നിയമസഭാ നടപടികള്‍ക്കിടയില്‍ ബഹളമുണ്ടാക്കുകയും കൂട്ടംകൂടി നില്‍ക്കുകയും ചെയ്‌ത അംഗങ്ങള്‍ക്ക്‌ സ്‌പീക്കറുടെ ശാസന

0

നിയമസഭാ നടപടികള്‍ക്കിടയില്‍ ബഹളമുണ്ടാക്കുകയും കൂട്ടംകൂടി നില്‍ക്കുകയും ചെയ്‌ത അംഗങ്ങള്‍ക്ക്‌ സ്‌പീക്കറുടെ ശാസന. ഇന്നലെ ശൂന്യവേളയിലാണ്‌ നടപടിക്രമം പാലിക്കാതെ അംഗങ്ങള്‍ സഭയില്‍ പെരുമാറുന്നതു ചൂണ്ടിക്കാട്ടി സ്‌പീക്കര്‍ എം.ബി. രാജേഷ്‌ താക്കീത്‌ നല്‍കിയത്‌.
ചോദ്യോത്തരവേള കഴിഞ്ഞ്‌ അടിയന്തരപ്രമേയത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍തന്നെ അംഗങ്ങള്‍ ഇരിപ്പിടങ്ങളില്‍നിന്ന്‌ എഴുന്നേറ്റ്‌ സഭയ്‌ക്കുള്ളില്‍ കൂട്ടം കൂടിനിന്ന്‌ സംസാരം തുടങ്ങി. അപ്പോള്‍ തന്നെ സ്‌പീക്കര്‍ എം.ബി. രാജേഷ്‌ ഇത്‌ ശരിയല്ലെന്നു ചൂണ്ടിക്കാട്ടി. ഇതു സഭയുടെ നടപടിക്രമങ്ങള്‍ക്കു വിരുദ്ധമാണെന്നും അംഗങ്ങള്‍ ഇരിപ്പിടങ്ങളില്‍ ഇരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
അതിനുശേഷം ശ്രദ്ധക്ഷണിക്കലിനായി കടകംപള്ളി സുരേന്ദ്രനെ സ്‌പീക്കര്‍ ക്ഷണിച്ചു. എച്ച്‌.എല്‍.എല്‍. സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട ശ്രദ്ധക്ഷണിക്കലിന്‌ മന്ത്രി പി. രാജീവ്‌ മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ വീണ്ടും അംഗങ്ങള്‍ കൂട്ടംകൂടി സ്‌പീക്കര്‍ക്ക്‌ പുറംതിരിഞ്ഞുനിന്ന്‌ സംസാരം ആരംഭിച്ചു. ഇത്‌ സഭയ്‌ക്കുള്ളില്‍ ബഹളത്തിനും വഴിവച്ചു. ഇതോടെയാണ്‌ സ്‌പീക്കര്‍ അംഗങ്ങള്‍ക്കു മുന്നറിയിപ്പ്‌ നല്‍കിയത്‌.
സഭയ്‌ക്കുള്ളില്‍ കൂട്ടം കൂടി നില്‍ക്കാനും ചെയറിന്‌ പുറംതിരിഞ്ഞു നില്‍ക്കാനും പാടില്ലെന്ന്‌ നിരവധി തവണ പറഞ്ഞിട്ടുള്ളതാണെന്ന്‌ അദ്ദേഹം ഓര്‍മിപ്പിച്ചു. ഇപ്പോള്‍ തന്നെ ഇതു രണ്ടാമത്തെ പ്രാവശ്യമാണു പറയുന്നത്‌.
ഇത്തരത്തില്‍ ഒരുദിവസം തന്നെ ഒരുകാര്യം രണ്ടുതവണ പറയിപ്പിക്കുന്നതു ശരിയല്ല. പ്രധാനപ്പെട്ട ഒരു വിഷയമാണ്‌ ഇവിടെ ചര്‍ച്ചചെയ്യുന്നത്‌. അതിലൊന്നും ആര്‍ക്കും താല്‍പ്പര്യമില്ല. രാഷ്‌ട്രീയവിഷയങ്ങളില്‍ മാത്രമേ താല്‍പ്പര്യമുള്ളൂവെന്നതു ശരിയല്ലെന്നും സ്‌പീക്കര്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here