പാലപ്പള്ളിയില്‍ കാടുകയറാതെ കാട്ടാനക്കൂട്ടം

0

തൃശ്ശൂര്‍ പാലപ്പള്ളിയില്‍ കാടുകയറാതെ കാട്ടാനക്കൂട്ടം. ജനവാസമേഖലയിലേക്ക് നീങ്ങുന്ന കാട്ടാനകള്‍ റബർ എസ്റ്റേറ്റിന്‍റെ ഓഫീസിന് അടുത്തുവരെ എത്തി. റോഡിലേക്ക് എത്താന്‍ വെറും 200 മീറ്റര്‍ മാത്രമാണുള്ളത്. റോഡിലേക്ക് ഇറങ്ങിയാല്‍ വലിയ ആപത്തുണ്ടായേക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കാട്ടാനക്കൂട്ടം എസ്റ്റേറ്റില്‍ നിലയുറപ്പിച്ചതോടെ ജോലി തുടങ്ങാന്‍ പോലും തൊഴിലാളികള്‍ക്ക് ആയിട്ടില്ല. പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും കാട്ടാനക്കൂട്ടത്തെ തിരിച്ചയക്കാനാണ് ശ്രമിക്കുന്നത്. ഇന്ന് രാവിലെ ആറുമണിക്ക് ജോലിക്ക് എത്തിയ തൊഴിലാളികളാണ് വീണ്ടും ആനക്കൂട്ടത്തെ കണ്ടത്. തുടര്‍ന്ന് വനംകുപ്പില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇന്നലെ രാവിലെയാണ് തൃശൂർ പാലപ്പിള്ളി റബർ എസ്റ്റേറ്റിൽ നാൽപതിലേറെ കാട്ടാനകൾ ഇറങ്ങിയത്. കാട്ടാനക്കൂട്ടത്തിന് മുന്നില്‍ അകപ്പെട്ട റബര്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതോടെ ഉദ്യോസ്ഥരെത്തി പടക്കം പൊട്ടിച്ച് കാട്ടനകളെ കാട്ടിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തമ്പടിച്ചിട്ടും കാടിന്‍റെ അതിര്‍ത്തിയില്‍ ആനകള്‍ മണിക്കൂറുകളോളം അതേപടി നിലയുറപ്പിച്ചു. ഉച്ചയോടെ രണ്ടാനകള്‍ ഒഴികെ എല്ലാം കാടുകയറി. സന്ധ്യയായതോടെ എല്ലാം കൂട്ടത്തോടെ വീണ്ടും റബര്‍ എസ്റ്റേറിലേക്ക് ഇറങ്ങുകയായിരുന്നു.

Leave a Reply