കാൻസർ മരുന്നുകൾക്ക് ലാഭമെടുക്കില്ല; കുറഞ്ഞ വിലയ്ക്ക് കാരുണ്യ ഫാർമസിയിലൂടെ

0

തിരുവനന്തപുരം: സംസ്ഥാനത്ത് കാൻസർ ചികിത്സ മരുന്നുകളും അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകളും ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികൾക്ക് നൽകുമെന്ന് ആരോഗ്യ വകുപ്പ്. കമ്പനികളിൽ നിന്ന് ലഭിക്കുന്ന അതേ വിലക്ക് മരുന്നുകൾ ലഭ്യമാക്കും. സംസ്ഥാന സർക്കാരിന്റെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന്റെ കാരുണ്യ ഫാർമസികൾ വഴിയാണ് കുറഞ്ഞ വിലക്ക് മരുന്നുകൾ ലഭ്യമാക്കുക.

ഇതിനായി കാരുണ്യ ഫാർമസികളിൽ ലാഭ രഹിത കൗണ്ടറുകൾ തുടങ്ങും. ഇതോടെ വളരെ വിലയേറിയ മരുന്നുകൾ തുച്ഛമായ വിലയിൽ ലഭ്യമാക്കും. ജൂലൈ മാസത്തോടെ ഈ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. എല്ലാ ജില്ലകളിലേയും പ്രധാന കാരുണ്യ ഫാർമസികൾ വഴിയായിരിക്കും ലാഭ രഹിത കൗണ്ടറുകൾ ആരംഭിക്കുക.

ഇതിനായി പ്രത്യേകം ജീവനക്കാരെയും നിയോഗിക്കും. എല്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധന ക്ലിനിക്കുകള്‍ ആരംഭിക്കാനും നടപടി സ്വീകരിച്ചു. കാന്‍സര്‍ പ്രിവന്റീവ് ക്ലിനിക്കുകള്‍ ആരംഭിച്ചു. ആര്‍സിസിയിലും എംസിസിയിലും നൂതന ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കി. ജീവിതശൈലീ രോഗങ്ങളേയും കാന്‍സറിനേയും പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തി ചികിത്സിക്കുന്നതിനായി ഈ സര്‍ക്കാര്‍ ആര്‍ദ്രം ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പയിന്‍ ആരംഭിച്ചു.46,000ത്തിലധികം പേരെ കാന്‍സര്‍ പരിശോധനക്ക് വിധേയമാക്കി. കാന്‍സര്‍ കണ്ടെത്തിയവര്‍ക്ക് തുടര്‍ പരിശോധനകളും ചികിത്സയും ഉറപ്പാക്കി. കാന്‍സര്‍ സ്‌ക്രീനിങ് പോര്‍ട്ടല്‍, കാന്‍സര്‍ ഗ്രിഡ് എന്നിവ നടപ്പിലാക്കി. ഇതോടൊപ്പം കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതോടു കൂടി നൂതന കാന്‍സര്‍ ചികിത്സ സംവിധാനങ്ങള്‍ സാധാരണക്കാര്‍ക്ക് പോലും പ്രാപ്യമാകുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply