മലയാളസിനിമയിലെ അഭിനയത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ ഭാസ്കർ

0

മലയാളസിനിമയിലെ അഭിനയത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ ഭാസ്കർ. മോഹൻലാൽ നായകനായ നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിൽ നായികയായി ഐശ്വര്യ തിളങ്ങി. നടി ലക്ഷ്മിയുടെ മകൾ കൂടിയായ ഐശ്വര്യ തെന്നിന്ത്യൻ ഭാഷകളിൽ ഒട്ടേറെ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിരുന്നു. എന്നാൽ ഇവരുടെ ഇപ്പോഴത്തെ അവസ്ഥയാണ് അമ്പരപ്പിക്കുന്നത്. തെരുവുകളിൽ സോപ്പ് വിറ്റാണ് ഐശ്വര്യ ഇപ്പോൾ ജീവിക്കുന്നത്. ജോലിയില്ലാത്തതിനാലാണ് താൻ ഇത് ചെയ്ത് ജീവിക്കുന്നതെന്നാണ് നടി പറയുന്നത്. തമിഴ് ഓണ്‍ലൈന്‍ മാധ്യമമായ ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

‘എനിക്ക് ജോലിയില്ല. സാമ്പത്തികമായി ഒന്നുമില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തിൽ ഞാൻ മാത്രമേയുള്ളൂ. മകൾ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസിൽ ജോലി തന്നാൽ അതും ഞാൻ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാൻ തിരികെപ്പോകും’ ഐശ്വര്യ പറയുന്നു.

പിച്ചയെടുത്താല്‍ പോലും ക്ഷേത്രത്തില്‍ പോയി എടുക്കാം. അതില്‍ തെറ്റില്ല. കാണുന്നവരുടെയടുത്ത് പോകരുത്. എനിക്കൊരു സാമ്പത്തിക സ്ഥിരതയുണ്ടാകണമെങ്കില്‍ ഒരു മെഗാ സീരിയല്‍ കിട്ടണം. അങ്ങനെയാണ് ഇത്ര വര്‍ഷവും ഞാന്‍ ജീവിച്ചത്. സിനിമ കൊണ്ടല്ല. എന്റെ തകര്‍ച്ച നിങ്ങളാരും കാണില്ല. എന്റെ സന്തോഷം മാത്രമേ നിങ്ങള്‍ക്ക് കാണാന്‍ കഴിയൂ. ഞാന്‍ പബ്ലിക്കില്‍ ചിരിക്കുകയും എന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഞാന്‍ കരയുകയും ചെയ്യും. എന്റെ ദൗര്‍ബല്യം മറ്റുള്ളവര്‍ക്ക് ഗുണമാണ്. വരാനുള്ള പണം എങ്ങനെയാണെങ്കിലും വരും.

എന്റെ കുടുംബത്തിന് വേണ്ടിയാണ് പണം ചെലവഴിച്ചത്. മദ്യപാനത്തിലോ, സ്വന്തത്തിനു വേണ്ടിയോ ചെലവഴിച്ചിട്ടില്ല. അഭിനയം ആരംഭിച്ച് മൂന്നു വര്‍ഷത്തിന് ശേഷം വിവാഹം നടന്നു. അതോടെ സിനിമ വിട്ടുപോയി. രണ്ടാം ചാന്‍സില്‍ വന്ന് ഹീറോയിന്‍ ആകാന്‍ എല്ലാവര്‍ക്കും നയന്‍താരയുടെ ഗ്രാഫ് വരില്ലല്ലോ. സിനിമ കൊണ്ടല്ല, സീരിയല്‍ കൊണ്ടാണ് ജീവിച്ചത്. ഇനിയൊരു മെഗാ സീരിയല്‍ കിട്ടാതെ ജീവിതം ട്രാക്കിലാകില്ല.’ ഐശ്വര്യ പറഞ്ഞു.

തനിക്ക് സിനിമകൾ ചെയ്യാൻ താൽപര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ കൂട്ടിച്ചേർത്തു. അതോടൊപ്പം വിവാഹമോചനത്തെക്കുറിച്ചും നടി മനസ്സുതുറന്നു. തൻവീർ അഹമ്മദായിരുന്നു ഐശ്വര്യയുടെ ഭർത്താവ്. 1994 ൽ ഇവർ വിവാഹിതരാവുകയും മൂന്ന് വർഷത്തിനപ്പുറം വിവാഹമോചിതരാവുകയും ചെയ്തു.
വിവാഹമോചനം എന്നെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേക്കും ഈ ബന്ധം ശരിയാകില്ലെന്ന് തോന്നിയിരുന്നു. കുഞ്ഞിന് ഒന്നരവയസ്സ് ആയപ്പോഴേക്കും പിരിഞ്ഞു. വിവാഹമോചനത്തിന് ശേഷം പ്രണയബന്ധങ്ങളുണ്ടായിരുന്നു. എന്നാൽ ഒന്നും ശരിയായില്ല. ചില പുരുഷൻമാർക്ക് ഐ ലവ് യൂ, എന്ന് പറഞ്ഞാൽ പിന്നെ നിയന്ത്രണങ്ങളായി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പോലും സമ്മതിക്കുകയില്ല. നമ്മൾ കാശ് മുടക്കി വാങ്ങിയ വസ്ത്രം ഇടാൻ സാധിക്കില്ലെന്നോ, പോടാ എന്ന് പറയും.

ആൺകുട്ടികൾ എന്തിനാണ് കാമുകിയിലും ഭാര്യയിലും അമ്മ സങ്കൽപ്പങ്ങൾ തേടുന്നതെന്ന് ഐശ്വര്യ ചോദിക്കുന്നു. അമ്മയെപ്പോലെ വേണമെങ്കിൽ, നിങ്ങൾ അമ്മയുടെ അടുത്ത് തന്നെ പോകണം. അത് ഭാര്യയിൽ പ്രതീക്ഷിക്കരുത്- ഐശ്വര്യ പറഞ്ഞു.
അമിതഉത്കണ്ഠ തുടങ്ങിയ മാനസികാസ്വസ്ഥ്യങ്ങൾക്ക് ചികിത്സ തേടുന്നുണ്ടെന്നും ഐശ്വര്യ പറഞ്ഞു. സുഹൃത്തുക്കളുടെ പിന്തുണയും യോഗയും തനിക്ക് ഇപ്പോൾ വലിയ ആശ്വാസം നൽകുന്നുവെന്നും സ്ഥിരമായി ഇപ്പോൾ മരുന്നു കഴിക്കാറില്ലെന്നും ഐശ്വര്യ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here