ഹിന്ദിയില്‍ ആശയ വിനിമയം വേണമെന്ന അമിത്‌ ഷായുടെ പ്രസ്‌താവനയ്‌ക്ക്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷ വിമര്‍ശനം

0

കണ്ണൂര്‍: ഹിന്ദിയില്‍ ആശയ വിനിമയം വേണമെന്ന അമിത്‌ ഷായുടെ പ്രസ്‌താവനയ്‌ക്ക്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷ വിമര്‍ശനം. 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുമ്പോഴായായിരുന്നു വിമര്‍ശനം. പ്രാദേശിക ഭാഷ ഇല്ലാതാക്കി ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ പുറപ്പെട്ടാല്‍ അത്‌ അംഗീകരിക്കാനാവില്ലെന്നും ഈ രീതിയില്‍ തീരുമാനിക്കാന്‍ പുറപ്പെട്ടാല്‍ ആപല്‍ക്കരമായ അവസ്‌ഥയാവും രാജ്യത്തുണ്ടാകുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“വ്യത്യസ്‌ത ഭാഷകളും സംസ്‌കാരങ്ങളും നിലനില്‍ക്കുന്നതാണ്‌ നമ്മുടെ രാജ്യത്തിന്റെ സവിശേഷത. നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തിന്റെ അടിസ്‌ഥാനംതന്നെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുക എന്നതാണ്‌. ഭരണഘടനയില്‍ വ്യത്യസ്‌ത ഭാഷകള്‍ക്കു പ്രാധാന്യവും നല്‍കിയിട്ടുണ്ട്‌. വൈവിധ്യങ്ങളെയും ഫെഡറല്‍ സംവിധാനങ്ങളെയും അംഗീകരിക്കാതിരിക്കുക എന്നതാണ്‌ സംഘപരിവാറിന്റെ അജന്‍ഡ. അതിന്റെ ഭാഗമായാണ്‌ പ്രാദേശിക ഭാഷകളെ ദുര്‍ബലപ്പെടുത്താനുള്ള സംഘപരിവാര്‍ നീക്കം. ദേശീയ പ്രസ്‌ഥാനത്തിന്റെ ഭാഗമായി ഉപയോഗിക്കപ്പെട്ട ഭാഷയാണ്‌ ഹിന്ദി. ആ നിലയില്‍, ദേശീയ ഭാഷ എന്ന നിലയില്‍ ഹിന്ദിയെ അംഗീകരിക്കുന്നു. അതുകൊണ്ടാണ്‌ ദ്വിഭാഷാ പദ്ധതി സ്‌കൂളുകളില്‍ അംഗീകരിച്ചത്‌. പ്രാദേശിക ഭാഷ ഇല്ലാതാക്കി ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ പുറപ്പെട്ടാല്‍ അത്‌ അംഗീകരിക്കാനാവില്ല”- പിണറായി പറഞ്ഞു.
ബി.ജെ.പി. സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെ ഇന്ത്യന്‍ ഭരണഘടനയും മതേതരത്വവും അപകടത്തിലായതായി സെമിനാറില്‍ അധ്യക്ഷത വഹിച്ച സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.
“സംസ്‌ഥാനങ്ങളുടെ അവകാശങ്ങള്‍ ഓരോന്നായി നഷ്‌ടപ്പെടുകയാണ്‌. സംസ്‌ഥാന വിഷയങ്ങള്‍ ഓരോന്നായി കേന്ദ്രം കൈയടക്കുന്നു. സഹകരണം, രജിസ്‌ട്രേഷന്‍, കൃഷി എന്നീ മേഖലകളിലെല്ലാം ഇതുണ്ടായി. സംസ്‌ഥാനങ്ങളെ സാമ്പത്തികമായി തകര്‍ത്ത്‌ എല്ലാ കാര്യത്തിനും കേന്ദ്രത്തിനു മുന്നില്‍ ചെല്ലണമെന്ന സ്‌ഥിതിയുണ്ടാക്കാനാണ്‌ അവരുടെ ലക്ഷ്യം. ഇതിനെതിരേ സംസ്‌ഥാനങ്ങള്‍ ഒന്നിക്കണം. തമിഴ്‌നാട്‌ മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിന്‍ ഇതിനു മുന്‍കൈയെടുക്കണം. അങ്ങനെ ഒരു കൂട്ടായ്‌മയ്‌ക്ക്‌ ഈ ചടങ്ങ്‌ തുടക്കം കുറിക്കുമെന്നു പ്രതീക്ഷിക്കുന്നു”- കോടിയേരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here