മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശി ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാനത്തെ പോലീസ് തലപ്പത്ത് വരുത്തിയ അഴിച്ചുപണിയെ വിമർശിച്ച് കെ.കെ രമ എം എൽഎ

0

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശി ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാനത്തെ പോലീസ് തലപ്പത്ത് വരുത്തിയ അഴിച്ചുപണിയെ വിമർശിച്ച് കെ.കെ രമ എം എൽഎ.നടിയെ ആക്രമിച്ച കേസ് അന്വേഷണത്തലവൻ സ്ഥാനത്ത് നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയതിന്റെ പിന്നിൽ അഭിഭാഷകൻ രാമൻപിള്ളയുടെ ഇടപെടലാണെന്ന് കെകെ രമ എംഎൽഎ ആരോപിച്ചു.

ടിപി കേസിലെ ഉന്നതർ ആരൊക്കെയാണന്നും കേസിൽ എന്തൊക്കെയാണ് നടന്നതെന്നും വ്യക്തമായി പഠിച്ച അഭിഭാഷകനാണ് അദ്ദേഹത്തിനോടൊപ്പം ഇപ്പോൾ സർക്കാർ നിന്നില്ലെങ്കിൽ പല വിവരങ്ങളും പുറത്തു വരുമെന്ന ഭയം സർക്കാറിനുണ്ടെന്ന് കെകെ രമ ആരോപിച്ചു.രാമൻപിള്ള അടക്കമുള്ളവരെ രക്ഷിക്കാൻ വേണ്ടിയാണ് ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

അഭിഭാഷകർ തന്നെ നേരിട്ട് മൊഴി മാറ്റുകയാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കോടതിയിൽ ചോരുകയാണ്. ആരെയാണ് വിശ്വസിക്കുക. കോടതിയിൽ പോലും സുരക്ഷിതത്വമില്ല. ഇങ്ങനെ പോയാൽ എവിടെയാണ് സാധാരണക്കാർക്ക് നീതി ലഭിക്കുക. യഥാർത്ഥ പ്രതികളിലേക്ക് എങ്ങനെയാണ് അന്വേഷണം എത്തുകയെന്ന് അവർ ചോദിച്ചു.
51 സാക്ഷികളെയാണ് ടിപി കേസിൽ കൂറുമാറ്റിയത്. ആ കേസിൽ പ്രധാനപ്പെട്ട ആളുകളുടെ അഭിഭാഷകനായിരുന്നു രാമൻപിള്ള. അപ്പോൾ ഇതൊരു പ്രത്യുപകാരമാണ്. സിപിഐഎമ്മിലെ ചില ആളുകളെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ രാമൻപിള്ളയ്‌ക്ക് അറിയാമെന്നാണ് വിശ്വാസം. ഇതിനെ ഒരു വില പേശലായിട്ടാണ് താൻ കാണുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് പോലീസ് തലപ്പത്ത് അഴിച്ചുപണി നടത്തിയത്. ക്രൈംബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും ജയിൽ മേധാവിയെയും ട്രാൻസ്‌പോർട് കമ്മീഷണറെയും ആണ് മാറ്റിയത് സുദേഷ് കുമാറിനെ ജയിൽ മേധാവിയായും എസ് ശ്രീജിത്തിനെ ട്രാൻസ്‌പോർട്ട് കമ്മീഷണറായും ആണ് നിയമിച്ചത്. ജയിൽ മേധാവി സ്ഥാനത്ത് നിന്ന് മാറുന്ന ഷെയ്‌ക്ക് ധർവേസ് സാഹിബാണ് പുതിയ ക്രൈം ബ്രാഞ്ച് മേധാവി. ട്രാൻസ്‌പോർട്ട് കമ്മീഷണറായിരുന്ന എം ആർ അജിത് കുമാറാണ് വിജിലൻസ് മേധാവി.

നടിയെ ആക്രമിച്ച കേസും, ഇതുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസും വഴിത്തിരിവിൽ നിൽക്കേയാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ മാറ്റം. ദിലീപിന്റെ അഭിഭാഷകനെതിരായ ചോദ്യം ചെയ്യൽ നീക്കത്തെ തുടർന്നുള്ള പരാതികളാണ് ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റാൻ കാരണമെന്ന് വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവുമായി കെകെ രമ രംഗത്തെത്തിയത്..

LEAVE A REPLY

Please enter your comment!
Please enter your name here