മോഷണം പോയ മൊബൈൽ ഫോൺ 24 മണിക്കൂറിനുള്ളിൽ തിരികെ വീട്ടിലെത്തിച്ച് ഇരുപത്തിമൂന്നുകാരി; ജസ്ന നാട്ടിലെ താരമായത് ഇങ്ങനെ..

0

മാള: മോഷണം പോയ മൊബൈൽ ഫോൺ 24 മണിക്കൂറിനുള്ളിൽ തിരികെ വീട്ടിലെത്തിച്ച ഇരുപത്തിമൂന്നുകാരിയാണ് ഇപ്പോൾ നാട്ടിലെ താരം. പൂപ്പത്തി സ്വദേശിനി ഇളന്തുരുത്തി ജസ്‌ന സുബ്രഹ്മണ്യനാണ് തന്റെ അന്വേഷണാത്മക ബുദ്ധി കൊണ്ട് സ്വന്തം മൊബൈൽ ഫോൺ വീണ്ടെടുത്തത്. ആയുർവേദ ഉൽപ്പന്നങ്ങളുടെ ഡയറക്ട് മാർക്കറ്റിം​ഗ് നടത്തുന്ന ചെറുപ്പക്കാരൻ മോഷ്ടിച്ച മൊബൈൽ ഫോൺ കമ്പനിയുടെ മാനേജർ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി ജസ്നക്ക് കൈമാറുകയായിരുന്നു.

ഈ മാസം 23നു വൈകിട്ടാണ് വീടിന്റെ ഉമ്മറത്ത് നിന്നും ജസ്നയുടെ മൊബൈൽ ഫോൺ മോഷണം പോയത്. സമീപത്തെ കുഞ്ഞിക്കുട്ടൻ എന്നയാളുടെ ഫോണും ഇതേ സമയം നഷ്ടപ്പെട്ടതായി കണ്ടെത്തിയതോടെ മോഷ്ടാവിനെ പിടികൂടാൻ ജസ്ന ഉറപ്പിച്ചു. സമീപത്തെ വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആയുർവേദ ഉൽപന്നങ്ങളുമായി ഒരു ചെറുപ്പക്കാരൻ ഇതേ സമയം പരിസരത്തെ വീടുകളിൽ എത്തിയതായി മനസ്സിലാക്കി.

ഇതോടെ ജസ്ന മാള പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. മടങ്ങും വഴി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ഇതേ വസ്തുക്കൾ വിൽപന നടത്തുന്നവരെ കണ്ടെത്തി. ഇവരുമായി വിവരം പങ്കുവച്ചു. ഇവരിൽ നിന്നു കമ്പനി മാനേജരുടെ നമ്പർ വാങ്ങി. അയൽ വീട്ടുകാരിൽ നിന്നു ലഭ്യമായ വിവരമനുസരിച്ച് മോഷ്ടാവിന്റെ ലക്ഷണങ്ങൾ വിവരിച്ചു.

മാനേജർ നാലു പേരുടെ ചിത്രം ജസ്‌നയ്ക്ക് നൽകി. ഇതുമായി പൂപ്പത്തിയിലെത്തി സമീപത്തെ വീടുകളിലെത്തി കാണിച്ച് പ്രതിയെ ഉറപ്പിച്ചു. മാനേജരോട് ഇയാളെന്ന് വ്യക്തമാക്കി. മാനേജർ ചോദ്യം ചെയ്തപ്പോൾ മോഷ്ടാവ് കുറ്റം സമ്മതിച്ചു. ജസ്നയുടെ മൊബൈൽ മാനേജർക്കു നൽകിയശേഷം ഇയാൾ മുങ്ങി. മാള സ്‌റ്റേഷനിൽ നേരിട്ടെത്തിയാണു മാനേജർ ജസ്‌നയ്ക്ക് മൊബൈൽ കൈമാറിയത്. കുഞ്ഞിക്കുട്ടന്റെ മൊബൈൽ തിരികെ കിട്ടിയിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here