വീട്ടമ്മക്ക് സ്ഥിരം ശല്യമായി 46കാരൻ; ആത്മഹത്യക്ക് ശ്രമിച്ചത് വീട്ടിൽ കയറി ഉപദ്രവിച്ചതോടെ; രാമചന്ദ്രനെ അറസ്റ്റ് ചെയ്ത് പോലീസ്

0

കൊല്ലം: നിരന്തരം ശല്യം ചെയ്തതിനെ തുടർന്ന് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ 46കാരൻ അറസ്റ്റിൽ. പകൽക്കുറി കൊട്ടിയംമുക്ക് നെല്ലിവിളാകത്ത് വീട്ടിൽ രാമചന്ദ്രനാണ് അറസ്റ്റിലായത്. ഭർത്താവും കുട്ടികളുമായി താമസിക്കുന്ന വീട്ടമ്മയെ വീട്ടിൽ കയറി ഉപദ്രവിക്കാൻഎം ശ്രമിച്ചതോടെയാണ് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഭർത്തൃമതിയും രണ്ടു കുട്ടികളുടെ മാതാവുമായ സ്ത്രീയെ പ്രതി കഴിഞ്ഞ കുറേ നാളുകളായി നിരന്തരം ശല്യം ചെയ്തു വരികയായിരുന്നു. തുടർന്ന് വീട്ടമ്മയുടെ ഭർത്താവ് പ്രതിയെ വിലക്കിയെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതി സ്ത്രീയെ ശല്യം ചെയ്യുന്നത് തുടർന്നുകൊണ്ടിരിക്കുകയായിരുന്നു.

കഴിഞ്ഞ മാർച്ച് 16നാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം 7 മണിയോടെ പ്രതി അമിതമായി മദ്യപിച്ച് സ്ത്രീ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറുകയും ഉപദ്രവിയ്ക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് വീട്ടമ്മ അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് പള്ളിക്കൽ പൊലീസിൽ പരാതി നൽകിയത്. പിന്നാലെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയി. അന്വേഷണത്തിന് ഒടുവിൽ കഴിഞ്ഞ ദിവസം പള്ളിക്കൽ പോലീസ് സിഐ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയുമായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here