‘ഗില്ലി’യുടെ വൻ വിജയത്തിന് ശേഷം ‘ഇന്ത്യ’നും റീ റിലീസിന്; തീയതി പുറത്ത്

0

സിനിമ പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കമൽ ഹാസന്റെ ഇന്ത്യൻ 2. ചിത്രം തിയറ്ററുകളിലെത്തുന്നതിന് മുൻപ് ആദ്യ ഭാഗമായ ഇന്ത്യൻ റീ റിലീസിന് ഒരുങ്ങുകയാണ്. 1996 ലാണ് ബോക്സോഫീസ് റെക്കോർഡുകൾ തകിടം മറിച്ച് ഇന്ത്യനെത്തിയത്. ചിത്രത്തിലെ മികച്ച പ്രകടനത്തെ തുടർന്ന് കമൽ ഹാസനെ തേടി ദേശീയ അവാർഡുമെത്തി.

ഇന്ത്യൻ വീണ്ടും റീ റിലീസ് ചെയ്യുന്നുവെന്നത് ആരാധകരെ കുറച്ചൊന്നുമല്ല ആവേശത്തിലാക്കിയിരിക്കുന്നത്. ജൂൺ ഏഴിനാണ് ഇന്ത്യൻ റീ റിലീസ് ചെയ്യുക. റീ റിലീസ് പതിപ്പിന്റെ ട്രെയ്‌ലറും വൈകാതെ പ്രേക്ഷകരിലേക്കെത്തും. അഴിമതിക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന സേനാപതി എന്ന കഥാപാത്രമായാണ് കമൽ ചിത്രത്തിലെത്തിയത്.

മനീഷ കൊയ്‌രാള, ഊർമിള, സുകന്യ, നെടുമുടി വേണു തുടങ്ങിയ വൻ താരനിരയായിരുന്നു ഇന്ത്യനിലെത്തിയത്. എ. ആർ റഹ്മാനായിരുന്നു ഇന്ത്യന് സംഗീത സംവിധാനമൊരുക്കിയത്. ഇന്ത്യൻ 2 വിൽ സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. സിദ്ധാർഥ്, കാജൽ അഗർവാൾ, എസ്. ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം തുടങ്ങി നിരവധി താരങ്ങളാണ് ഇന്ത്യൻ 2 വിന്റെ ഭാഗമാകുന്നത്.ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം റെഡ് ജെയിന്റ് മൂവീസാണ് നിർമ്മിക്കുന്നത്. അതേസമയം തമിഴ് സിനിമ ലോകത്ത് അടുത്ത കാലത്തായി നിരവധി സിനിമകളാണ് റീ റീലിസിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. അടുത്തിടെ റീ റിലീസ് ചെയ്ത വിജയ് ചിത്രം ഗില്ലി തിയറ്ററുകളിൽ വലിയ കളക്ഷനാണ് നേടിയത്. ബാബ, ധീന, ഖുഷി, വിണ്ണൈതാണ്ടി വരുവായ തുടങ്ങിയ സിനിമകളും റീ റിലിസ് ചെയ്തിരുന്നു. മലയാളത്തിൽ മോഹൻലാൽ ചിത്രം സ്ഫടികം ആണ് റീ റിലീസിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം.

Leave a Reply