കർണാടകയിൽ പുസ്തകത്തിനൊപ്പം ബൈബിളും നിർബന്ധമാക്കാനുള്ള ക്രിസ്ത്യൻ സ്‌കൂളിന്റെ നടപടിയിൽ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകൾ

0

ബംഗളൂരു: കർണാടകയിൽ പുസ്തകത്തിനൊപ്പം ബൈബിളും നിർബന്ധമാക്കാനുള്ള ക്രിസ്ത്യൻ സ്‌കൂളിന്റെ നടപടിയിൽ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകൾ. ബംഗളൂരുവിലെ ക്ലാരൻസ് ഹൈസ്‌കൂളിലാണ് കുട്ടികൾ സ്‌കൂളിലേക്ക് ബൈബിൾ കൊണ്ടുവരുന്നത് എതിർക്കില്ലെന്ന് രക്ഷിതാക്കളിൽനിന്ന് അധികൃതർ ഉറപ്പ് എഴുതിവാങ്ങിയത്.

സംഭവത്തിൽ പ്രതിഷേധവുമായി ഹിന്ദു ജനജാഗ്രതി സമിതി അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി. ക്രിസ്ത്യാനികളല്ലാത്ത വിദ്യാർത്ഥികളെ ബൈബിൾ വായിക്കാൻ നിർബന്ധിക്കുകയാണ് സ്‌കൂൾ അധികൃതരെന്ന് ഹിന്ദു ജനജാഗ്രതി സമിതി സംസ്ഥാന വക്താവ് മോഹൻ ഗൗഡ ആരോപിച്ചു. ഭരണഘടനയുടെ 25, 30 വകുപ്പുകളുടെ ലംഘനമാണ് നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

”ക്രിസ്ത്യാനികളല്ലാത്ത വിദ്യാർത്ഥികളും സ്‌കൂളിൽ പഠിക്കുന്നുണ്ട്. അവരെ നിർബന്ധിച്ച് ബൈബിൾ പഠിപ്പിക്കുകയാണ്. മതപാഠങ്ങൾ പഠിക്കാൻ വിദ്യാർത്ഥികളെ നിർബന്ധിക്കരുതെന്ന് സുപ്രീംകോടതി മാർഗനിർദേശങ്ങളുണ്ട്.” മോഹൻ ഗൗഡ പറഞ്ഞു.
ഭഗവത് ഗീതയും മഹാഭാരതവും സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ കർണാടക സർക്കാർ ആലോചിക്കുന്നതായുള്ള വാർത്തകൾക്കു പിന്നാലെയാണ് ക്ലാരൻസ് സ്‌കൂളിലെ നീക്കം. അടുത്ത അധ്യയന വർഷം മുതൽ ഹിന്ദു പുരാണങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ് നീക്കം നടക്കുന്നത്. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കുട്ടികൾക്ക് ഉയർന്ന ധാർമികത പകർന്നുനൽകാൻ സഹായിക്കുന്ന ഏതു പ്രത്യയശാസ്ത്രവും ധാർമിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൊണ്ടുവരുമെന്നാണ് മന്ത്രി സൂചിപ്പിച്ചത്. അത് മതത്തിലൊതുങ്ങില്ലെന്നും കുട്ടികൾക്ക് ഉപകാരപ്രദമായ മറ്റ് മതഗ്രന്ഥങ്ങളിൽനിന്നും സ്വീകരിക്കുമെന്നും ബി.സി നാഗേഷ് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here