നാലാം ക്ലാസുകാരനെ 25 മിനിറ്റിൽ 43 തവണ അടിച്ച അധ്യാപികയ്ക്കെതിരെ കേസ്

0

ബംഗളൂരു:ബംഗളൂരുവിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപികയുടെ ക്രൂരമർദ്ദനം. സംഭവത്തിൽ വൈറ്റ്ഫീൽഡ് കടുഗോഡിയിലെ സ്വകാര്യ സ്‌കൂളിലെ 35 കാരിയായ അധ്യാപികക്കെതിരെ പോലീസ് കേസെടുത്തു. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയ കുട്ടിയുടെ മുഖത്തും ശരീരത്തിലും നീല നിറത്തിലുള്ള പാടുകൾ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരം തിരക്കിയപ്പോൾ തന്നെ അധ്യാപിക അടിച്ച കാര്യം കുട്ടി അമ്മയോട് വെളിപ്പെടുത്തി.

തുടർന്ന് മറ്റൊരു സ്കൂളിലെ അധ്യാപകർ കൂടിയായ കുട്ടിയുടെ രക്ഷിതാക്കൾ സ്‌കൂളിലെത്തി പ്രിൻസിപ്പലിന് പരാതി നൽകി. തുടർന്ന് ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അധ്യാപിക കുട്ടിയെ 43 തവണ മർദ്ദിച്ചതായി കണ്ടെത്തി. തുടർന്ന് സോഷ്യൽ സയൻസ് അധ്യാപികയായ ഇവരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്‌. ബുധനാഴ്ച രാവിലെ ഏകദേശം 9.15 നും 9.40 നും ഇടയിലാണ് അധ്യാപിക കുട്ടിയെ അടിച്ചത്. നിലവിൽ കുട്ടിയുടെ പിതാവിന്റെ പരാതിയിൽ കടുഗോഡി പോലീസ് ആണ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

2015 ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമ പ്രകാരമാണ് അധ്യാപികക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് അന്വേഷണ ചുമതലയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആൺകുട്ടിയാണ് അധ്യാപികയുടെ ക്രൂര മർദ്ദനത്തിന് ഇരയായത്.

അതേസമയം സംഭവത്തിന് രണ്ട് ദിവസം മുമ്പ് കുട്ടി ഹോം വർക്ക് പൂർത്തിയായിട്ടില്ലെന്ന് അധ്യാപിക മാതാപിതാക്കളെ വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ ഗൃഹപാഠം നൽകുന്ന വിവരം കൃത്യമായി മകന്റെ ഡയറിയിൽ കുറിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളും ഒരു കുറിപ്പെഴുതി അയച്ചിരുന്നു. ഇതാണ് കുട്ടിയെ അടിക്കാൻ കാരണമായി പറയുന്നത്. കൂടാതെ ഒരു അധ്യാപകനായതുകൊണ്ട് കുട്ടികൾക്ക് അച്ചടക്ക പ്രശ്നങ്ങൾ ഉണ്ടാകും എന്ന് അറിയാമെന്നും ഇത് അധ്യാപകർ തിരുത്തി മുന്നോട്ടു പോവുകയാണ് ചെയ്യേണ്ടതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

Leave a Reply