എസ്എഫ്ഐയിലൂടെ വളർന്നു വന്ന യുവനേതാവ്; ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ; വിജയം ഉറപ്പിച്ച സീറ്റിലേക്ക് സിപിഎം അയക്കുന്നത് റഹിമിനെ തന്നെ; ആ തീപ്പൊരി ശബ്ദം ഇനി പാർലമെന്റിൽ

0

തിരുവനന്തപുരം: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹിം രാജ്യസഭയിൽ എത്തും എന്ന വാർത്ത പുറത്ത് വരുമ്പോൾ അർഹിച്ച അംഗീകാരം തന്നെയാണ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത് എന്നാണ് പൊതു അഭിപ്രായം. റഹിമിനെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചു. രാജ്യസഭയിലേക്ക് രണ്ട് അംഗങ്ങളെ ജയിപ്പിക്കാൻ ഇടതു പക്ഷത്തിന് കഴിയും. അതുകൊണ്ട് തന്നെ റഹിമിന്റെ വിജയം ഉറപ്പാണ്. ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനാണ് റഹിം. ഈ സാഹചര്യത്തിലാണ് റഹിമിന് സീറ്റ് നൽകുന്നത്.

എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം തുടങ്ങിയ പദവികൾ റഹീം വഹിച്ചിട്ടുണ്ട്. 2011ൽ വർക്കലയിൽ നിന്ന് കഹാറിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2017ലാണ് മുഹമ്മദ് റിയാസിനെ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുത്തത്. റിയാസ് മന്ത്രിയായതോടെ റഹിം ദേശീയ പ്രസിഡന്റായി.

റിയാസിന് മുമ്പ് അതിനു മുമ്പ് എം.ബി. രാജേഷായിരുന്നു ദേശീയ പ്രസിഡന്റ്. മന്ത്രിയെന്ന നിലയിലുള്ള തിരക്കുകൾ മൂലമാണ് റിയാസ് പദവിയൊഴിഞ്ഞത്. ദേശീയ തലത്തിലേക്ക് കേരളത്തിൽ നിന്നുള്ള യുവ നേതാക്കൾ വരട്ടെ എന്ന പാർട്ടി നിർദ്ദേശപ്രകാരമാണ് റഹിം അധ്യക്ഷനായത്. ഇപ്പോൾ രാജ്യസഭയിലും എത്തുന്നു. ഫലത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ റഹിം മത്സരത്തിനുണ്ടാവുകയുമില്ല. ഇതിന് വേണ്ടി കൂടിയാണ് റഹിമിനെ രാജ്യസഭയിലേക്ക് അയയ്ക്കുന്നതെന്ന ചർച്ചയും സജീവമാകും.

അബ്ദുൽ സമദിന്റെയും നബീസ ബീവിയുടെയും മകനായി തിരുവനന്തപുരത്തു ജനിച്ചു റഹിം വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് സജീവമാകുന്നത്. സംഘാടന പ്രവർത്തകനായിരിക്കെ പിതാവ് എ എം സമദ് മരിച്ചു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി മുൻ അംഗവും അദ്ധ്യാപികയുമായ അമൃതയാണ് ഭാര്യ. നിലമേൽ എൻ.എസ്.എസ്. കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇസ്‌ളാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ റഹീം, നിയമപഠനവും ജേർണലിസം ഡിപ്ലോമയും പൂർത്തിയാക്കി.

എസ്.എഫ്.ഐ. എന്ന വിദ്യാർത്ഥിസംഘടനയിലൂടെയാണ്, റഹീം രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 2011-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർത്ഥികളിൽ ഏറ്റവും പ്രായംകുറഞ്ഞയാൾ റഹിമായിരുന്നു. നിലമേൽ എൻഎസ്എസ് കോളേജിൽ പ്രീഡിഗ്രി പഠനംകഴിഞ്ഞ റഹീം, ബിരുദത്തിനും ബിരുദാനന്തരബിരുദത്തിനുമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെത്തി. ഇതാണ് രാഷ്ട്രീയ ജീവിതത്തിൽ നിർണ്ണായകമായത്.

കേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിൽ രണ്ടെണ്ണത്തിലാണ് ഇടതുമുന്നണിക്ക് വിജയിക്കാനാവുക. ഒന്ന് യു.ഡി.എഫിനും. രണ്ടിൽ ഒരു സീറ്റ് ഉറപ്പിച്ചുകഴിഞ്ഞ സിപിഎം, രണ്ടാമത്തെ സീറ്റ് സിപിഐയ്ക്ക് നൽകി. യു.ഡി.എഫിന്റെ സീറ്റ് കോൺഗ്രസ് തന്നെ ഏറ്റെടുക്കും. പല പേരുകളും ഈ സീറ്റിൻ്റെ കാര്യത്തിൽ ഉയർന്നുവരുന്നുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണിയുടെ മകൻ കോൺഗ്രസിന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കുമെന്ന പ്രചാരണങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഇതിനെതിരെ വലിയൊരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ ആത്മഹത്യാപരമായ ഒരു തീരുമാനവും കൈക്കൊള്ളുവാൻ കോൺഗ്രസ് ശ്രമിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നതും.

കഴിഞ്ഞ ദിവസമാണ് രാജ്യസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറങ്ങിയത്. ഈ മാസം 21 വരെ വരെ തിരഞ്ഞെടുപ്പിന് പത്രിക സമർപ്പിക്കാമെന്നാണ് വിജ്ഞാപനത്തിൽ അറിയിച്ചിരിക്കുന്നത്. വോട്ടെടുപ്പ് ആവശ്യമായി വരികയാണെങ്കിൽ മാർച്ച് 31 ന് തെരഞ്ഞെടുപ്പ് നടക്കുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here