സംസ്ഥാനത്തെ സ്കൂളുകളിൽ അധിക തസ്തിക / ഡിവിഷൻ സൃഷ്ടിക്കു‍ന്നതിന് ഇനി സർക്കാരിന്റെ മുൻകൂർ അനുമതി വേണം

0

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്കൂളുകളിൽ അധിക തസ്തിക / ഡിവിഷൻ സൃഷ്ടിക്കു‍ന്നതിന് ഇനി സർക്കാരിന്റെ മുൻകൂർ അനുമതി വേണം. എയ്ഡഡ് അധ്യാപക ഒഴിവുകളിൽ സ്ഥിരം നിയമനത്തിനും മുൻകൂർ അനുമതി നിർബന്ധമാക്കി കേരള വിദ്യാഭ്യാസ ചട്ടം (കെഇആർ) സർക്കാർ ഭേദഗതി ചെയ്തു.

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാട്ടി അധ്യാപക തസ്തിക സൃഷ്ടിക്കുന്ന സംഭവങ്ങൾ ആവർത്തിച്ച സാഹചര്യത്തിലാണു കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള ചട്ടഭേദഗതി. ഇതു നിലവിൽ വന്നതോടെ അധ്യാപക നിയമനം സംബന്ധിച്ച വ്യവസ്ഥകൾക്കും നിയമ പ്രാബല്യമായി.

സ്കൂൾ പ്രവേശനത്തിൽ കള്ള‍ക്കണക്കു കണ്ടെത്തിയാൽ ഇനി മുതൽ ക്ലാസ് അധ്യാപകർക്കും പ്രധാനാധ്യാപക‍ർക്കുമാണ് ഉത്തരവാ‍ദിത്തം. സ്കൂൾ പട്ടികയിലുള്ള കുട്ടി തുടർച്ചയായി 15 ദിവസം ഹാജരായില്ലെങ്കിൽ ഇക്കാര്യം ക്ലാസ് അധ്യാപകർ പ്രധാനാധ്യാപകർക്കു റിപ്പോ‍ർട്ടു ചെയ്യണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തി. കുട്ടികളുടെ വിഷയം പ്രാദേശിക അധികൃതരുമായി സംസാരിച്ച് തീർപ്പാക്കണം.

അധിക തസ്തിക അനുവദിക്കു‍ന്നതിലോ നിലവിലെ തസ്തിക നിലനിർത്തുന്ന‍തിലോ കുട്ടികളുടെ എണ്ണം കൂടുതലായി കാണിച്ചതായി ബോധ്യപ്പെട്ടാൽ കാരണക്കാരായ മാനേജർ, വിദ്യാഭ്യാസ ഓഫിസർമാർ, ഹെ‍ഡ് മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ എന്നിവർക്കെതിരെ നടപടിയുണ്ടാകും. ഇതു വഴി സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടവും ഇവരിൽ നിന്നു തിരിച്ചു പിടിക്കാനും വ്യവസ്ഥയുണ്ട്.

കൃത്രിമം കാട്ടിയാൽ ക്ലാസ് ടീച്ചർ കുടുങ്ങും

കുട്ടിയുടെ ഹാജർ രേഖപ്പെടുത്തു‍ന്നതിൽ കൃത്രിമം കാട്ടിയാൽ ക്ലാസ് ടീച്ചർക്കാണ് വ്യക്തിപരമായ ഉത്ത‍രവാദിത്തം. അധിക ഡിവിഷൻ / തസ്തിക ആവശ്യമെങ്കിൽ വിദ്യാഭ്യാസ ഓഫിസർ മുൻകൂട്ടി അറിയിക്കാതെ സന്ദർശനം നടത്തി ഹാജ‍രുള്ളതും ഇല്ലാത്തതുമായ കുട്ടികളുടെ എണ്ണം യുഐഡി അധിഷ്ഠിതമായി പരിശോധിച്ച് ഉറപ്പാക്കണം.

അധിക തസ്തിക ആവശ്യമെന്നു കണ്ടെത്തിയാൽ, സർക്കാരിന്റെ അനുമതിക്കായി ജൂലൈ 15 നു മുൻപു വിദ്യാഭ്യാസ ഡയറക്ടർക്ക് ‘സമന്വയ’ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ലഭിച്ചാൽ ഡയറക്ടർ, സൂപ്പർ ചെക് ഓഫിസറെയോ സർക്കാർ നിശ്ചയിക്കുന്ന മറ്റ് ഉദ്യോഗസ്ഥനെയോ നിയോഗിച്ച് പരിശോധന നടത്തണം.

പരിശോധന സംബന്ധിച്ച സത്യവാങ്മൂലവും ശുപാർശയും സഹിതം വിദ്യാഭ്യാസ ഡയറക്ടർ ഓഗസ്റ്റ് 5 നു മുൻപ് സർക്കാരിലേക്ക് ‘സമന്വയ’ പോർട്ടൽ മുഖേന റിപ്പോ‍ർട്ടു സമർപ്പിക്കണം. ഇതു പരിശോധിച്ച ശേഷമാണ് പോർട്ടൽ വഴി സെപ്റ്റംബർ 30നകം അധിക ഡിവിഷൻ / തസ്തിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കുക.

ഒക്ടോബർ ഒന്നിനു മുൻപു നിയമനം നടത്തണം. ജൂലൈ 15 കണക്കാക്കിയാണ് ഒഴിവുള്ള തസ്തികകൾ നിർണയിക്കുക. സൂപ്പർ ചെക് ഓഫിസർക്കും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനും ഏതു സമയത്തും സ്കൂളിൽ പരിശോധന നടത്താനും അധികാരമുണ്ട്.

Leave a Reply