ഗൂര്‍ഖാ ജീപ്പ്‌ ആംബുലന്‍സുകള്‍ക്കായി നീലിമലപ്പാതയില്‍ കല്ലുവിരിച്ചതോടെ ശബരിമലയാത്ര ഭക്‌തര്‍ക്കു കൂടുതല്‍ ദുഷ്‌കരമായി

0

പത്തനംതിട്ട : ഗൂര്‍ഖാ ജീപ്പ്‌ ആംബുലന്‍സുകള്‍ക്കായി നീലിമലപ്പാതയില്‍ കല്ലുവിരിച്ചതോടെ ശബരിമലയാത്ര ഭക്‌തര്‍ക്കു കൂടുതല്‍ ദുഷ്‌കരമായി. പരമ്പരാഗതപാതയിലെ പടിക്കെട്ടുകള്‍ മുഴുവന്‍ ഇളക്കിമാറ്റിയശേഷമാണു പമ്പ മുതല്‍ ശരംകുത്തിവരെ മൂന്നര കിലോമീറ്ററില്‍, രണ്ടടി വീതിയില്‍ കല്ലുപാകിയത്‌. പ്രതലം പരുക്കനല്ലാത്തതിനാല്‍ മല കയറാന്‍ ബുദ്ധിമുട്ടാണെന്നും വഴുതിവീഴാന്‍ സാധ്യതയുണ്ടെന്നും ഭക്‌തര്‍ പറയുന്നു.
അടിയന്തരഘട്ടങ്ങളില്‍ നീലിമല, അപ്പാച്ചിമേട്‌ പാതയില്‍ ഫോഴ്‌സ്‌ ഗൂര്‍ഖാ ജീപ്പ്‌ ആംബുലന്‍സുകള്‍ക്കു സൗകര്യമൊരുക്കാനാണു ഭക്‌തര്‍ക്ക്‌ ആശ്വാസമേകിയിരുന്ന പടിക്കെട്ടുകള്‍ ഒഴിവാക്കിയത്‌. നിലവില്‍ നീലിമല, അപ്പാച്ചിമേട്‌, സന്നിധാനം എന്നിവിടങ്ങളില്‍ കാര്‍ഡിയോളജി സെന്ററുകളുണ്ട്‌.
ട്രാക്‌റ്ററുകളും ഗൂര്‍ഖാ ജീപ്പുകളും സന്നിധാനത്തെത്തിയിരുന്നതു സ്വാമി അയ്യപ്പന്‍ റോഡിലൂടെയും ചന്ദ്രാനന്ദന്‍ റോഡിലൂടെയുമാണ്‌. കുത്തനെയുള്ള നീലിമല-അപ്പാച്ചിമേട്‌ പാതയില്‍ തിരക്കുള്ള സമയത്ത്‌ ജീപ്പ്‌ ഓടിക്കുന്നതു സാഹസികമാണ്‌. ശബരിമലയിലെ ആചാരാനുഷ്‌ഠാനങ്ങളെയും ഇത്‌ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി ക്ഷേത്രാചാരസംരക്ഷണസമിതി പ്രസിഡന്റ്‌ പി.ജി ശശികുമാര വര്‍മ ദേവസ്വം മന്ത്രിക്കു കത്ത്‌ നല്‍കി. ശബരിമല ആറാട്ടിനു പമ്പയിലേക്കുള്ള എഴുന്നള്ളിപ്പ്‌ ആനപ്പുറത്താണ്‌. കല്ലുപാകിയ പാതയിലൂടെ മലയിറങ്ങാന്‍ ആനയ്‌ക്കു കഴിയില്ലെന്നു കത്തില്‍ പറയുന്നു.

സന്നിധാനത്തേക്ക്‌ സാധനങ്ങള്‍ എത്തിക്കാനും മറ്റും റോപ്‌ വേ പരിഗണനയിലാണ്‌. വനംവകുപ്പിന്റെ അനുവാദം ഉടന്‍ ലഭിക്കുമെന്നാണു സൂചന. അടിയന്തരഘട്ടത്തില്‍ സന്നിധാനത്തുനിന്നു ഭക്‌തരെ പമ്പയിലെത്തിക്കാനും റോപ്‌ വേ ഉപയോഗിക്കാം. എന്നാല്‍, പമ്പയില്‍നിന്നു സന്നിധാനം വരെയുള്ള പാതയില്‍ റോപ്‌ വേയ്‌ക്കു സ്‌റ്റേഷന്‍ പോയിന്റ്‌ ഇല്ലാത്തതിനാലാണു ഗൂര്‍ഖാ ജീപ്പ്‌ ആംബുലന്‍സായി ഓടിക്കാന്‍ തീരുമാനിച്ചത്‌.
കേന്ദ്രസര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ 12 കോടി രൂപ ചെലവഴിച്ചാണു കല്ലുപാകുന്നതെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ അധികൃതര്‍ പറഞ്ഞു. ചെത്തിയൊരുക്കിയ കല്ലുകള്‍ കര്‍ണാടകയില്‍നിന്നാണ്‌ എത്തിച്ചത്‌. നിര്‍മാണത്തിന്റെ അവസാനഘട്ടമാണിപ്പോള്‍. അടുത്ത ശബരിമല തിര്‍ഥാടനകാലത്തിനു മുമ്പ്‌ പൂര്‍ത്തിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here