കെ-റെയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ സില്‍വര്‍ ലൈനിന്‌ അനുകൂലമായുയര്‍ന്ന വാദങ്ങളെ ഖണ്ഡിച്ച്‌ പൊതുസമൂഹത്തില്‍നിന്നു നിരവധി ചോദ്യങ്ങള്‍

0

പത്തനംതിട്ട : കെ-റെയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ സില്‍വര്‍ ലൈനിന്‌ അനുകൂലമായുയര്‍ന്ന വാദങ്ങളെ ഖണ്ഡിച്ച്‌ പൊതുസമൂഹത്തില്‍നിന്നു നിരവധി ചോദ്യങ്ങള്‍. നിലവിലെ റോഡ്‌ ഗതാഗതത്തിനു വേഗം പോരെന്നു പറയുന്നവര്‍ അതിവേഗ ബുള്ളറ്റ്‌ ട്രെയിനിനു പകരം ശരാശരി 132 കി.മീ. അര്‍ധാതിവേഗപാതയ്‌ക്കയി എന്തിനു മുറവിളി കൂട്ടുന്നുവെന്നതാണു പ്രധാനചോദ്യം.
ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളിലെ പല പാതകളിലും ശരാശരി 130 കി.മീ. േവഗത്തില്‍ ട്രെയിന്‍ ഓടുന്നുണ്ട്‌. ഗതിമാന്‍ എക്‌സ്‌പ്രസിന്റെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാണ്‌. വന്ദേഭാരത്‌ എക്‌സ്‌പ്രസിനു 180 കി.മീ. വേഗമുണ്ട്‌.
രാജ്യത്ത്‌ 400 വന്ദേഭാരത്‌ എക്‌സ്‌പ്രസുകള്‍കൂടി വരാനിരിക്കേ, നിലവിലുള്ള ലൈനുകളുടെ പ്രശ്‌നം തീര്‍ത്ത്‌ സിഗ്നല്‍ സംവിധാനം കാര്യക്ഷമമാക്കുകയാണു വേണ്ടതെന്ന വാദം ഖണ്ഡിക്കാന്‍ സില്‍വര്‍ ലൈന്‍ അനുകൂലികള്‍ക്കു കഴിയുന്നില്ല.

വേദിയില്‍ കേള്‍ക്കാത്തത്‌

ഭൂവിസ്‌തൃതിയില്‍ കേരളത്തിനു രാജ്യത്ത്‌ 22-ാം സ്‌ഥാനമാണ്‌. ആകെ വിസ്‌തൃതിയുടെ 29.1% വനം. 20 ശതമാനത്തിലധികം സഹ്യപര്‍വതമേഖലയുടെ ചരിവാണ്‌. ജനം തിങ്ങിപാര്‍ക്കുന്നത്‌ ഇടനാടുകളില്‍. അതുവഴിയാണു സില്‍വര്‍ ലൈന്‍ കടന്നുപോകുന്നത്‌.
ജനസാന്ദ്രതയില്‍ ബിഹാറിനും ബംഗാളിനും പിന്നില്‍ കേരളം മൂന്നാമത്‌. വീതി കുറഞ്ഞ സംസ്‌ഥാനമാണു കേരളം (30-120 കി.മീ. വരെ). മലനാട്‌ പിന്നിട്ടാല്‍ സമുദ്രതീരത്തുനിന്നുള്ള വീതി 20-65 കി.മീ. വരെ.
നിലവിലുള്ള റെയില്‍വേ ലൈനില്‍നിന്നു 4-20 കി.മീ. വരെ ദൂരത്തിലാണു സില്‍വര്‍ ലൈന്‍ കടന്നുപോകുന്നത്‌. ഇതിനായി 9314 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരുമെന്നാണു സര്‍ക്കാര്‍ കണക്ക്‌. ഒരു കുടുംബത്തില്‍ ശരാശരി നാലംഗങ്ങളെ കണക്കാക്കിയാല്‍ത്തന്നെ 37,256 പേര്‍.
മെട്രോമാന്‍ ഇ. ശ്രീധരന്റെ നിഗമനപ്രകാരം 25,000 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരും. അതായത്‌, കുറഞ്ഞത്‌ ഒരുലക്ഷം പേര്‍.
ഏറ്റെടുക്കേണ്ടിവരുന്നത്‌ 3500 ഏക്കര്‍. 2500 ഏക്കര്‍ സ്‌മാര്‍ട്ട്‌ സിറ്റിക്കായും സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ചു. അങ്ങെനയെങ്കില്‍ ആകെ ഏറ്റെടുക്കേണ്ടിവരുന്ന ഭൂമി 6000 ഏക്കര്‍.
കിടപ്പാടം നഷ്‌ടപ്പെടാത്ത അയല്‍വാസികള്‍ ഒരു കിലോമീറ്റര്‍ അകലെയാകും. (ഓരോ അര കി.മീ. കഴിയുമ്പോഴുമാണ്‌ അടിപ്പാത).
റോഡുകളിലെ സഞ്ചാരവേഗം 30-40 കി.മീ. മാത്രമാണെന്നു സില്‍വര്‍ ലൈന്‍ അനുകൂലികള്‍ പറയുമ്പോള്‍, അശാസ്‌ത്രീയ റോഡ്‌ നിര്‍മാണമാണു തുറന്നുകാട്ടപ്പെടുന്നത്‌. രാജഭരണകാലത്തെ നടവഴികള്‍ പിന്നീട്‌ റോഡുകളായി മാറുകയായിരുന്നു.
നിലവിലുള്ള ട്രെയിനുകളുടെ വേഗം ശരാശരി 60 കി.മീ. മാത്രമെന്നു സില്‍വര്‍ ലൈന്‍ അനുകൂലികള്‍. എന്നാല്‍ ഷൊര്‍ണൂര്‍-പാലക്കാട്‌, ഷൊര്‍ണൂര്‍-മംഗലാപുരം പാതകളില്‍ വേഗം 100 കിലോമീറ്ററിലേറെ. ഷൊര്‍ണൂര്‍-തിരുവനന്തപുരം പാതയില്‍ വളവുകള്‍ നിവര്‍ത്തി സിഗ്നല്‍ സംവിധാനം നവീകരിച്ചാല്‍ പ്രശ്‌നം പരിഹരിക്കാം.
വാഹനങ്ങളുടെ ആധിക്യം തടയാന്‍ സില്‍വര്‍ ലൈനെന്ന വാദം വിഡ്‌ഢിത്തം. സില്‍വര്‍ ലൈനിന്‌ ആകെ 11 സ്‌റ്റോപ്പുകള്‍ മാത്രം. ദീര്‍ഘദൂരയാത്രയേക്കാള്‍ 30-60 കി.മീ. യാത്രകള്‍ക്കാണു സ്വകാര്യവാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കപ്പെടുന്നത്‌.
പ്രതിദിനം 79,000 യാത്രക്കാരെ പ്രതീക്ഷിച്ചാണു 2.75 രൂപ/കി.മീ. നിശ്‌ചയിച്ചിരിക്കുന്നത്‌. 30,000 യാത്രക്കാര്‍ പോലും ഉണ്ടാകില്ലെന്നു വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കില്‍ യാത്രാച്ചെലവ്‌ കിലോമീറ്ററിന്‌ അഞ്ചുരൂപയായി ഉയരും. തിരുവനന്തപുരം-എറണാകുളം യാത്രയ്‌ക്ക്‌ കുറഞ്ഞത്‌ 1000 രൂപ ചെലവാകും. വിമാനയാത്ര കൂടുതല്‍ ലാഭകരം.
30 നദികളെ മറികടന്ന്‌, ഭൂരിഭാഗവും തിട്ടയില്‍ നിര്‍മിക്കുന്ന പദ്ധതിയുടെ പരിസ്‌ഥിതിവിപത്ത്‌ ഗുരുതരം. കിഴക്കന്‍മേഖലയില്‍ വന്‍വെള്ളപ്പൊക്കത്തിനിടയാകും.
മൂന്നരലക്ഷം കോടിയാണു സംസ്‌ഥാനകടം. കേരളം കൂടുതല്‍ കടക്കെണിയിലേക്കു കൂപ്പുകുത്തും.

Leave a Reply