തിരുവനന്തപുരത്തെ ലോഡിങ് മുറിയിൽ നടന്ന കൊലപാതകത്തിൽ പിടിയിലായവരിൽ ഒരാൾ പൂജാരി

0

തിരുവനന്തപുരം: തിരുവനന്തപുരത്തെ ലോഡിങ് മുറിയിൽ നടന്ന കൊലപാതകത്തിൽ പിടിയിലായവരിൽ ഒരാൾ പൂജാരി. അരുൺ ജി രാജീവ്, ദീപക് ലാൽ എന്നിവരെയാണ് പൊലീസിന്റെ ഷാഡോ ടീം പിടികൂടിയത്. ഇതിൽ അരുൺ ജി രാജീവാണ് പൂജാരി. വട്ടിയൂർക്കാവിന് സമീപത്തുള്ള മലമുകൾ എന്ന പ്രദേശത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. വട്ടിയൂർക്കാവ് നെട്ടയം കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ സജീവമാണ്. മലമുകളിൽ നിന്ന് വാടകയ്ക്ക് വീടെടുത്തവരാണ് നെട്ടയത്തെ മയക്കുമരുന്ന് കച്ചവടത്തിന് പിന്നിൽ. ഈ സംഘമാണ് പ്രതികൾക്ക് സുരക്ഷിത താവളം ഒരുക്കിയതെന്നാണ് സൂചന.

വട്ടിയൂർക്കാവ് മേലത്തുമേലയ്ക്കും മണികണ്‌ഠേശ്വരത്തിനും അടുത്താണ് പ്രതികൾ രണ്ടു പേരും താമസിക്കുന്നത്. ക്രിമിനൽ കേസുകളൊന്നും ഇല്ലെങ്കിലും മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ കേസുകൾ പൂജാരി കൂടിയായ അരുണിനെതിരെ ഉണ്ട്. അരുണിന്റെ കുടുംബത്തിലെ ചിലർ പൂജാ കർമ്മങ്ങൾ ചെയ്യുന്നുണ്ട്. ക്ഷേത്രത്തിലെ പൂജയുമുണ്ട്. ഇവർക്കൊപ്പം സഹായിയായി ഇയാൾ പോകാറുണ്ട്. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു ദിപക് ലാൽ. രണ്ടു പേരും തമ്മിൽ വളരെ അടുത്ത സൗഹൃദവുമുണ്ട്. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്ന രണ്ടു പേരേയും രാഷ്ട്രീയ പാർട്ടികൾ പോലും അടുപ്പിക്കാറില്ലെന്നതാണ് വസ്തുത. അത്രയും പ്രശ്‌നക്കാരും ശല്യക്കാരുമായിരുന്നു ഇവർ.

മയക്കുമരുന്ന് താൽപ്പര്യാണ് ഇവരെ മണിച്ചൻ ടീമുമായി അടുപ്പിച്ചിരുന്നത്. മദ്യപാനത്തിനിടെ പാട്ട് പാടുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആരാമം ലോഡ്ജിൽ കൊലയ്ക്ക് കാരണമായതെന്നാണ് ഇവരുടെ മൊഴി. എന്നാൽ ചുറ്റികയുമായാണ് ഇവർ ലോഡ്ജിൽ എത്തിയത്. ഇതിൽ നിന്നു തന്നെ മണിച്ചനെ കൊല്ലുകയെന്ന ഉദ്ദേശം ഇവർക്കുണ്ടായിരുന്നു. മണിച്ചനൊപ്പമുണ്ടായിരുന്ന ഹരികുമാറും ക്രിമനലാണ്. പൂജപ്പുര സ്റ്റേഷനിലെ റൗഡി. സ്റ്റീൽ രജീഷ് എന്നാണ് ഇയാളെ അറിയപ്പെടുന്നത്.

അറസ്റ്റിലായവരെ അരുവിക്കര പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. പേരൂർക്കട-വട്ടിയൂർക്കാവ്-അരുവിക്കര സ്റ്റേഷനുകൾ ചേരുന്ന ഭാഗങ്ങളിലെ ഗുണ്ടാ പകയാണ് എല്ലാ പ്രശ്‌നത്തിനും കാരണം. പ്രതികളും മണിച്ചും ഹരികുമാറും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വഴക്കുണ്ടാകുകയും തുടർന്ന് കൊലപാതകം നടക്കുകയുമായിരുന്നു. പ്രതികൾ ചുറ്റികയുമായാണ് മദ്യപിക്കാൻ എത്തിയത്. ഇതിൽ നിന്ന് തന്നെ മണിച്ചനെ വകവരുത്തുകയെന്ന ലക്ഷ്യം ഇവർക്കുണ്ടായിരുന്നുവെന്ന് വ്യക്തമാണ്.

ലോഡ്ജ് മുറിയിൽ സംഘം ചേർന്നുള്ള മദ്യപാനം പതിവായിരുന്നു. കൊല്ലപ്പെട്ട മണിച്ചൻ 2011ൽ നടന്ന വഴയില ഇരട്ടക്കൊലക്കേസിലെ പ്രതിയായതിനാൽ എന്തെങ്കിലും ഗൂഢാലോചനയുണ്ടോയെന്നും പരിശോധിച്ച് വരികയാണെന്ന് റൂറൽ എസ്‌പി ദിവ്യ ഗോപിനാഥ് പറഞ്ഞു. മണിച്ചൻ പേരൂർക്കട പൊലീസ് സ്റ്റേഷനിലേയും ഹരികുമാർ പൂജപ്പുര സ്റ്റേഷനിലേയും ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണെന്നും അതിനാൽ തന്നെ സംഭവത്തിൽ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുൾപ്പെടെ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ബുധനാഴ്ച രാത്രി 9:30 നാണ് സംഘർഷവും കൊലപാതകവും നടന്നത്. കൊല്ലപ്പെട്ട മണിച്ചന് ഒപ്പം മദ്യപിക്കുകയായിരുന്നു ഹരികുമാറും അരുണും ദീപക്കും. ഇതിനിടെ വഴക്കുണ്ടാകുകയും അരുണും ദീപക്കും ചേർന്ന് മണിച്ചനേയും ഹരികുമാറിനേയും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് തലയ്ക്ക് ചുറ്റികയക്ക് അടിക്കുകയും ചെയ്തു. ഇതിന് ശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പൊലീസ് എത്തിയാണ് പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മണിച്ചൻ ആശുപത്രിയിൽ ചികിത്സയലിരിക്കെ വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹരികുമാർ ചികിത്സയിൽ തുടരുകയാണ്. ഹരികുമാറിന്റെ മൊഴി കൂടി രേഖപ്പെടുത്തിയാൽ മാത്രമേ കേസിൽ കൂടുതൽ വ്യക്തതയുണ്ടാകുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here