കാൻ നിർദേശിക്കുകയും പ്രഥമശുശ്രൂഷ നൽകുകയും ചെയ്ത ബസിലെ യാത്രികരും മനുഷ്യത്വത്തിന്റെ പ്രതീകങ്ങളായി.

LEAVE A REPLY

Please enter your comment!
Please enter your name here