ക്വാറിയുടമയുടെ കൊലപാതകം: മൂന്ന് പേര്‍ പിടിയില്‍, സുനില്‍കുമാറിനായി തെരച്ചില്‍

0

തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറിയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സുനില്‍കുമാറിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം കേരളത്തിലും തമിഴ്നാട്ടിലും വ്യാപക തെരച്ചില്‍ തുടരുന്നു. വ്യവസായി ദീപുവിനെ കൊലപ്പെടുത്താന്‍ പ്രതി സജികുമാര്‍ ഉപയോഗിച്ച സര്‍ജിക്കല്‍ ബ്ലേഡും ഗ്ലൗസും നല്‍കിയത് സുനില്‍ കുമാറാണെന്ന വിവരം പുറത്തുവന്നിരുന്നു.

കൊല നടത്തുന്നതിന് സര്‍ജിക്കല്‍ ഗ്ലൗസ്, ബ്ലേഡ്, വസ്ത്രങ്ങള്‍ എന്നിവ നല്‍കിയ സര്‍ജിക്കല്‍ സ്ഥാപനത്തിന്റെ പാര്‍ട്ണറാണ് സുനില്‍കുമാര്‍. ഇയാള്‍ക്ക് കേരളത്തിലും തമിഴ്‌നാട്ടിലും ബന്ധങ്ങളുണ്ട്. സജികുമാര്‍ പിടിയിലായതിനു തൊട്ടുപിന്നാലെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട ഇയാള്‍ക്കായി അന്വേഷണവിഭാഗം നാലു സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തുന്നത്.അന്വേഷണത്തിന്റെ ഭാഗമായി സുനില്‍കുമാറുമായി അടുത്ത ബന്ധമുള്ള മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സുനില്‍കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രദീപ് ചന്ദ്രന്‍, സുനില്‍കുമാര്‍ പാര്‍ട്ണറായ സര്‍ജിക്കല്‍ സ്ഥാപനത്തിന്റെ ഉടമ, പാറശ്ശാല മഹാദേവര്‍ ക്ഷേത്രത്തിനു സമീപത്തെ സര്‍വീസ് സെന്റര്‍ ഉടമ എന്നിവരെയാണ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്.

പ്രദീപ് ചന്ദ്രനെ വ്യാഴാഴ്ച വൈകീട്ട് തമിഴ്നാട് പോലീസിന്റെ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര പൊലീസ് പിടികൂടി പ്രത്യേക അന്വേഷണസംഘത്തിനു കൈമാറുകയായിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്ഥാപനത്തില്‍ നടന്ന മദ്യപാനത്തിനിടെയാണ് സജികുമാര്‍ കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചന നടത്തിയതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

ഈസമയത്ത് പ്രദീപ് ചന്ദ്രനുമുണ്ടായിരുന്നതായി സജികുമാര്‍ തമിഴ്നാട് പോലീസിനു മൊഴിനല്‍കിയിരുന്നു. കഴിഞ്ഞദിവസമാണ് മലയന്‍കീഴ് സ്വദേശി ദീപുവിനെ (44) കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ട കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Leave a Reply