വകുപ്പുകൾ പരസ്പരം പഴിചാരി വർഷം ഒമ്പത് കഴിയാറായിട്ടും ചിങ്കക്കല്ലിലെ ആദിവാസികളുടെ വീട് നിർമാണ ഫയൽ ഇപ്പോഴും ജില്ല കലക്ടറുടെ മേശപ്പുറത്ത് വിശ്രമത്തിൽ

0

കാളികാവ്: വകുപ്പുകൾ പരസ്പരം പഴിചാരി വർഷം ഒമ്പത് കഴിയാറായിട്ടും ചിങ്കക്കല്ലിലെ ആദിവാസികളുടെ വീട് നിർമാണ ഫയൽ ഇപ്പോഴും ജില്ല കലക്ടറുടെ മേശപ്പുറത്ത് വിശ്രമത്തിൽ. ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് കോളനിയിലെ ഗീതയുടെയും സരോജിനിയുടെയും വീട് നിർമാണമാണ് തറ നിർമാണം പൂർത്തിയായ നിലയിൽ ഒമ്പതുവർഷം പിന്നിട്ടത്. ഫയലുകളിൽ വിവിധ വകുപ്പ് ജീവനക്കാർ അടയിരുന്ന് ഒമ്പതുവർഷം തള്ളിനീക്കിയ ശേഷമാണ് കലക്ടറുടെ മേശപ്പുറത്തുള്ളത്.

2013ൽ ഐ.ടി.ഡി.പി സഹായത്തോടെയുള്ള തറ നിർമാണം ഒരുവർഷത്തിലേറെ നീണ്ടു. തറപ്പണി പൂർത്തിയായ സമയത്ത് സ്ഥലംമാറി വന്ന വനംവകുപ്പ് നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ വനഭൂമിയിലാണ് വീട് നിർമിക്കുന്നതെന്ന് പറഞ്ഞ് നിർമാണം തടഞ്ഞു. ഈ കുരുക്കഴിക്കാൻ ആദിവാസികൾ ഇപ്പോഴും നെട്ടോട്ടമോടുകയാണ്.
തറ നിർമിച്ച ഭൂമിയുടെ അവകാശ രേഖ കുടുംബങ്ങൾക്ക് ലഭ്യമാക്കുന്നതിന് ഒമ്പതു വർഷമായിട്ടും അധികൃതർക്കായിട്ടില്ല. രണ്ട് മുഖ്യമന്ത്രിമാർ, മൂന്ന് വനം മന്ത്രിമാർ, ഒമ്പത് വർഷത്തിനിടെ എത്തിയ ജില്ല കലക്ടർമാർ തുടങ്ങിയവർക്കൊക്കെ പരാതി നൽകിയെങ്കിലും പ്രശ്നം പരിഹരിക്കാനായിട്ടില്ല. കാട്ടാനഭീതി നിലനിൽക്കുന്ന ഇവിടെ പ്ലാസ്റ്റിക്ക് കൊണ്ട് കെട്ടിമറച്ച ഷെഡിലാണ് പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള കുടുംബങ്ങൾ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here