ഭഗവതിയ്ക്ക് സമർപ്പിച്ച പുടവ ഭക്തൻ അറിയാതെ ദേവസ്വം ഉദ്യോഗസ്ഥൻ സമ്മാനിച്ചത് ഇഷ്ടക്കാരിക്ക്; പ്രമുഖ ഭഗവതി ക്ഷേത്രത്തിലെ പുടവ കൊടുക്കൽ ചർച്ചയാകുന്നു

0

ആഗ്രഹ സാധ്യത്തിനായും മറ്റും ഭക്തർ അമ്പലങ്ങളിൽ പലതും കാഴ്ചവെയ്ക്കാറുണ്ട്. അതിൽ സ്വർണവും എണ്ണയും പാട്ടുപുടവയും എല്ലാം ഉൾപ്പെടും. ഏത് അവിടെ പ്രതിഷ്ഠയുള്ള ദേവീദേവന്മാർക്കാണ് സമർപ്പിക്കുന്നത്. എന്നാൽ ഇവിടെ ഒരു ഭക്തൻ ഭഗവതിയ്ക്കായി സമർപ്പിച്ച പട്ടുപുടവ ദേവസ്വം ഓഫീസര്‍ ഇഷ്ടക്കാരിക്ക് സമ്മാനിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നടക്കുന്ന വിക്രിയകളില്‍ ഒന്നാണ് ഈ സംഭവം.

എറണാകുളം നഗരപ്രാന്തത്തിലെ പ്രമുഖ ഭഗവതി ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം നടന്ന പുടവകൊടുക്കല്‍ നാട്ടില്‍ പാട്ടാണ്. താലപ്പൊലിയുടെ അവസാന നാളുകളില്‍ ഒരു ഭക്തന്‍ ഭഗവതിക്ക് ചാര്‍ത്താനായി ക്ഷേത്ര നടയ്ക്കല്‍ സമര്‍പ്പിച്ചതാണ് പട്ടു പുടവ. അയ്യായിരം രൂപയോളം വിലവരും.

പുടവകള്‍ ധാരാളമായി ചാര്‍ത്തുവാന്‍ വരുന്ന ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍ ക്ഷേത്രങ്ങളില്‍ ഇവ ലേലം വിളിച്ചു വില്‍ക്കാറാണ് പതിവ്. സംഭവം നടന്ന ക്ഷേത്രത്തില്‍ താലപ്പൊലിയുടെ അവസാന മൂന്ന് ദിവസം മാത്രമാണ് ഭക്തര്‍ സാധാരണ പുടവ സമര്‍പ്പിക്കാറ്. അത് മേല്‍ശാന്തി തന്നെ ആര്‍ക്കെങ്കിലും നല്‍കും. ഇക്കുറി ദേവസ്വം ഓഫീസര്‍ക്ക് പുടവ അത്രക്ക് ഇഷ്ടമായി. പിന്നെ ഒന്നും നോക്കിയില്ല, മേല്‍ശാന്തിയില്‍ നിന്ന് അത് വാങ്ങി ക്ഷേത്രവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മഹിളയ്ക്ക് കൈമാറി. ഇവര്‍ പിറ്റേന്ന് പുഷ്പതാലം നടക്കുന്നതിനിടെ ഇതും അണിഞ്ഞുവന്ന് വിലസി. ജീവനക്കാര്‍ക്ക് സംശയം തോന്നി ചോദിച്ചപ്പോള്‍ ഇവര്‍ പരസ്യമായി തന്നെ പറഞ്ഞു, സാരി ഓഫീസര്‍ സമ്മാനിച്ചതാണെന്ന്.

താലപ്പൊലിക്ക് വെടിക്കെട്ടിന് തീകൊളുത്തിയതിനേക്കാള്‍ വേഗം ‘പുടവ കൊടുക്കല്‍’ നാടാകെ കത്തിപ്പടര്‍ന്നെങ്കിലും കൊടുത്തയാള്‍ക്കും വാങ്ങിയ ആള്‍ക്കും യാതൊരു കൂസലുമില്ല. പുടവ സമര്‍പ്പിച്ച ഭക്തന്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് സൂചന. ഫോണ്‍ പരാതികള്‍ വന്നപ്പോള്‍ മേലധികാരികള്‍ കാര്യങ്ങള്‍ വിളിച്ചന്വേഷിച്ചു. രേഖാമൂലം പരാതി കിട്ടിയാല്‍ യഥാവിധി അന്വേഷിക്കാമെന്നാണ് ബോര്‍ഡ് നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here