അടുത്ത ഏഴ്‌ വര്‍ഷത്തിനകം രണ്ടുലക്ഷം കോടിയോളം രൂപയുടെ കടം സംസ്‌ഥാനം തിരിച്ചടയക്കണമെന്നു കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്‌

0

അടുത്ത ഏഴ്‌ വര്‍ഷത്തിനകം രണ്ടുലക്ഷം കോടിയോളം രൂപയുടെ കടം സംസ്‌ഥാനം തിരിച്ചടയക്കണമെന്നു കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്‌.
1,95,293.29 കോടി രൂപയുടെ കടമാണ്‌ ഈ വര്‍ഷം മുതല്‍ 2028-29 വരെയായി തിരിച്ചടയ്‌ക്കാനുള്ളത്‌. ഇതില്‍ 1,80,319 കോടി ആഭ്യന്തര കടവും 14,973 കോടി കേന്ദ്ര സര്‍ക്കാരില്‍നിന്നുള്ള വായ്‌പകളുമാണെന്നു നിയമസഭയില്‍ സമര്‍പ്പിച്ച സി.എ.ജി. റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.
11709.50 കോടി 2020-21ലും 22-23നും 23-24നും ഇടയില്‍ 35979.56 കോടിയും 24-25നും 25-26നും ഇടയില്‍ 37659.26 കോടിയും 26-27നും 27-28നും ഇടയില്‍ 37986.41 കോടി രൂപയുമാണു മടക്കിനല്‍കേണ്ടത്‌. 20-21ല്‍ റവന്യു വരുമാനത്തിന്റെ 21.49% പലിശ നല്‍കാനായി വിനിയോഗിച്ചു. മൊത്തം കടബാധ്യതയുടെ 54 ശതമാനവും വിപണിയില്‍നിന്നെടുത്ത കടങ്ങളാണ്‌. കേരളത്തിന്റെ കടത്തിന്റെ കുടിശിക ജി.എസ്‌.ഡി.പിയുടെ 39.87 ശതമാനമാണ്‌.
ബജറ്റിന്‌ പുറമേ കടമെടുത്തതിന്റെ കുടിശിക ബാധ്യത ഉള്‍പ്പെടെ 20-21 വര്‍ഷത്തില്‍ 3,24,855.06 കോടി രൂപയായിരുന്നു കടം. ജി.എസ്‌.ടി. നഷ്‌ടപരിഹാരമായ 5,766 കോടി ഒഴിവാക്കിയാല്‍ അത്‌ 3,19,089.06 കോടിയാകും.
സംസ്‌ഥാനത്തിന്റെ റവന്യു കമ്മി 19-20 ലെ 14,495.25 കോടിയില്‍നിന്ന്‌ 20-21ല്‍ 25,829.50 കോടിയായി കുതിച്ചുയര്‍ന്നു, 78.19% വര്‍ധന.
ജി.എസ്‌.ഡി.പിയുമായി അനുപാതം മൂന്ന്‌ ശതമാനമായി നിജപ്പെടുത്തണമെന്ന്‌ വ്യവസ്‌ഥ വന്നുവെങ്കിലും മുന്‍വര്‍ഷത്തെ 4.17 ശതമാനത്തില്‍നിന്ന്‌ 20-21ല്‍ ധനകമ്മി 5.40 ശതമാനമായി ആയി ഉയര്‍ന്നു. കേന്ദ്രം അഞ്ചു ശതമാനമായി വര്‍ധിപ്പിച്ചിട്ടും ഇവിടെ അതും മറികടന്നു. റവന്യു കമ്മി 244.85 കോടിയും ധനകമ്മി 9471.59 കോടിയും കുറച്ചു കാണിച്ചതായും സി.എ.ജി. റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.
കമ്പനികളിലും പൊതുമേഖലയിലും മറ്റും സര്‍ക്കാര്‍ നിക്ഷേപിച്ച പണത്തില്‍നിന്ന്‌ 1.3 ശതമാനമാണു വരുമാനം. എന്നാല്‍ കടങ്ങള്‍ക്ക്‌ 7.33 ശതമാനമാണ്‌ പലിശ നല്‍കുന്നത്‌. സര്‍ക്കാരിന്റെ നിലവിലെ ബാധ്യതകള്‍ തവണകളായി വീട്ടാനുള്ള ലക്ഷ്യത്തോടെ ഫണ്ട്‌ രൂപീകരിച്ചെങ്കിലും 20-21ല്‍ സര്‍ക്കാര്‍ അതിലേക്ക്‌ പണം നല്‍കിയില്ല.
കഴിഞ്ഞ വര്‍ഷം റവന്യു വരവ്‌ 8.19 ശതമാനവും തനത്‌ നികുതി വരവ്‌ 5.29 ശതമാനവും തനത്‌ നികുതിയേതര വരവ്‌ 40.26 ശതമാനവും കേന്ദ്ര നികുതികളുടെയും ചുങ്കങ്ങളുടെയും സംസ്‌ഥാന വിഹിതം 29.51 ശതമാനവും കുറഞ്ഞു. കേന്ദ്ര സഹായം 176.52% വര്‍ധിച്ചു. റവന്യു ചെലവ്‌ 17.88 ശതമാനവും വര്‍ധിച്ചു. പൊതുസേവനങ്ങള്‍ക്കുള്ള ചെലവ്‌ 9.27% കുറഞ്ഞു. സാമൂഹിക സേവന റവന്യു ചെലവ്‌ 31.69 ശതമാനവും സാമ്പത്തിക സേവന റവന്യു ചെലവ്‌ 106 ശതമാനവും ധനസഹായ ചെലവ്‌ 56.54 ശതമാനവും വര്‍ധിച്ചു. മൂലധനച്ചെലവ്‌ 54.42 ശതമാനവും കൂടി. വായ്‌പയുടെയും മുന്‍കൂറുകളുടെയും വിതരണം 110.58% വര്‍ധിച്ചപ്പോള്‍ തിരിച്ചുപിടിക്കല്‍ 10.67% കുറഞ്ഞു. പൊതുകടം തിരിച്ചടക്കലില്‍ 11.53 ശതമാനത്തിന്റെ കുറവ്‌ രേഖപ്പെടുത്തിയതായും സി.എ.ജി. റിപ്പോര്‍ട്ടിലുണ്ട്‌.

Leave a Reply