ലൈഫ്‌ മിഷന്‍ ഫ്‌ളാറ്റ്‌ നിര്‍മാണവുമായി ബന്ധപ്പെട്ട കോഴക്കേസില്‍ എം. ശിവശങ്കറിനെ സി.ബി.ഐ. വീണ്ടും ചോദ്യം ചെയ്യും

0

കൊച്ചി: വടക്കാഞ്ചേരി ലൈഫ്‌ മിഷന്‍ ഫ്‌ളാറ്റ്‌ നിര്‍മാണവുമായി ബന്ധപ്പെട്ട കോഴക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സി.ബി.ഐ. ചോദ്യം ചെയ്യും. സ്വര്‍ണക്കടത്തു കേസ്‌ പ്രതികളായ സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്‌ഥാനത്തിലാണു ചോദ്യംചെയ്യുന്നത്‌. സ്വപ്‌നയുടെ ലോക്കറില്‍നിന്നും കണ്ടെത്തിയ പണം ശിവശങ്കറിനു ലഭിച്ച കൈക്കൂലി പണമാണെന്ന നിഗമനത്തിലാണു സി.ബി.ഐ.
കൈക്കൂലിക്കേസില്‍ ശിവശങ്കറെ വിജിലന്‍സ്‌ അഞ്ചാം പ്രതിയാക്കിയിട്ടുമുണ്ട്‌. സ്വപ്‌ന സുരേഷ്‌, ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ വേണുഗോപാല്‍ അയ്യര്‍, യുണിടാക്ക്‌ ഉടമ സന്തോഷ്‌ ഈപ്പന്‍ എന്നിവരുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണു വിജിലന്‍സ്‌ ശിവശങ്കറെ പ്രതിചേര്‍ത്തത്‌. സന്തോഷ്‌ ഈപ്പന്‍ നല്‍കിയ കൈക്കൂലിയില്‍ നിന്നും തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ ഫിനാന്‍സ്‌ ഓഫീസര്‍ ഖാലിദ്‌, സ്വപ്‌ന സുരേഷിനു നല്‍കിയ ഒന്നര കോടി രൂപ ശിവശങ്കറിനു വേണ്ടിയുള്ള കൈക്കൂലിയാണെന്നാണു വിജിലന്‍സിന്റെയും ഇ.ഡിയുടെയും നിഗമനം. ഇക്കാര്യം സി.ബി.ഐയും പരിശോധിക്കും.
കൈക്കൂലി പണം ലോക്കറില്‍വയ്‌ക്കാന്‍ നിര്‍ദേശിച്ചതും ഇതിനായി ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റിനെ തനിക്കു പരിചയപ്പെടുത്തിയതും ശിവശങ്കറാണെന്നു സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്‌. കൈക്കൂലി നല്‍കിയ ശേഷം ശിവശങ്കറിനെ കണ്ടതായും ലൈഫ്‌മിഷന്‍ സി.ഇ.ഒ: യു.വി. ജോസിനെ മുറിയിലേക്കു വിളിച്ചു പരിചയപ്പെടുത്തിയതായും സന്തോഷ്‌ ഈപ്പനും സമ്മതിച്ചിട്ടുണ്ട്‌. ശിവശങ്കര്‍ പറഞ്ഞ പ്രകാരമാണു യുണിടാക്കിന്‌ എല്ലാ സഹായവും ചെയ്‌തു നല്‍കിയതെന്നാണു യു.വി. ജോസിന്റെ മൊഴി.

Leave a Reply