ബാറിൽ വെച്ച് വഴക്കുണ്ടായത് നാല് വർഷം മുൻപ്; അതേ ബാറിൽവെച്ച് സൗഹൃദം പുതുക്കിയത് പ്രതികാരം ചെയ്യാൻ; 38കാരന്റെ തലയടിച്ചുപൊട്ടിച്ച രണ്ടുപേർ അറസ്റ്റിൽ

0

ശാസ്താംകോട്ട: വർഷങ്ങൾക്ക് മുൻപ് ബാറിലുണ്ടായ തല്ലിന് പകരമായി 38കാരന്റെ തലയടിച്ചുപൊട്ടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കുന്നത്തൂർ മാനാമ്പുഴ സ്വദേശി ബൈജു ജോയിയെ (38) സംഘംചേർന്ന് ക്രൂരമായി മർദിച്ച കേസിലാണ് നടപടി.

ശാസ്താംകോട്ട മനക്കര അർഷാദ് മൻസിലിൽ നിഷാദ് (35), ശാസ്താംകോട്ട രാജഗിരി പേഴുവിളയിൽ അനീഷ് (39) എന്നിവരെയാണ് ശാസ്താംകോട്ട പോലീസ് അറസ്റ്റ്‌ ചെയ്തത്. ശാസ്താംകോട്ടയിലെ ബാറിൽവെച്ച് നാലുവർഷത്തിനുമുമ്പ് ബൈജുവും നിഷാദും തമ്മിലുണ്ടായ വഴക്കിനു പകരമായിട്ടായിരുന്നു ആക്രമണം. വഴക്കുനടന്ന അതേ ബാറിൽവെച്ച് കഴിഞ്ഞ 12-ന് കണ്ടുമുട്ടിയ മൂവരും സൗഹൃദത്തിലായി. ബൈജു ജോയി ബസിൽ വീട്ടിലേക്ക് പോയി.

പിന്നാലെ അക്രമികൾ ബൈക്കിൽ ഇയാളുടെ മാനാമ്പുഴയിലെ വീട്ടിലെത്തി. ബൈജു ഒറ്റയ്ക്കാണ് താമസം. അവിടെയിരുന്ന് മൂവരും മദ്യപിച്ചു. പഴയകാര്യങ്ങൾ പറഞ്ഞ് തർക്കമായി. ഒന്നാംപ്രതി നിഷാദ് വീട്ടിലുണ്ടായിരുന്ന കമ്പിവടികൊണ്ട് അനീഷിന്റെ സഹായത്തോടെ തലയ്ക്കടിച്ചുവീഴ്ത്തി മർദിക്കുകയായിരുന്നെന്നാണ് കേസ്.

ബൈജുവിന്റെ തലയിൽ എട്ടു തുന്നലുകളുണ്ട്. ഒളിവിൽപ്പോയ പ്രതികളെ എസ്.ഐ.മാരായ കെ.പി.അനൂപ്, കെ.രാജൻബാബു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. എ.എസ്.ഐ. ബിജു, സി.പി.ഒ. സുരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply