പണിമുടക്കിന്റെ ആവശ്യങ്ങളും സമരക്കാരുടെ ത്യാഗങ്ങളും അവശതകളും നീതിപീഠങ്ങള്‍ പരിഗണിക്കണം; പണിമുടക്കിൽ നിന്ന് സർക്കാർ ജീവനക്കാരെ വിലക്കിയതിൽ ഹൈക്കോടതിയെ വിമർശിച്ച് കോടിയേരി

0

തിരുവനന്തപുരം: പണിമുടക്കില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ വിലക്കിയ നടപടി തെറ്റായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയില്‍ എഴുതിയ ‘നാല് കോടതി വിധികളും സമീപനങ്ങളും’ എന്ന ലേഖനത്തിലാണ് ഹൈക്കോടതിക്കെതിരെ കോടിയേരി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പണിമുടക്കിന്റെ ആവശ്യങ്ങളും സമരക്കാരുടെ ത്യാഗങ്ങളും അവശതകളും നീതിപീഠങ്ങള്‍ പരിഗണിക്കണം. സമരവിരുദ്ധ ഹര്‍ജി പരിഗണിച്ച കോടതി ട്രേഡ് യൂണിയനുകളുടെ അഭിപ്രായം കേള്‍ക്കാന്‍ തയ്യാറായില്ലെന്നും കോടിയേരി വിമര്‍ശിച്ചു.

ദേശവിരുദ്ധ നയത്തിനെതിരെ സമരം ചെയ്ത തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കുംമേല്‍ കോടതി നിയമക്കുരുക്കിന്റെ വല എറിഞ്ഞു. വര്‍ഗാധിഷ്ഠിത സമരങ്ങള്‍ക്ക് ഇന്ത്യയിലെ കോടതികളുടെ പിന്തുണ പൊതുവില്‍ പ്രതീക്ഷിക്കരുത് എന്ന പാഠമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് എന്നും ലേഖനത്തില്‍ പറയുന്നു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേയ്‌ക്കെതിരേയും കോടിയേരി വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

‘സില്‍വര്‍ ലൈന്‍ പദ്ധതി തടയാന്‍ പ്രതിപക്ഷവും തീവ്ര മതശക്തികളും കോടതിയെ ആയുധമാക്കി. സുപ്രീം കോടതി ഉത്തരവ് അത്തരക്കാര്‍ക്ക് കനത്ത പ്രഹരമായി.അഭിമാനകരമായ പദ്ധതി തടസ്സപ്പെടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി ഉത്തരവ് കീഴ്‌കോടതികളിലെ ജഡ്ജിമാര്‍ക്ക് തെറ്റു തിരുത്താന്‍ അവസരം നല്‍കുന്നതാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നു കേട്ടാലോ, ചെങ്കൊടി കണ്ടാലോ ഈര്‍ഷ്യ തോന്നേണ്ട കാലമല്ല ഇത്. സുപ്രീംകോടതിയുടെ യുക്തിഭദ്രമായ നിരീക്ഷണവും ഉത്തരവും സില്‍വര്‍ലൈന്‍ വിരുദ്ധ സമരാഭാസത്തില്‍നിന്ന് പിന്തിരിയാന്‍ പ്രതിപക്ഷത്തിനും അവസരം നല്‍കുന്നതാണെന്നും കോടിയേരി പറയുന്നു.

Leave a Reply