കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ വീണ്ടും കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസ് കുടുങ്ങി

0

കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ വീണ്ടും കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസ് കുടുങ്ങി. തൂണുകളില്‍ ഉരഞ്ഞ് വാഹനത്തിന്റെ വിന്‍ഡോ ഗ്ലാസുകള്‍ പൊട്ടിയിട്ടുണ്ട്. ബസ് നടക്കാവിലെ കെഎസ്ആര്‍ടിസി റീജ്യണല്‍ വര്‍ക്ക് ഷോപ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ബംഗളൂരുവില്‍ നിന്നെത്തിയ ബസാണ് കുടുങ്ങിയത്.

ഇന്നലെയും കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിനകത്ത് തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങിയിരുന്നു. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ തൂണിന് ചുറ്റുമുള്ള ഇരുമ്പ് വളയം നീക്കം ചെയ്താണ് ബസ് പുറത്തേക്ക് എടുത്തത്. അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബസ് പുറത്തേക്ക് ഇറക്കാനായത്.

കോഴിക്കോട് ബസ് സ്റ്റാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ അവസാനിക്കാത്ത പശ്ചാത്തലത്തിലാണ് പുതിയ വിവാദങ്ങളുയരുന്നത്. ബസുകള്‍ വരെ കഷ്ടപ്പെട്ടാണ് തൂണുകള്‍ക്കിടയില്‍ പാര്‍ക്ക് ചെയ്യാറ്. ഇത്തരത്തില്‍ പാര്‍ക്ക് ചെയ്ത കെ സ്വിഫ്റ്റ് ബസാണ് ഇന്നലെയും ഇന്നും കുടുങ്ങിയത്. ബസുകള്‍ പാര്‍ക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടിനെതിരെ മുന്‍പും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
അതേസമയം കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിനകത്ത് തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി സ്വിഫ്റ്റ് മാനേജ്മെന്റ്. വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം അന്വേഷണം നടത്തുമെന്നും സിഎംഡി വ്യക്തമാക്കി.

തുടർച്ചയായുള്ള കെ സ്വിഫ്റ്റ് അപകടങ്ങളുടെ ഉത്തരവാദിത്തം മാനേജ്‌മെന്റിനാണെന്ന് കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനയായ കെഎസ്ആര്‍ടിഇഎ (സിഐടിയു) ആരോപിച്ചിരുന്നു. പരിചയമില്ലാത്ത ഡ്രൈവര്‍മാരെയാണ് കെ സ്വിഫ്റ്റ് ഓടിക്കാന്‍ നിയോഗിച്ചതെന്ന് കെഎസ്ആര്‍ടിഇഎ വര്‍ക്കിങ്ങ് പ്രസിഡന്റ് സി കെ ഹരികൃഷ്ണന്‍ ആരോപിച്ചു. മികച്ച ഡ്രൈവര്‍മാര്‍ കെഎസ്ആര്‍ടിസിയിലുണ്ടായിട്ടും എടുത്തില്ല. കെ സ്വിഫ്റ്റ് അപകടങ്ങള്‍ മനപൂര്‍വ്വം ഉണ്ടാക്കുന്നതാണോയെന്ന് സംശയമുണ്ട്. അപകടങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സിഐടിയു ആവശ്യപ്പെട്ടിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here