കഴിഞ്ഞ ആറു വർഷത്തിനിടെ കേരളത്തിൽ 3,000 സ്റ്റാർട്ടപ്പുകൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ

0

തിരുവനന്തപുരം∙ കഴിഞ്ഞ ആറു വർഷത്തിനിടെ കേരളത്തിൽ 3,000 സ്റ്റാർട്ടപ്പുകൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 35,000 തൊഴിലവസരങ്ങൾ ഇങ്ങനെ സൃഷ്ടിച്ചതായും മുഖ്യമന്ത്രി സമൂഹമാധ്യമത്തിലെ കുറിപ്പില്‍ വ്യക്തമാക്കി. 2026 ആകുമ്പോഴേക്കും 15,000 സ്റ്റാർട്ടപ്പുകളും 2 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണു സർക്കാർ ലക്ഷ്യം.

കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾ ഒരുക്കാനും സമ്പദ്‌വ്യവസ്ഥയെ വളർച്ചയിലേയ്ക്ക് നയിക്കാനും സ്റ്റാർട്ടപ് മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകാൻ സാധിക്കുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർ‌ണരൂപം

കഴിഞ്ഞ 6 വർഷത്തിനിടയിൽ കേരളത്തിൽ ആരംഭിച്ചത് 3,000 സ്റ്റാർട്ടപ്പുകൾ. അതുവഴി സൃഷ്ടിക്കപ്പെട്ടത് 35,000 തൊഴിലവസരങ്ങൾ. 2026 ആകുമ്പോഴേക്കും 15,000 സ്റ്റാർട്ടപ്പുകളും 2 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണു സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കൾക്കു മികച്ച തൊഴിലവസരങ്ങൾ ഒരുക്കാനും സമ്പദ്‍വ്യവസ്ഥയെ വളർച്ചയിലേക്കു നയിക്കാനും സ്റ്റാർട്ടപ് മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകാൻ സാധിക്കും.

സംസ്ഥാനത്തെ ഇൻകുബേറ്ററുകളുടെ എണ്ണം വർധിപ്പിക്കുക, ആശയ വികസനം മുതൽ കൂടുതൽ ധനസഹായം നൽകുക, മെന്റർഷിപ്പ് പരിപാടികൾ കൂടുതലായി നടത്തുക എന്നീ നടപടികളിലൂടെ സ്റ്റാർട്ടപ്പുകൾക്ക് മികച്ച പിന്തുണ സർക്കാർ ഉറപ്പു വരുത്തുന്നുണ്ട്. നിക്ഷേപം ലഭ്യമാക്കുന്നതിലും മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം 2016ൽ ഏകദേശം 50 കോടി രൂപ ആയിരുന്നെങ്കിൽ ഇന്നത് ഏകദേശം 3200 കോടിയായി വർധിച്ചിട്ടുണ്ട്.

കേരളത്തിലുടനീളമുള്ള എൻജിനീയറിങ് കോളജുകൾ, പോളിടെക്നിക്കുകൾ, പ്രഫഷണൽ കോളജുകൾ തുടങ്ങിയവയിലായി 341 ഇന്നവേഷൻ & ഓൻട്രപ്രനർഷിപ് സെന്ററുകൾ ആരംഭിക്കുകയും അവ മുഖേന കേന്ദ്ര-സംസ്ഥാന സർക്കാർ-സ്വകാര്യ സാങ്കേതിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സാങ്കേതികവിദ്യാ വിനിമയത്തിനുള്ള ഒരു ശൃംഖല രൂപീകരിക്കുകയും ചെയ്തു. എൻജിനീയറിങ് കോളേജുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ, ആർട്സ് ആൻഡ് സയൻസ് കോളജുകൾ എന്നിവയോട് ചേർന്ന് ആധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ചെറിയ വ്യവസായ യൂണിറ്റുകൾ, സ്റ്റാർട്ടപ്പുകൾ എന്നിവ സജ്ജീകരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും.

ഇതുവഴി വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം സാമ്പത്തിക ഉൽപാദന പ്രക്രിയയിൽ പങ്കാളികളാകാനും പരിശീലനം നേടാനും വരുമാനമുണ്ടാക്കാനും ഉള്ള അവസരം സൃഷ്ടിക്കുകയും ചെയ്യും. പൂർവ വിദ്യാർഥികൾ ഉൾപ്പെടെ അഭ്യസ്തവിദ്യരായ ആളുകളെ ഈ സംരംഭങ്ങളുമായി ബന്ധപ്പെടുത്തുകയും ചെയ്യാം. കേരളത്തിലെ 14 ജില്ലകളിലും ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ തുടങ്ങാനുള്ള പൈലറ്റ് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 25 കോടി രൂപ വകയിരുത്തുകയും ചെയ്തു.

സംസ്ഥാനത്ത് സ്കിൽ ഇക്കോ സിസ്റ്റം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്കിൽ കോഴ്സുകൾ ഏറ്റെടുക്കുന്നതിന് സർക്കാർ പ്രോത്സാഹനം നൽകും. വിദ്യാഭ്യാസ സ്ഥാപനത്തോട് അനുബന്ധിച്ച് ഉൽപാദന കേന്ദ്രങ്ങൾ കൂടി വികസിപ്പിക്കുന്നതിന് സഹായകരമായിട്ടാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഒരു നിയോജക മണ്ഡലത്തിൽ ഒരു സ്ഥാപനം എന്ന ക്രമത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും ഈ പദ്ധതി നടപ്പിലാക്കും.

നോളജ് ഇക്കോണമി മിഷനിൽ പങ്കാളികളായി കെ-ഡിസ്ക്കുമായി സഹകരിച്ച് കോഴ്സുകൾ ഏറ്റെടുക്കുന്ന സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കാൻ സഹായം നൽകും. ഇതിനായി കിഫ്ബിയിൽനിന്നും 140 കോടി രൂപ വകയിരുത്തും. ജ്ഞാന സമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള കേരളത്തിന്റെ കുതിപ്പിനു കരുത്തു പകരാൻ ഇത്തരം ഇടപെടലുകളിലൂടെ നിശ്ചയമായും സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here