കോഴിക്കോട് അത്തോളിയിൽ വൻ തീപിടിത്തം; ഓയിൽ മില്ലിലെ വെളിച്ചെണ്ണയും കൊപ്രയും കത്തി നശിച്ചു

0

കോഴിക്കോട്: അത്തോളി കണ്ണിപ്പൊയിലിലെ എസ് ആർ ഓയിൽ മില്ലിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് രാവിലെ 11.30ഓടെയാണ് മലാപ്പറമ്പ് സ്വദേശി ഷൈജുവിന്റെ ഉടമസ്ഥതയിലുള്ള ഓയിൽ മില്ലിൽ തീപിടിത്തമുണ്ടായത്.

സംഭവത്തെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് രണ്ട് യൂണിറ്റുകളും നരിക്കുനി, വെള്ളിമാടുകുന്ന്, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്ന് ഓരോ യൂണിറ്റുകളും ഉൾപ്പെടെ അഗ്നിശമന സേന സ്ഥലത്തെത്തി. നാല് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാനായത്.

ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് നിർമിച്ച മില്ലിനുള്ളിൽ സൂക്ഷിച്ചിരുന്ന കൊപ്ര, തേങ്ങ, കൂടാതെ ഏകദേശം 2000 ലിറ്റർ വെളിച്ചെണ്ണ എന്നിവ മുഴുവനായും തീയിൽ കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ആളപായമില്ലെന്നാണ് വിവരം.

English Summary

A major fire broke out at SR Oil Mill in Atholi, Kozhikode, on Sunday morning. The fire destroyed copra, coconuts, and around 2000 litres of coconut oil stored inside the mill. Fire and rescue teams from multiple stations worked for nearly four hours to bring the blaze under control. No casualties were reported.

പാകിസ്ഥാനിൽ സൈനിക ട്രെയിനിന് നേരെ ബോംബ് ആക്രമണം; 24 മരണം, 50ലേറെ പേർക്ക് പരിക്ക്

0

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സൈനികർ സഞ്ചരിച്ച പാസഞ്ചർ ട്രെയിനിനെ ലക്ഷ്യമിട്ട് നടന്ന ബോംബ് സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. 50ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ക്വറ്റയിലെ ചമൻ ഫടക് റെയിൽവേ സ്റ്റേഷൻ സമീപത്താണ് ഞായറാഴ്ച രാവിലെ സ്ഫോടനം ഉണ്ടായത്.

ക്വറ്റയിൽ നിന്ന് പെഷാവറിലേക്ക് യാത്രതിരിച്ച ട്രെയിനിൽ 300ലധികം പാക് സൈനികരും കുടുംബാംഗങ്ങളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഈദ് അവധി ആഘോഷിക്കാനായി യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണം നടന്നത്.

സ്ഫോടനത്തിന്റെ ആഘാതത്തിൽ ട്രെയിനിലെ ചില ബോഗികൾ പാളം തെറ്റുകയും തീപിടിക്കുകയും ചെയ്തു. സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിന്റെ ശക്തിയിൽ സമീപ കെട്ടിടങ്ങളിലെ ജനൽച്ചില്ലുകളും തകർന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റെയിൽവേ ട്രാക്കിൽ സ്ഥാപിച്ചിരുന്ന ഐഇഡി റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പൊട്ടിത്തെറിപ്പിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ മജീദ് ബ്രിഗേഡ് ഏറ്റെടുത്തതായും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിന് പിന്നാലെ സുരക്ഷാസേന പ്രദേശം നിയന്ത്രണത്തിലാക്കി രക്ഷാപ്രവർത്തനം ശക്തമാക്കി. ആക്രമണത്തെ തുടർന്ന് മേഖലയിലെ റെയിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.

English Summary

At least 24 people were killed and over 50 injured in a bomb blast targeting a passenger train carrying Pakistani soldiers in Balochistan province. The explosion occurred near Chaman Phatak railway station in Quetta while the train was travelling to Peshawar. Several coaches derailed and caught fire. Reports suggest that an IED planted on the railway track was detonated remotely. The Balochistan Liberation Army’s Majeed Brigade has reportedly claimed responsibility for the attack.

‘അൻസിബക്കെതിരെ വ്യാജ കേസ് ആരോപണം ഉന്നയിച്ച എക്‌സിക്യൂട്ടീവ് അംഗം ഞാൻ’; മറുപടിയുമായി ലക്ഷ്മിപ്രിയ

0

കൊച്ചി: നടി അൻസിബ ഹസൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടി ലക്ഷ്മിപ്രിയ രംഗത്ത്. അൻസിബക്കെതിരെ വ്യാജ കേസ് ആരോപണം ഉന്നയിച്ച എക്‌സിക്യൂട്ടീവ് അംഗം താനാണെന്ന് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബർ 10ന് അൻസിബ തനിക്ക് സന്ദേശം അയച്ചിരുന്നുവെന്നും, ആ സന്ദേശത്തിന് പിന്നിലെ കാരണം പിന്നീട് ചോദിച്ചതായും ലക്ഷ്മിപ്രിയ പറഞ്ഞു. ഇതിനെ തുടർന്ന് കുടുംബത്തിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടായതായും അവർ കൂട്ടിച്ചേർത്തു.

വനിതാ സെല്ലിൽ പരാതി നൽകിയതിന്റെ ലക്ഷ്യം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുക എന്നതല്ലെന്നും, വിഷയത്തിൽ വ്യക്തത വരുത്താനായിരുന്നുവെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി. ക്ഷേത്രത്തിന്റെ സ്പോൺസറിനെ എതിർത്തത് അൻസിബ മാത്രം അല്ലെന്നും, സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താൻ ഇടപെട്ടിട്ടില്ലെന്നും അവർ പറഞ്ഞു.

അമ്മ സംഘടനയെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കിടെയാണ് ലക്ഷ്മിപ്രിയയുടെ പ്രതികരണം ശ്രദ്ധ നേടുന്നത്.

English Summary

Actress Lakshmipriya responded to allegations raised by Ansiba Hassan, stating that she was the executive member who raised concerns about a fake case against Ansiba. Lakshmipriya said Ansiba had messaged her in December and later questioned the reason behind it, which led to issues within her family. She clarified that the complaint filed with the women’s cell was not intended to register an FIR but to seek clarity on the matter. She also denied making any statements regarding temple sponsorship issues.

ട്രംപ് വൈറ്റ്ഹൗസിലുള്ളപ്പോൾ പുറത്ത് വെടിവയ്പ് ; അക്രമി നസീർ ബെസ്റ്റിനെ വധിച്ച് സീക്രട്ട് സർവീസ്

0

വാഷിംഗ്ടൺ: വൈറ്റ് ഹൗസിന് പുറത്ത് ഒന്നിലധികം വെടിയൊച്ചകൾ കേട്ടതായി റിപ്പോർട്ട്. സംഭവസമയത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. വൈറ്റ് ഹൗസിന് പുറത്തുള്ള യുഎസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ തമ്പടിച്ചിരുന്ന ഒരു സുരക്ഷാ ബൂത്തിലേക്ക് പ്രതി വെടിയുതിർത്തതായി റിപ്പോർട്ടിൽ പറയുന്നു. ഐസൻഹോവർ എക്സിക്യൂട്ടീവ് ഓഫീസ് കെട്ടിടത്തിന് സമീപമുള്ള 17-ാം സ്ട്രീറ്റും പെൻസിൽവാനിയ അവന്യൂ NW-ഉം കവലയിലെ വൈറ്റ് ഹൗസ് സമുച്ചയത്തിന് സമീപം ഏകദേശം 30 വെടിയൊച്ചകൾ കേട്ടതായി സിബിഎസ് ന്യൂസ് ഉദ്ധരിച്ച നിയമ നിർവ്വഹണ വൃത്തങ്ങൾ അറിയിച്ചു.

തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും ഫെഡറൽ ഏജന്റുമാരും പ്രസിഡൻഷ്യൽ സമുച്ചയത്തിന് ചുറ്റുമുള്ള പ്രദേശത്തേക്ക് കുതിച്ചെത്തിയതോടെ വൻ സുരക്ഷാ നടപടിക്ക് തുടക്കമിട്ടു.
തുടർന്ന് നടന്ന തിരിച്ചടിയിൽ വൈറ്റ് ഹൗസിന് പുറത്ത് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്ത തോക്കുധാരി വെടിയേറ്റ് മരിച്ചതായി സുരക്ഷാ ഏജൻസി യുഎസ് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. അക്രമി എന്ന് സംശയിക്കപ്പെടുന്നയാൾ 21 വയസ്സുള്ള നസീർ ബെസ്റ്റ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

വെടിവയ്പിനിടെ ഒരു സിവിലിയനും പരിക്കേറ്റതായി ഏജൻസി പറഞ്ഞു, വൈറ്റ് ഹൗസിന് സമീപമുള്ള ഒരു സുരക്ഷാ ചെക്ക്‌പോസ്റ്റിന് നേർക്ക് തോക്കുധാരി വെടിയുതിർത്തതിനുശേഷം സീക്രട്ട് സർവീസ് പോലീസ് ഉദ്യോഗസ്ഥർ തിരിച്ചു വെടിവച്ചു തുടർന്ന് പരിക്കേറ്റ പ്രതിയെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് അയാൾ മരിച്ചുവെന്നുമാണ് സീക്രട്ട് സർവീസിൻ്റെ പ്രസ്താവനയിൽ പറയുന്നത്.

അതേ സമയം തന്നെ സമീപ വർഷങ്ങളിൽ ട്രംപ് നിരവധി സുരക്ഷാ ഭീഷണികൾ നേരിട്ടിട്ടുണ്ട്. നേരത്തെ ഇന്റർനാഷണൽ ഗോൾഫ് ക്ലബ്ബിൽ ഗോൾഫ് കളിക്കുന്നതിനിടെ ട്രംപിനെ ലക്ഷ്യം വച്ചതായി റിപ്പോർട്ടുണ്ട്. കൂടാതെ 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, തോമസ് മാത്യു ക്രൂക്സ് എന്നറിയപ്പെടുന്ന ഒരു തോക്കുധാരി ഒരു പ്രചാരണ പരിപാടിക്കിടെ അടുത്തുള്ള ഒരു കെട്ടിടത്തിൽ നിന്ന് വെടിയുതിർത്തു. ട്രംപിന്റെ വലതു ചെവിയിൽ ഒരു വെടിയുണ്ട തുളച്ചുകയറി രക്തസ്രാവം ഉണ്ടായി. തുടർന്ന് നിമിഷങ്ങൾക്ക് ശേഷം ഒരു സീക്രട്ട് സർവീസ് സ്‌നൈപ്പർ ക്രൂക്‌സിനെ വെടിവച്ചു കൊല്ലുകയും ചെയ്തിരുന്നു.

ഇന്നും മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്‌ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയിരുന്ന മത്സ്യബന്ധന വിലക്ക് പിൻവലിച്ചിട്ടുണ്ട്.

ഒടുവിൽ ശാന്തനായി! തൃശൂർ നഗരത്തെ മുൾമുനയിൽ നിർത്തിയ ആനയെ തളച്ചു

തൃശൂർ നഗരത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തി ജനവാസ മേഖലയിൽ ഇടഞ്ഞ ആനയെ തളച്ചു. ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് രണ്ട് മണിക്കൂറോളം പരിഭ്രാന്തി പരത്തിയത്. വീടുകളുടെ മതിലുകളും നിരവധി വാഹനങ്ങളും ആന തകർത്തു. ആനയെ തളയ്ക്കാനുള്ള ശ്രമത്തിനിടെ വീടിന്റെ മതിൽ തകർന്നു. വർക്കലയിൽ നിന്ന് എത്തിച്ച ആനയാണ് ഇടഞ്ഞത്. ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം ഉണ്ടായി. ആനയുടെ ശരീരത്തിൽ മുറിവുകളുണ്ട്.

പാറമേക്കാവിൽ തൊഴീക്കാൻ എത്തിച്ച ആനയാണ് ഇടഞ്ഞത്. കാലിലെ ചങ്ങല ഉടക്കിയതിനെ തുടർന്ന് ആന ഒരു വീടിന് സമീപത്ത് നിലയുറപ്പിച്ചിരിക്കുകയിരുന്നു. രണ്ടരകിലോമീറ്ററോളം ഓടിയാണ് ആന ജനവാസ മേഖലയിലെത്തി നിലയുറപ്പിച്ചത്. ആനയുടെ മസ്തകത്തിലും ചെവിയിലും മുറിവുണ്ട്. നിലവിൽ ആന ചെമ്പുക്കാവിനടുത്ത് ഗാന്ധിനഗർ ഫസ്റ്റ് സ്ട്രീറ്റിലാണുള്ളത്. എലിഫന്റ് സ്ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്.

ഇന്ധന വില വീണ്ടും കൂട്ടി: പെട്രോളിന് 87 പൈസയുടെ വർധനവ്

ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് വർധിപ്പിച്ചത്. 10 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. മെയ് 15ന് രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചിരുന്നു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞദിവസം പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും വർധിപ്പിച്ചിരുന്നു.

എട്ട് രൂപ വരെ ക്രമേണയുള്ള വർധനവ് തുടരുമെന്നാണ് സൂചനകൾ. കൃത്യമായ ഇടവേളകളിൽ നേരിയ തോതിൽ നിരക്ക് വർധിപ്പിക്കാനാണ് എണ്ണ കമ്പനികൾ ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണയുടെ വില കുതിക്കുന്നതാണ് ഇന്ത്യയെയും ബാധിക്കുന്നത്. ഇറാനിലെ സംഘർഷം ആഗോള എണ്ണ വിതരണ ശൃംഖലയെ ബാധിച്ചതാണ് നിലവിലെ വില വർധനവിന് പ്രധാന കാരണം. അതേസമയം, ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടർ വിലയും ഉടൻ വർധിക്കുമെന്ന് റിപ്പോർട്ടുണ്ട്.

ഇന്ധനവില വർധിക്കുന്നത് ഗതാഗതച്ചെലവ് കൂട്ടുന്നതിനും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ടാക്സി, ബസ് സർവീസുകളെയും സാധാരണക്കാരായ വാഹന ഉടമകളെയും ഇത് നേരിട്ട് ബാധിക്കും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇനിയും ഉയരുകയാണെങ്കിൽ വരും ദിവസങ്ങളിലും വില വർധനവ് തുടരാൻ സാധ്യതയുണ്ട്.

ഗൺമാൻമാർ മർദിച്ച കേസിൽ ആദ്യ അന്വേഷണ റിപ്പോർട്ട് തിരുത്താൻ ADGP എംആർ അജിത് കുമാർ ഇടപെട്ടു; എഡി തോമസ് MLA

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദിച്ചതിലെ ആദ്യ അന്വേഷണ റിപ്പോർട്ട് തിരുത്താൻ എഡിജിപി എംആർ അജിത് കുമാർ ഇടപെട്ടെന്ന് എഡി തോമസ് എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാവ് അജയ് കുര്യാക്കോസും. മർദന സ്ഥലത്തെ സിസിടിവി ഇത് വരെ പരിശോധിച്ചിട്ടില്ല. അഞ്ചുപേരാണ് മർദിച്ചത്. റിപ്പോർട്ട് തിരുത്താൻ ഇടപെട്ട ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു. പുതിയ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകാൻ എത്തിയപ്പോഴാണ് പ്രതികരണം

അതിനിടെ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥരും കുരുക്കിലായി. മുൻ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ആലപ്പുഴ DySP സുനിൽ രാജിനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും. അന്വേഷണം അട്ടിമറിക്കാൻ ഉന്നത ഇടപെടൽ നടന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് എസ്ഐടി നീക്കം. ആലപ്പുഴ മുൻ എസ്പി ചൈത്ര തെരേസ ജോൺ നൽകിയ റിപ്പോർട്ട്‌ ആഭ്യന്തര വകുപ്പ് പൂഴ്ത്തിയതിന്റെ തെളിവ് എസ്ഐടിക്ക് ലഭിച്ചു. കേസിലെ മുഖ്യസാക്ഷിയായ മാധ്യമപ്രവർത്തകൻ ജോജി ജോസഫിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.

ഗൺമാൻമാരുടെ മർദനം ചട്ടവിരുദ്ധമെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ആലപ്പുഴ മുൻ എസ്പി ചൈത്ര തെരേസ ജോൺ ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് കൈമാറിയത്. എന്നാൽ ഈ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയെന്നാണ് എസ്ഐടി നിർണായക കണ്ടെത്തൽ. മർദ്ദന ദൃശ്യങ്ങളുടെ ആധികാരികതയിലും എസ്ഐടിക്ക് സംശയമില്ല. ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകനായ ജോജി ജോസഫിന്റെ മൊഴി അന്വേഷണം സംഘം രേഖപ്പെടുത്തിയിരുന്നു.

KPCC പുനഃസംഘടന; യുവാക്കൾക്ക് പ്രാധാന്യം നൽകാൻ കോൺഗ്രസ്

കെപിസിസി പുനഃസംഘടനയിൽ പുതുമാനദണ്ഡത്തിന് കോൺഗ്രസ്. മന്ത്രിസഭയിലെ യൂത്ത് മോഡൽ കെപിസിസി ഡിസിസി പുനസംഘടനയിലും നടപ്പാക്കാനാണ് നീക്കം. മന്ത്രിസഭയിൽ പുതുമുഖങ്ങളെയും യുവാക്കളെയും ഉൾപ്പെടുത്തിയ അതേ മാതൃക കെപിസിസി, ഡിസിസി പുനഃസംഘടനയിലും തുടരാൻ ആലോചന. യുവാക്കൾ, പൊതു സ്വീകാര്യത തുടങ്ങിയവർ നേതൃതലപ്പത്തേക്ക് വരണമെന്നാണ് ആവശ്യം.

പരമാവധി 55 വയസിനകത്തുള്ളവർ തലപ്പത്തേക്ക് വരണം. ഭരണകാലയളവിൽ തന്നെ ഓടിനടന്ന് സംഘടന കെട്ടിപ്പടുക്കാൻ പ്രാപ്തരായവർ നേതൃ സ്ഥാനം ഏറ്റെടുക്കണമെന്നാണ് കോൺഗ്രസിലെ ആവശ്യം. ഭരണത്തിന്റെ അലസ്യം സംഘടനാ തലത്തിൽ ബാധിക്കാതിരിക്കാൻ പുതിയ നീക്കം. പാർലമെൻററി പദവി ലഭിക്കാത്തവരെ സംഘടനയ്ക്കുള്ളിൽ കുത്തിതിരികുന്ന പഴയ രീതിക്ക് കടിഞ്ഞാൺ വന്നേക്കും.

അതേസമയം, നേതൃപദവിയിലേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് ശിവകുമാർ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ കണ്ടു. കൊടിക്കുന്നിൽ സുരേഷ്,ബെന്നി ബഹനാൻ ,ജോസഫ് വാഴക്കൻ എന്നിവരുടെ പേരുകളും സജീവമായി ഹൈക്കമാന്റ് പരിഗണിക്കുന്നുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് പലവട്ടം തഴഞ്ഞ തന്നെ പരിഗണിക്കണമെന്നാണ് കൊടിക്കുന്നിൽ സുരേഷിന്റെ ആവശ്യം. ബെന്നി ബഹനാനായി ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ് എ ഗ്രൂപ്പ്. ജോസഫ് വാഴയ്ക്കനായി രമേശ് ചെന്നിത്തലയും രംഗത്തുണ്ട്. കെസി വേണുഗോപാൽ വിഭാഗത്തിൻറെ പിന്തുണയിലാണ് മാത്യു കുഴൽനാടനായുളള നീക്കം.

ബെംഗളൂരുവിലെ പീഡനക്കേസ്; പരാതിക്കാരിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമമെന്ന് ആരോപണം, പൊലീസിനെതിരെയും ഗുരുതര ആരോപണം

0

ബെംഗളൂരുവിലെ മഡിവാളയിൽ മലയാളി കോളേജ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായ കേസിൽ പുതിയ ആരോപണങ്ങൾ പുറത്ത്. കേസിലെ പ്രതി പരാതിക്കാരിയായ യുവതിയെയും സുഹൃത്തുക്കളെയും ഹണി ട്രാപ്പ് കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ പ്രതി ഹൈനസ്, തനിക്കെതിരെ ഹണി ട്രാപ്പ് ശ്രമം നടന്നുവെന്ന് കാണിച്ച് മഡിവാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായാണ് വിവരം.

യുവതിയും സുഹൃത്തുക്കളും പിന്നീട് ബെംഗളൂരു നോർത്ത് ഡി.സി.പി.യെ സമീപിച്ചപ്പോഴാണ് പ്രതി ഇത്തരമൊരു പരാതി നൽകിയതായി അറിയുന്നത്. പ്രതി ഒളിവിൽ പോകുന്നതിന് മുൻപാണ് പരാതി നൽകിയതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ പ്രതിയുടെ പരാതിയിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് ആദ്യം പരാതി നൽകാൻ എത്തിയപ്പോൾ മഡിവാള പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്നും യുവതി ആരോപിച്ചു. പരാതി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മണിക്കൂറുകളോളം സ്റ്റേഷനിൽ കാത്തിരുത്തിയതായും ഇതിനിടെ സമ്മർദവും ഭീഷണിയും നേരിട്ടതായും അവർ വെളിപ്പെടുത്തി.

കേസ് മുന്നോട്ടുകൊണ്ടുപോകുന്നതിന് പകരം ഒത്തുതീർപ്പിന് ശ്രമിക്കുന്നതാണ് നല്ലതെന്ന് പൊലീസ് നിർദേശിച്ചുവെന്നും അല്ലാത്തപക്ഷം കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയതായും യുവതി ആരോപിച്ചു. മേൽ ഉദ്യോഗസ്ഥരെ സമീപിച്ചതോടെയാണ് കേസിൽ തുടർനടപടികൾ ആരംഭിച്ചതെന്നും അവർ പറഞ്ഞു.

മേയ് 12-നാണ് ബെംഗളൂരുവിൽ വിദ്യാർത്ഥിനി പീഡനത്തിനിരയായത്. അടുത്ത ദിവസം തന്നെ യുവതിയും സുഹൃത്തുക്കളും മഡിവാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പിന്നീട് മേൽ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് കേസിൽ നടപടി പുരോഗമിച്ചത്.

English Summary

A Malayalam college student who alleged sexual assault in Bengaluru’s Madiwala area has accused the accused of trying to frame her and her friends in a honey-trap case. The victim also raised serious allegations against the police, claiming that officers initially refused to register an FIR and pressured them for a settlement. The case has now sparked major controversy.

കേരളത്തിൽ സ്‌കൂളുകൾ ജൂൺ 1ന് തുറക്കും; സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗേൾസ് സ്കൂളിൽ

സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ 1ന് പുതിയ അധ്യയന വർഷത്തിലേക്ക് കടക്കും. പ്രവേശനോത്സവത്തോടനുബന്ധിച്ച് സംസ്ഥാനതലത്തിൽ വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. തിരുവനന്തപുരം പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി വി. ഡി സതീശൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രിയും മറ്റ് ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.

പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ പ്രവേശനോത്സവമായതിനാൽ ഇത്തവണത്തെ പരിപാടിക്ക് പ്രത്യേക പ്രാധാന്യമാണുള്ളത്. വിദ്യാർത്ഥികൾക്ക് ആവേശകരമായ സ്വീകരണം ഒരുക്കുന്നതിനൊപ്പം പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളും പുതിയ പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കാനും പരിപാടി വേദിയാകും.

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കലാപരിപാടികൾ, സ്വാഗത ഘോഷയാത്രകൾ, കുട്ടികൾക്കായുള്ള പ്രത്യേക സ്വീകരണങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രവേശനോത്സവം സംഘടിപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതോടൊപ്പം പ്രവേശനോത്സവ ഗാനവും വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഒരേ സമയം ഗാനം ആലപിക്കുന്ന രീതിയിലായിരിക്കും ചടങ്ങുകൾ നടക്കുക.

പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകി ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, പുനരുപയോഗ സാധനങ്ങൾ ഉപയോഗിക്കുക, ഹരിത അലങ്കാരങ്ങൾക്ക് പ്രാധാന്യം നൽകുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.

പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി പാഠപുസ്തക വിതരണവും അവസാന ഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും മെയ് 31നകം പാഠപുസ്തകങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം. യൂണിഫോം, ഉച്ചഭക്ഷണ പദ്ധതി, സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും സമയബന്ധിതമായി ഒരുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

English Summary

Schools in Kerala will reopen on June 1 for the new academic year. The state-level school reopening festival will be inaugurated by Chief Minister V. D. Satheesan at Pattom Girls Higher Secondary School in Thiruvananthapuram. The Education Department has directed schools to organize welcoming events and follow green protocol measures. Textbook distribution is also in the final stage, with a target to supply books to all students before May 31.

എഡിഎം നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി പഴകുളം മധു എംഎൽഎ

0

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി കോൺഗ്രസ് എംഎൽഎ അഡ്വ. പഴകുളം മധു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, മണിയാർ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്നതായി ആരോപിക്കുന്ന അഴിമതിയും ഭരണവീഴ്ചകളും അന്വേഷിക്കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു. വിഷയത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് എംഎൽഎ കത്തയച്ചതായും റിപ്പോർട്ടുകളുണ്ട്. അന്വേഷണം വിജിലൻസിന് വിടാനാണ് സാധ്യതയെന്നുമാണ് വിവരം.

1994ൽ സ്വകാര്യ കമ്പനിക്ക് 30 വർഷത്തേക്ക് നൽകിയ മണിയാർ ജലവൈദ്യുത പദ്ധതിയുടെ കരാർ 2024ൽ അവസാനിച്ചിട്ടും പദ്ധതി സർക്കാർ ഏറ്റെടുക്കാൻ മുൻ സർക്കാർ നടപടിയെടുത്തില്ലെന്നാണ് എംഎൽഎയുടെ ആരോപണം. കോടിക്കണക്കിന് രൂപയുടെ വരുമാനമുള്ള പദ്ധതിയിൽ സ്വകാര്യ കമ്പനിക്ക് അനുകൂലമായി ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും പ്രവർത്തിച്ചുവെന്നും സമഗ്ര വിജിലൻസ് അന്വേഷണം വേണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

English Summary

Congress MLA Adv. Pazhakulam Madhu has submitted a petition to the Chief Minister demanding a CBI probe into the death of ADM Naveen Babu. He also called for the withdrawal of cases related to the Sabarimala protest. Additionally, the MLA sought a vigilance investigation into alleged corruption and irregularities connected to the Maniyar hydroelectric project.

എബോള ഭീഷണി; കേരളത്തിൽ ജാഗ്രത ശക്തമാക്കി, തിരുവനന്തപുരം-കൊച്ചി വിമാനത്താവളങ്ങളിൽ പ്രത്യേക നിരീക്ഷണം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും എബോള വൈറസ് വ്യാപന ആശങ്ക ഉയരുന്നതിനിടെ കേരളത്തിൽ ജാഗ്രത ശക്തമാക്കി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും. എയർപോർട്ട് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ പ്രത്യേക സ്ക്രീനിംഗ് നടപടികൾ സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കാനും രോഗലക്ഷണങ്ങൾ കാണിക്കുന്ന യാത്രക്കാർക്കായി ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കാനും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഉടൻ തന്നെ വിശദമായ മാർഗനിർദേശങ്ങളും പുറത്തിറക്കും.

അതേസമയം, എബോള പ്രതിരോധ നടപടികളുടെ ഭാഗമായി കൊച്ചി വിമാനത്താവളത്തിലും സിയാലിന്റെയും എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷന്റെയും നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു. യാത്രക്കാരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.

വിമാനത്താവളങ്ങളിൽ 24 മണിക്കൂറും സർവൈലൻസ് സംവിധാനം പ്രവർത്തിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെ തെർമൽ സ്ക്രീനിംഗ്, വിഷ്വൽ പരിശോധന, കഴിഞ്ഞ 21 ദിവസത്തെ യാത്രാ വിവരങ്ങളുടെ പരിശോധന എന്നിവ നിർബന്ധമാക്കും. കൂടാതെ, അന്താരാഷ്ട്ര യാത്രക്കാർ ഇമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ ഫോമും സമർപ്പിക്കണം.

English Summary

ebola virus, kerala health alert, kochi airport, thiruvananthapuram airport, health department, airport screening, kerala news

Kerala has intensified precautionary measures amid renewed global concerns over the Ebola virus. Medical board meetings are being held at Thiruvananthapuram and Kochi airports to strengthen screening and surveillance systems. Authorities have decided to implement thermal screening, travel history checks, and mandatory self-declaration forms for international passengers.

Slug

Tags

എവറസ്റ്റ് കീഴടക്കി മടങ്ങവെ ദാരുണാന്ത്യം; രണ്ട് ഇന്ത്യൻ പർവതാരോഹകർ മരിച്ചു

0

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കി മടങ്ങുന്നതിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരണപ്പെട്ടു. അരുൺ കുമാർ തിവാരി, സന്ദീപ് ആരെ എന്നിവരാണ് മരിച്ചതെന്ന് നേപ്പാൾ അധികൃതർ അറിയിച്ചു.

കൊടുമുടിയിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ ഇരുവർക്കും കടുത്ത ക്ഷീണവും ശ്വാസതടസ്സവും അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. ഒപ്പമുണ്ടായിരുന്ന ഗൈഡുകൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് എക്‌സ്‌പെഡിഷൻ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് നേപ്പാളിന്റെ സെക്രട്ടറി ജനറൽ ഋഷി ഭണ്ഡാരി അറിയിച്ചു.

അധികൃതർ പറയുന്നതനുസരിച്ച്, സന്ദീപ് ബുധനാഴ്ചയും അരുൺ കുമാർ തിവാരി വ്യാഴാഴ്ച വൈകിട്ട് 5.30ഓടെയുമാണ് എവറസ്റ്റ് കൊടുമുടി കീഴടക്കിയത്. വ്യാഴാഴ്ചയാണ് സന്ദീപിന്റെ മരണം സ്ഥിരീകരിച്ചത്. തിവാരിയുടെ മരണസമയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

English Summary

Two Indian climbers, Arun Kumar Tiwari and Sandeep Are, died while descending Mount Everest after successfully reaching the summit. Nepal authorities said the climbers experienced severe exhaustion and breathing difficulties during the descent. Rescue efforts by guides were unsuccessful.

ചന്ദ്രമതിക്കും ഷനോജ് ആർ ചന്ദ്രനും പദ്മരാജൻ സാഹിത്യ പുരസ്‌കാരം; ദിൻജിത്ത് അയ്യത്താനും ബാഹുൽ രമേശിനും ചലച്ചിത്ര പുരസ്‌കാരം

തിരുവനന്തപുരം: 2025ലെ പി. പദ്മരാജൻ സാഹിത്യ-ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ‘ഒഴുകാതെ ഒരു പുഴ’ എന്ന നോവലിലൂടെ ചന്ദ്രമതി മികച്ച നോവലിസ്റ്റായും ‘അരപ്പാതിരി’ എന്ന ചെറുകഥയുടെ രചയിതാവായ ഷനോജ് ആർ ചന്ദ്രൻ മികച്ച കഥാകൃത്തായും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച നോവലിനുള്ള പുരസ്‌കാരമായി 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരമായി 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും നൽകും.

‘എക്കോ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ദിൻജിത്ത് അയ്യത്താൻ മികച്ച സംവിധായകനായും ബാഹുൽ രമേശ് മികച്ച തിരക്കഥാകൃത്തായും തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകനുള്ള പുരസ്‌കാരമായി 25,000 രൂപയും തിരക്കഥാകൃത്തിനായി 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും നൽകും.

പുതുമുഖ എഴുത്തുകാരന്റെ ആദ്യ ശ്രദ്ധേയ കൃതിക്കുള്ള വിസ്മയാസ്മാക്‌സ് യുവസാഹിത്യ പുരസ്‌കാരം ‘അപരസമുദ്ര’ നോവലിന്റെ രചയിതാവായ മിഥുൻ കൃഷ്ണയ്ക്ക് ലഭിക്കും.

എസ്. ഹരീഷ് അധ്യക്ഷനായ ജൂറിയാണ് സാഹിത്യ പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. രാഹുൽ രാധാകൃഷ്ണൻ, പ്രദീപ് പനങ്ങാട് എന്നിവർ അംഗങ്ങളായിരുന്നു. മധുപാൽ അധ്യക്ഷനായ സമിതിയാണ് ചലച്ചിത്ര പുരസ്‌കാരങ്ങൾ നിർണയിച്ചത്. വിജയകൃഷ്ണനും സുലോചന രാംമോഹനും സമിതിയിലുണ്ടായിരുന്നു.

35-ാമത് പദ്മരാജൻ പുരസ്‌കാരങ്ങളാണിത്. പുരസ്‌കാരദാനം ഓഗസ്റ്റിൽ നടക്കുമെന്ന് പദ്മരാജൻ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

English Summary

The 2025 Padmarajan Literary and Film Awards have been announced. Chandramathi won the best novelist award for “Ozhukathe Oru Puzha,” while Shanoj R Chandran received the best short story writer award for “Arappathiri.” Director Dinjith Ayyathan and scriptwriter Bahul Ramesh won the film awards for the movie “Echo.” Mithun Krishna received the Vismayasmax Young Literature Award for the novel “Aparasamudra.”