കണ്ണൂരിലെ 5 പഞ്ചായത്തുകളില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

0

കണ്ണൂർ: കണ്ണൂരിലെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ ആചരിക്കുന്നു. വനാതിർത്തിയിലെ പരിസ്ഥിതിലോല മേഖല പ്രഖ്യാപനത്തിനെതിരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എൽഡിഎഫും സർവ്വകക്ഷി കർമ്മ സമിതിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, അയ്യൻകുന്ന് എന്നീ 5 മലയോര പഞ്ചായത്തുകളിലാണ് ഹർത്താൽ. ജനവാസ മേഖലകളെ ബഫർസോൺ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ ഭാ​ഗമാണ് ഹർത്താൽ. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.

വൈകിട്ട് അഞ്ചിന് ഇരിട്ടിയിൽ നടക്കുന്ന ബഹുജന റാലി തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. ദൂരപരിധി നിശ്ചയിക്കാനുളള അവകാശം സംസ്ഥാനങ്ങൾക്ക് നൽകുക, ജനവാസ മേഖലയേയും, കൃഷി ഭൂമിയേയും പൂർണമായി സംരക്ഷിക്കുന്നതിനാവശ്യമായ നിയമനിർമാണം കേന്ദ്ര സർക്കാർ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം. ജൂൺ 16ന് യുഡിഎഫ് ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂരിൽ കനത്ത ജാഗ്രത

കണ്ണൂർ: സംസ്ഥാനത്ത് സംഘർഷം കനക്കുന്നതിന് ഇടയിൽ കണ്ണൂരിൽ കനത്ത ജാഗ്രത. നേതാക്കളുടെ വീടിന് നേരെ ബോംബേറ് ഉണ്ടാകുമെന്ന് ഇന്റലിജൻസ് വിവരം. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റേതുൾപ്പെടെയുള്ള വീടുകളുടെ സുരക്ഷ വർധിപ്പിച്ചു.

ഇടത് മുന്നണി കൺവീനർ ഇ പി ജയരാജന്റെയും കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും വീടുകളുടേയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണ സാധ്യതയെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്ന് ഓഫീസുകളുടെ സുരക്ഷയും വർധിപ്പിച്ചു. മറ്റിടങ്ങളിൽ നിന്നും കൂടുതൽ പൊലീസിനെ ജില്ലയിലേക്ക് വിന്യസിക്കും.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പരക്കെ സംഘർഷമുണ്ടായി. സിപിഎം നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ കെപിസിസി ആസ്ഥാനമടക്കം ആക്രമിക്കപ്പെട്ടു. ചിലയിടത്ത് കോൺഗ്രസും തിരിച്ചടിച്ചു.

കോൺഗ്രസ് അക്രമം തുടർന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ പാർട്ടിക്ക് ഏറ്റെടുക്കേണ്ടിവരുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതികരിച്ചത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വെച്ച് നടന്ന അക്രമ ശ്രമത്തിൽ സമാധാനപരമായ ശക്തമായ പ്രതിഷേധം ഉയരണം. വിമാനത്തിൽ കയറി യാത്രക്കാരെ അക്രമിക്കുക എന്നത് ഭീകരവാദ സംഘടനകൾ സ്വീകരിക്കുന്ന വഴിയാണ്. ആ വഴിയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ഇവിടെ തെരഞ്ഞെടുത്തിട്ടുള്ളത്.

ഒരുഭാഗത്ത് ജനാധിപത്യത്തെ സംബന്ധിച്ച് പ്രസംഗിക്കുകയും, മറുഭാഗത്ത് ബോധപൂർവ്വമായി അക്രമങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്ന നടപടിയാണ് ഇവിടെയും കോൺഗ്രസ് സ്വീകരിക്കുകയും ചെയ്തിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രതികരണത്തിൽ പറയുന്നു.

കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം ഉയർന്നതിന് പിന്നാലെ തലസ്ഥാനത്ത് അരങ്ങേറിയത് സമാനകളിലാത്ത തെരുവുയുദ്ധം. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചു. വെള്ളയമ്പലത്തെ സി.ഐ.ടി.യുവിന്റെ ഓഫീസ് കോൺഗ്രസ് പ്രവർത്തകരും തിരിച്ചു ആക്രമിച്ചു. സി.പി.എം – കോൺഗ്രസ് പ്രവർത്തകർ നേർക്കുനേർ ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയത് തലസ്ഥാനത്തെ മുൾമുനയിൽ നിർത്തി. കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കുന്നു.

വിശദീകരണം തേടി ഡിജിപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിപാടികളിൽ നിന്ന് കറുത്ത മാസ്ക് ഊരി വയ്പ്പിച്ചതെന്തിന്? പൊതുജനങ്ങളിൽ നിന്ന് അടക്കം കറുത്ത മാസ്ക് നീക്കം ചെയ്യിച്ചതിൽ നാല് ജില്ലാ എസ്പിമാരോട് ഡിജിപി അനിൽകാന്ത് വിശദീകരണം തേടി. കണ്ണൂർ, കോഴിക്കോട്, കോട്ടയം, തൃശ്ശൂർ എന്നീ ജില്ലകളിലെ എസ്പിമാരോടാണ് വിശദീകരണം തേടിയത്. സംഭവം വിവാദമായതോടെ കറുത്ത മാസ്ക് വയ്ക്കരുതെന്ന വിലക്കില്ലായിരുന്നുവെന്നാണ് പൊലീസ് അനൗദ്യോഗികമായെങ്കിലും വിശദീകരിക്കുന്നത്.

വ്യാപക പ്രതിഷേധം ഉയർന്നതോടെ ഇന്നലെയാണ് കറുപ്പ് മാസ്കിനുള്ള അപ്രഖ്യാപിത നിരോധനം പൊലീസ് പിൻവലിച്ചത്. കണ്ണൂരിൽ ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുകളിൽ കറുപ്പ് മാസ്ക് അഴിപ്പിച്ചില്ല. സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾ വെളിപ്പെടുത്തൽ നടത്തുകയും വലിയ വിവാദമുണ്ടാകുകയും പ്രതിപക്ഷം പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്ത പശ്ചാത്തലത്തിൽ കറുപ്പ് മാസ്കിനും വസ്ത്രത്തിനും ഞായറാഴ്ച മുതൽ വിവിധ പരിപാടികളിലായി പൊലീസ് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നു. പലരുടെയും കറുപ്പ് മാസ്ക് അഴിപ്പിച്ചു. പകരം മാസ്ക് നൽകി. കറുത്ത വസ്ത്രം ധരിച്ചവരെ പരിപാടികളിലേക്ക് കടത്തി വിട്ടില്ല. ഇതിനെല്ലാം പകരമായി കറുത്ത മാസ്കും വസ്ത്രവും ധരിച്ചെത്തിയായിരുന്നു പ്രതിപക്ഷ എംഎൽഎമാർ അടക്കമുള്ളവരുടെയും, പ്രവർത്തകരുടെയും പ്രതിഷേധം.

ആ വിലക്ക് എന്തായാലും തളിപ്പറമ്പിലെ പരിപാടിയിൽ ഇന്നലെ ഉണ്ടായില്ല. കിലയിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ കറുത്ത മാസ്കും വേഷവും ധരിച്ചവർക്ക് ഒരു തടസ്സവുമില്ലാതെ സദസ്സിൽ വന്നിരിക്കാനായി.

കറുത്ത മാസ്കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ശനിയാഴ്ച തെന്നെ അറിയിച്ചിരുന്നു. എങ്കിലും ഇന്നലെ മലപ്പുറത്തും പോലീസ് കറുത്ത മാസ്ക് അഴിപ്പിച്ചിരുന്നു. പോലീസ് നടപടിയെ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ന്യായീകരിക്കുക കൂടി ചെയ്തതോടെ സംഭവം പാർട്ടി കേന്ദ്രങ്ങളിൽ തന്നെ ഇത് വലിയ ചർച്ച ആയിരുന്നു. പൗരാവകാശ ലംഘനം ചൂണ്ടിക്കാട്ടി ചിലർ കോടതിയെ സമീപിക്കാനും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരിൽ കറുപ്പ് മാസ്ക് വിലക്ക് പോലീസ് ഒഴിവാക്കിയത്.

‘ആരെയും വഴി തടയില്ല, കറുത്ത വസ്ത്രത്തിന് വിലക്കില്ല’

ആരെയും വഴി തടഞ്ഞുകൊണ്ട് തനിക്ക് സുരക്ഷയൊരുക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കണ്ണൂരിലെ പൊതുപരിപാടിയിൽ പറഞ്ഞിരുന്നു. ഒരു കൂട്ടർ പൊലീസ് വഴി തടയുന്നുവെന്നും, ചില പ്രത്യേക തരം വസ്ത്രങ്ങൾ പാടില്ലെന്നും നിർദേശിച്ചുവെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുകയാണ്. ചില ശക്തികൾ നിക്ഷിപ്തതാത്പര്യത്തോടെ വ്യാജപ്രചാരണം നടത്തുകയാണെന്നും അതിന്റെ ഭാഗമായാണ് കറുത്ത മാസ്‌കും വസ്ത്രവും തടയുന്നു എന്ന പ്രചാരണമെന്നും ഇന്നലെ കണ്ണൂരിൽ നടന്ന ഗ്രന്ഥശാല പ്രവർത്തകസംസ്ഥാന സംഗമത്തിൽ പ്രസംഗിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകളിങ്ങനെ:

മാറ് മറയ്ക്കാനും വഴി നടക്കാനുമുള്ള അവകാശം സമരം ചെയ്ത് നേടിയെടുത്തതാണ് കേരളത്തിലുള്ള ഒരു വിഭാഗം ജനത. അങ്ങനെ സമരം ചെയ്ത ചരിത്രമുള്ള കേരളത്തിൽ ഇവിടെയെന്തോ വഴി തടയുകയാണ് എന്ന് പറയുന്ന കൊടുമ്പിരിക്കൊണ്ട പ്രചാരണം നടക്കുന്നു. ഈ നാട്ടിൽ വഴി നടക്കാനുള്ള സ്വാതന്ത്ര്യം ഒരു കൂട്ടർക്കും നിഷേധിക്കുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകില്ല. പഴയ ചിന്താഗതിയോടെ സമൂഹത്തിൽ ഇടപെടുന്ന ചില ശക്തികൾ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ പ്രബുദ്ധകേരളം അതൊന്നും സമ്മതിക്കില്ല.

ഈ പരിപാടിയിൽപങ്കെടുത്ത പലരും പല തരത്തിൽ വസ്ത്രം ധരിച്ചവരാണ്. കുറച്ച് ദിവസമായി കൊടുമ്പിരിക്കൊണ്ട മറ്റൊരു പ്രചരണം, സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുമാറ് ഉയർന്ന് വന്ന പ്രചാരണം, ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം കേരളത്തിൽ ധരിക്കാൻ പാടില്ല എന്നതാണ്. മാസ്കും വസ്ത്രവും കറുത്ത നിറത്തിലുള്ളത് പറ്റില്ല എന്നതാണ് പ്രചാരണം. കേരളത്തിലേതൊരാൾക്കും ഇഷ്ടമുള്ള രീതിയിലും നിറത്തിലും വസ്ത്രം ധരിക്കാൻ അവകാശമുണ്ട്. നേരത്തേ മുട്ടിന് താഴെ മുണ്ടുടുക്കാൻ അവകാശമില്ലാതിരുന്ന, മാറ് മറയ്ക്കാൻ അവകാശമില്ലാതിരുന്ന പലരും പല പോരാട്ടങ്ങളും കേരളത്തിൽ നടത്തിയിട്ടുണ്ട്. അതിന്‍റെ ഭാഗമായാണ് നമ്മുടെ നാട് മാറിയത്. ഇവിടെ അത്തരമൊരു അവകാശം ഹനിക്കുന്ന പ്രശ്നമേയില്ല. എത്ര മാത്രം തെറ്റിദ്ധാരണാജനകമായാണ് ചില ശക്തികൾ നിക്ഷിപ്തതാത്പര്യത്തോടെയാണ് ചില കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. അതിന്‍റെ ഭാഗമായാണ് കറുത്ത വസ്ത്രം, മാസ്ക് ധരിക്കരുത് എന്ന് കേരളത്തിലെ സർക്കാർ നിലപാടെടുത്തു എന്ന പ്രചാരണം നടത്തുന്നത്.

കേരളത്തിൽ ഇടതുപക്ഷസർക്കാരാണ്. കേരളത്തിൽ ഇന്ന് കാണുന്ന എല്ലാ പ്രത്യേകതകളും നേടിയെടുക്കുന്നതിന്‍റെ മുൻപന്തിയിൽ ഇടതുപക്ഷമായിരുന്നു. ആ സർക്കാർ നിലനിൽക്കുമ്പോൾ കേരളത്തിൽ ഒരു പ്രത്യേകവസ്ത്രം ധരിക്കാൻ പറ്റില്ല എന്ന നിലപാടുണ്ടാകില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ മറ്റൊന്നും കിട്ടാത്തതുകൊണ്ട് കള്ളക്കഥകളെ ആശ്രയിക്കുന്ന കാലമാണിത്. ഇതെല്ലാം നുണപ്രചാരണങ്ങളാണെന്ന് തിരിച്ചറിയണം. നമ്മുടെ നാടിന്‍റെ പ്രത്യേകത എല്ലാ തരത്തിലും കാത്ത് സൂക്ഷിക്കാൻ സർക്കാർ ഒപ്പമുണ്ടാകും, ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ് അക്കാര്യത്തിൽ. കള്ളക്കഥകൾ മെനയുന്ന ശക്തികൾക്കെതിരെ പ്രവർത്തിക്കാനും നല്ല നടപടിയെടുക്കാനും ഞങ്ങൾ മുന്നിലുണ്ടാകും – മുഖ്യമന്ത്രി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here