പാർട്ടിയുമായി ബന്ധം പുലർത്തിയില്ല: CPIM കായംകുളം ഏരിയ കമ്മിറ്റിയിൽ യു പ്രതിഭക്ക് വിമർശനം

ആലപ്പുഴ :  യു പ്രതിഭയ്‌ക്കെതിരെ സിപിഐഎം കായംകുളം ഏരിയ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. ഇക്കഴിഞ്ഞ പത്തുവർഷവും പ്രതിഭ പാർട്ടിയുമായി ബന്ധം പുലർത്തിയില്ലെന്നാണ് പ്രധാന വിമ‍ർശനം.

പാർട്ടിക്കാരുടെ വീട്ടിൽ എത്തിയില്ലെങ്കിലും ലീഗുകാരുടെ വീട്ടിൽ എല്ലാ പരിപാടിക്കും പ്രതിഭ സ്ഥിരമായി എത്തിയെന്നും  കെജിഎഫ് എന്ന പേരിൽ പ്രതിഭ ആരാധന കൂട്ടായ്മ ഉണ്ടാക്കിയെന്നും പാർട്ടി വിരുദ്ധരും പുറത്താക്കിയവരും വരെ ആ ഗ്രൂപ്പിൽ അംഗങ്ങളായിരുന്നുവെന്നും ഏരിയ കമ്മിറ്റിയിൽ വിമ‍ർശനം ഉയർന്നു.

പാർട്ടി പ്രവർത്തകരെ കണ്ട ഭാവം പോലും വെച്ചില്ല. പാർട്ടിയിലെ സജീവ അംഗങ്ങൾ ഫോൺ വിളിച്ചാൽ ഫോൺ എടുക്കില്ല എന്ന് പ്രതിജ്ഞ ചെയ്ത പോലെയാണ് പ്രതിഭ പ്രവർത്തിച്ചത്.

എം സ്വരാജ് പങ്കെടുക്കുന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് യു പ്രതിഭക്ക് എതിരെ ‌രൂക്ഷവിമർശനം ഉയർന്നത്. യു പ്രതിഭയും ഏരിയാ കമ്മറ്റി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കുമോ? എം വി ഗോവിന്ദൻറെ മറുപടി ഇങ്ങനെ

ദില്ലി: പാർട്ടിയുടെ കനത്ത തോൽവിയ്ക്ക് പിന്നാലെ ചില പാർട്ടി പ്രവർത്തകർ മുന്നോട് വെച്ച ചോദ്യമാണ് എന്തുകൊണ്ടാണ് ബിനിഷ് കോടിയേരിയെ അവഗണിക്കുന്നത് എന്ന്, പിന്നീട് ആണ് പലരും മനസ്സിലാക്കിയത് ബിനീഷിന്റെ അംഗത്വം പാർട്ടി പുതുക്കി നൽകിയില്ല എന്ന്.

ബിനീഷ് കോടിയേരിയുടെ പാർ‍ട്ടി അംഗത്വം പുതുക്കൽ സംബന്ധിച്ച ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

സംസ്ഥാന നേതൃത്വം ഇടപെടുമോ എന്ന ചോദ്യത്തിന് അതു അവിടെയുള്ള പ്രാദേശിക കാര്യമാണ് എന്നായിരുന്നു എം വി ഗോവിന്ദന്‍റെ മറുപടി.

എന്തുകൊണ്ട് ബിനീഷിന്‍റെ അംഗത്വം പുതുക്കുന്നില്ല എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.

പാർട്ടി അംഗത്വം പുതുക്കണമെന്ന ബിനീഷിന്‍റെ അപേക്ഷ നാല് തവണയാണ് സിപിഎം നിരസിച്ചത്. 2001 മുതൽ 2020 വരെ ബിനീഷിന് സിപിഎം അംഗത്വമുണ്ടായിരുന്നു. 2020 ൽ ആണ് ബിനീഷിന്‍റെ അംഗത്വം മരവിപ്പിച്ചത്. ബിനീഷ് ലഹരിക്കേസിൽ അറസ്റ്റിലായതോടെയാണ് പാർട്ടി അംഗത്വം മരവിപ്പിച്ചത്.

കേരള നിയമസഭയിൽ ബിജെപിയെ ആര് നയിക്കും? പാർട്ടിയിൽ കടുത്ത തർക്കമെന്ന് റിപ്പോർട്ടുകൾ

കേരള നിയമസഭയിൽ ബിജെപിയെ നയിക്കാൻ പോകുന്ന പുതിയ നേതാവ് ആരായിരിക്കുമെന്ന കാര്യത്തിൽ പാർട്ടിക്ക് ഉള്ളിൽ കടുത്ത തർക്കങ്ങൾ ഉടലെടുക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രമുഖ നേതാവായ വി മുരളീധരൻ നിയമസഭാ കക്ഷി നേതൃസ്ഥാനം വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. ഈ തർക്കങ്ങൾ പരിഹരിക്കാൻ പാർട്ടി നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല.

എന്നാൽ നിയമസഭയിലെ നേതൃസ്ഥാനം വിട്ടുകൊടുക്കാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖർ. പാർട്ടിയിൽ തന്റെ സ്വാധീനവും നിലപാടും ശക്തമാക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. ഇതോടെ രണ്ട് പ്രമുഖ നേതാക്കളും തമ്മിലുള്ള ഈ ആഭ്യന്തര ഭിന്നത സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതുറന്നു.

മുൻപുള്ള പ്രവർത്തന പരിചയവും സീനിയോരിറ്റിയും ഉയർത്തിക്കാട്ടിയാണ് വി മുരളീധരനായി പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ഇപ്പോൾ ശക്തമായി വാദിക്കുന്നത്. മുരളീധരൻ നിയമസഭാ കക്ഷി നേതാവാകുമെന്ന തരത്തിൽ നേരത്തെയും ചില വാർത്തകൾ പുറത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് നിയമസഭയിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുമെന്നാണ് ഇവരുടെ വിലയിരുത്തൽ.

എന്നാൽ വി മുരളീധരൻ നിയമസഭയിലെ കക്ഷി നേതാവായാൽ അത് സംഘടനയ്ക്കുള്ളിൽ രണ്ട് അധികാര കേന്ദ്രങ്ങൾ രൂപപ്പെടാൻ കാരണമാകുമെന്ന് ഔദ്യോഗിക പക്ഷം വാദിക്കുന്നു. ഇത് പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങളെയും കെട്ടുറപ്പിനെയും ദോഷകരമായി ബാധിച്ചേക്കാമെന്നാണ് ഇവരുടെ ആശങ്ക. സംസ്ഥാന അധ്യക്ഷൻ തന്നെ നിയമസഭയിലും പാർട്ടിയെ നയിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

സംസ്ഥാന തലത്തിൽ ചർച്ചകൾ നടത്തിയിട്ടും ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ നിന്നും പിന്മാറാൻ ഇതുവരെ തയ്യാറായിട്ടില്ല. ഇതോടെ വിഷയം കൂടുതൽ സങ്കീർണ്ണമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. തർക്കങ്ങൾ പരിഹരിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിനായി വിഷയം ഇപ്പോൾ കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.

കേരള നിയമസഭയിൽ നിലവിൽ മൂന്ന് എംഎൽഎമാരാണ് ബിജെപിക്കുള്ളത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് സഭയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാൽ സഭയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ശക്തനായ ഒരു നേതാവ് അനിവാര്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചായിരിക്കും ഇനി വരും ദിവസങ്ങളിലെ തുടർനടപടികൾ ഉണ്ടാകുക. രണ്ട് പ്രമുഖ നേതാക്കളുടെയും താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഒരു സമവായത്തിലെത്താൻ ഹൈക്കമാൻഡ് വലിയ ശ്രമങ്ങൾ നടത്തേണ്ടി വരും. ബിജെപിക്കുള്ളിലെ ഈ പുതിയ അധികാര തർക്കങ്ങൾ കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങൾ അതീവ താല്പര്യത്തോടെയാണ് വീക്ഷിക്കുന്നത്.

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി

എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കി. വിദേശത്തുനിന്നെത്തുന്ന രോഗലക്ഷണമുള്ളവർക്കായി ഐസൊലേഷനായി മൂന്ന് ആശുപത്രികൾ സജ്ജീകരിച്ചു. അന്താരാഷ്ട്ര യാത്രക്കാർ എമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ സമർപ്പിക്കണമെന്നും സിയാൽ അധികൃതർ അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രി, കളമശേരി മെഡിക്കൽ കോളജ്, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

വിമാനത്താവളത്തിൽ 24 മണിക്കൂർ നിരീക്ഷണം തുടരും. തെർമൽ സ്കാനിങ്, വിഷ്വൽ ഇൻസ്പെക്ഷൻ, ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവയും ഏർപ്പെടുത്താൻ തീരുമാനമായി. റിപ്പോർട്ട് ചെയ്തിട്ടുള്ള എബോള വൈറസിന്റെ അഞ്ച് സ്പീഷിസുകളിൽ ബുണ്ടിബുഗ്യോ എബോള വൈറസ് (BDBV) വകഭേദത്തിന് ഇതുവരെ ഫലപ്രദമായ വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല.

രോഗബാധയ്ക്ക് ശേഷം 2 മുതൽ 21 ദിവസം വരെയാണ് ഇൻക്യൂബേഷൻ കാലയളവ്. പനി, തൊണ്ടവേദന, തലവേദന എന്നിവ ഉൾപ്പെടെയുള്ള ഫ്ലൂ സമാന ലക്ഷണങ്ങളാണ് തുടക്കത്തിൽ കാണപ്പെടുന്നത്. രോഗത്തിന്റെ മരണനിരക്ക് 30 മുതൽ 50 ശതമാനം വരെയാണെന്നും യോഗത്തിൽ വിശദീകരിച്ചു. ലോകാരോഗ്യ സംഘടന (WHO) എബോള വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേക നിരീക്ഷണ വിധേയരാക്കും.

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ; സമവായ ചർച്ച ഇന്ന് രാത്രി കൊച്ചിയിൽ

എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി സമവായ ചർച്ച. കൊച്ചിയിൽ നടക്കുന്ന ചർച്ചയിൽ മന്ത്രി റോജി എം ജോൺ, വി.പി സജീന്ദ്രൻ എംഎൽഎ എന്നിവർ പങ്കെടുക്കും. ഉന്നതിയിൽ ഉള്ളവരുമായും പരാതിക്കാരുമായും സംസാരിക്കും. കളക്ടറേറ്റിൽ രാത്രി എട്ട് മണിയ്ക്കാൻ ചർച്ച നടക്കുക. നാളെ വൈകിട്ടോടുകൂടി മലയിടംതുരുത്തിൽ താമസിക്കുന്ന എട്ട് ദളിത് കുടുംബങ്ങളെയും ഒഴിപ്പിക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവ്. നാളെ രാവിലെ അഡ്വക്കേറ്റ് കമ്മീഷൻ പൊലീസ് സംഘവുമായി എത്താനാണ് സാധ്യത. ഈ സമയത്താണ് സർക്കാരിന്റെ നിർണായക ഇടപെടൽ. കുടുംബങ്ങളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം ജോണിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു.

പുതിയ സർക്കാർ അധികാരമേറ്റത്തിന് തൊട്ടു പുറകെയുള്ള വെല്ലുവിളിയാണ് കുന്നത്ത്നാട് മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കൽ പ്രശ്നം എങ്ങനെ രമ്യമായി പരിഹരിക്കും എന്നത്.കോടതിയിൽ സാവകാശം തേടാനും സാധ്യതയുണ്ട് . അതിനിടെ പ്രദേശത്ത് സമരം കടുപ്പിക്കുകയാണ് സിപിഐഎം. രണ്ടേക്കർ 65 സെന്റ് ഭൂമിയിലാണ് തർക്കം നിലനിൽക്കുന്നത്. ഒരു കാരണവശാലും ഒഴിയില്ലെന്നാണ് കുടുംബങ്ങൾ വ്യക്തമാക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയെ നിലവിലെ സംഘർഷ സാഹചര്യം ബോധ്യപ്പെടുത്താനാണ് സർക്കാർ ശ്രമം.

2022 ലാണ് 19 ഏക്കറിയിൽ വരുന്ന രണ്ട് ഏക്കർ 60 സെന്റ് ഭൂമി കിഴക്കമ്പലം സ്വദേശിയായ സ്വകാര്യ വ്യക്തിയുടേതാണെന്ന് കോടതി ഉത്തരവ് വരുന്നതും അഭിഭാഷക കമ്മീഷനെ നിയമിക്കുന്നതും, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കാലങ്ങളായി നീങ്ങുന്ന അതിനോടൊപ്പം, വർഷങ്ങളായി ഇവിടെ താമസിക്കുന്നവരുടെ മുന്നോട്ടുള്ള ജീവിതമാണ് പ്രതിസന്ധിയിലാകുന്നത്.

നീറ്റ് യുജിയിൽ വൻ പരിഷ്കാരങ്ങൾക്ക് നീക്കം; പ്രായപരിധിയും ശ്രമങ്ങളുടെ എണ്ണവും നിയന്ത്രിക്കാൻ ആലോചന

0

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജിയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. പരീക്ഷയ്ക്ക് ഉയർന്ന പ്രായപരിധി നിശ്ചയിക്കുന്നതും പരീക്ഷ എഴുതാനുള്ള ശ്രമങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതുമടക്കമുള്ള നിർദേശങ്ങളാണ് പരിഗണനയിൽ ഉള്ളത്.

നിലവിൽ 17 വയസ് പൂർത്തിയായിരിക്കണം എന്നതാണ് നീറ്റ് പരീക്ഷയ്ക്കുള്ള അടിസ്ഥാന യോഗ്യത. ഇതിന് പുറമെ പ്രായപരിധിയോ ശ്രമങ്ങളുടെ എണ്ണത്തിൽ നിയന്ത്രണമോ നിലവിലില്ല. എന്നാൽ പുതിയ പരിഷ്കാരങ്ങൾ നടപ്പിലായാൽ പരീക്ഷാ സംവിധാനത്തിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് സൂചന.

അതേസമയം, എൻജിനീയറിങ്-മെഡിക്കൽ പ്രവേശനങ്ങൾക്ക് ഏകീകൃത പൊതുപരീക്ഷ എന്ന ആശയവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പരിശോധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രവേശന പരീക്ഷകളെ കൂടുതൽ സുതാര്യവും ഏകീകൃതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കങ്ങൾ.

അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത (CBT) രീതിയിലേക്ക് മാറ്റുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരിഷ്കാര ചർച്ചകൾ ശക്തമായത്.

വിദഗ്ധ സമിതികൾ മുൻപും ഇത്തരം നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നുവെന്നും അടുത്തിടെ നടന്ന പാർലമെന്ററി സമിതി യോഗത്തിൽ ഈ വിഷയങ്ങൾ എൻടിഎ അവതരിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

English Summary

The Central Government is considering major reforms in the NEET-UG medical entrance examination, including introducing an upper age limit and restricting the number of attempts. Reports also suggest that the Education Ministry is examining the possibility of a unified entrance test for engineering and medical admissions. The had earlier announced that NEET would shift to a computer-based format from next year.

സ്വര്‍ണവിലയില്‍ നേരിയ  കുറവ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ കുറവ്. ഗ്രാമിന് 40 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 14,620 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കുറഞ്ഞത്.

പവന്റെ വിലയില്‍ 320 രൂപയുടെ കുറവുണ്ടായി. 1,16,960 രൂപയായാണ് പവന്റെ വില കുറഞ്ഞത്.

രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഇടിഞ്ഞു.  സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.4 ശതമാനമാണ് ഇടിഞ്ഞത്.

ആലപ്പുഴ മർദ്ദനക്കേസ്: പിണറായി വിജയന്റെ ഗൺമാൻ സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റി

തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതിയായ മുൻ മുഖ്യമന്ത്രി പിണറായി വിജയൻയുടെ ഗൺമാൻമാരിൽ ഒരാളെ സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റി. സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിനെയാണ് തിരികെ പോലീസ് വകുപ്പിലേക്ക് മാറ്റിയത്.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രത്യേക സുരക്ഷാ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു സന്ദീപ്. ആലപ്പുഴ മർദ്ദനക്കേസിൽ രണ്ടാം പ്രതിയാണ് ഇയാൾ. മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ സംവിധാനത്തിലും സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന Z പ്ലസ് കാറ്റഗറി സുരക്ഷ ഒഴിവാക്കി ഇപ്പോൾ Y കാറ്റഗറി സുരക്ഷയാണ് നൽകുന്നത്. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയും എന്ന പരിഗണനയിലാണ് പുതിയ സുരക്ഷ.

പുതിയ ക്രമീകരണപ്രകാരം പിണറായി വിജയന് ഇനി ഗൺമാൻമാർ ഉണ്ടാകില്ല. എസ്കോർട്ട് വാഹനം ഒഴിവാക്കിയെങ്കിലും പൈലറ്റ് വാഹനം തുടരും. വീട്ടിൽ സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം, മർദ്ദനക്കേസിലെ ഒന്നാം പ്രതിയായ അനിൽകുമാർ ഇപ്പോഴും പിണറായി വിജയന്റെ സുരക്ഷാ സംഘത്തിൽ തുടരുമെന്നാണ് വിവരം.

2023 ഡിസംബർ 15-ന് ആലപ്പുഴയിൽ നടന്ന നവകേരള സദസ്സിനിടെയായിരുന്നു സംഭവം. അന്ന് കെ.എസ്.യു നേതാവും നിലവിലെ എംഎൽഎയുമായ എ ഡി തോമസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജയ് എന്നിവർക്ക് നേരെ ഗൺമാൻ അനിൽകുമാറും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപും ആക്രമണം നടത്തിയെന്നാണ് കേസ്.

സംഭവത്തെ ആദ്യം “രക്ഷാപ്രവർത്തനം” എന്നായിരുന്നു സർക്കാർ വിശദീകരിച്ചത്. എന്നാൽ മർദ്ദനമേറ്റവർ പരാതി നൽകിയിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് എടുത്തത്.

അന്വേഷണം ആദ്യം ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. തുടർന്ന് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി എ പി ഷൗക്കത്തലിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.

മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ; കാലാവധി കഴിയും മുൻപേ മാതൃ യൂണിറ്റുകളിലേക്ക് മടക്കിയയച്ചു

മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ. കാലാവധി കഴിയുന്നതിന് മുന്നേയാണ് മാതൃ യൂണിറ്റുകളിലേക്ക് ഇവരെ മടക്കിയയച്ചത്. കാലാവധി കഴിയും മുന്നേയുള്ള നടപടിയിൽ സേനയ്ക്കുള്ളിൽ പ്രതിഷേധമുണ്ട്. കാലാവധിക്ക് ‌ഒരാഴ്ച മുമ്പേയാണ് നടപടി. ഈ മാസം 31 വരെയായിരുന്നു ഗൺമാൻ മാർക്ക് കാലാവധി. യുഡിഎഫ് സർക്കാർ അധികാരമേറ്റത്തിന് പിന്നാലെയാണ് മുൻഗണന്മാരെ മടക്കിയത്.

രണ്ടുദിവസം മുമ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. കാലാവധി കഴിയും മുന്നേ ഉള്ള നടപടിയിൽ സേനയ്ക്കുള്ളിൽ പ്രതിഷേധം. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ അടക്കമുള്ള ആ മുൻ സർക്കാർ പ്രതിനിധികളുടെ ഗൺമാൻമാരെയാണ് മടക്കിയത്. എന്നാൽ മുൻ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഈ ഉത്തരവ് ബാധകമല്ല. ഗൺമാൻ ആയിട്ടുള്ള അനിൽകുമാർ തുടരും. കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ആരോപണവിധേയനായ സന്ദീപിനെ ഉൾപ്പെടെ മടക്കിയയച്ചു.

അതേസമയം നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മൊഴി രേഖപ്പെടുത്തലിലേക്ക് എസ്ഐടി കടന്നു. ഇന്ന് സാക്ഷികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പരാതിക്കാരായ ആലപ്പുഴ എംഎൽഎ എ ഡി തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവരുടെ മൊഴി നാളെ രേഖപ്പെടുത്തും.

പങ്കുവെക്കുന്ന ഉള്ളടക്കം പ്രകോപനപരം; CJP എക്സ് ഹാൻഡിൽ വിലക്കിയത് രാജ്യസുരക്ഷാ ആശങ്കകളെ തുടർന്ന്

കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് ഹാൻഡിൽ വിലക്കിയത് രാജ്യസുരക്ഷാ ആശങ്കകളെ തുടർന്ന്. ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന ഇൻറലിജൻസ് ബ്യൂറോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിജെപിക്കെതിരെ കൂടുതൽ നടപടികൾക്കും സാധ്യത. അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന ഉള്ളടക്കം പ്രകോപനപരമാണെന്നും 2000 ലെ ഐടി ആക്ട് സെക്ഷൻ 69 A അനുസരിച്ചാണ് നടപടിയെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

അക്കൗണ്ട് വിലക്കിയതിന് പിന്നാലെ കോക്രോച്ച് ഈസ്‌ ബാക്ക് എന്ന പേരിൽ പുതിയ അക്കൗണ്ട് ആരംഭിച്ചിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നുവന്ന പാരഡി പാർട്ടിയാണ് സിജെപി അഥവാ കോക്രോച്ച് ജനതാ പാർട്ടി.

ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയായ അഭിജീത് ദിപ്‌കെയാണ് സിജെപിയുടെ സ്ഥാപകൻ. 2020 മുതൽ 2023വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിലെ അംഗവുമായിരുന്നു അഭിജിത്ത്.സമൂഹമാധ്യമങ്ങളിൽ ബിജെപിയെ പിന്തള്ളിയും കോക്രോച്ച് ജനതാ പാർട്ടി മുന്നോട്ടു പോവുകയാണ്. ഇതിനിടെയാണ് അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയത്.

മലയിടംതുരുത്തിലെ ഒഴിപ്പിക്കൽ നടപടി; ഇടപെടലുമായി സർക്കാർ, ചർച്ച നടത്താൻ മന്ത്രി റോജി എം ജോണിനെ ചുമതലപ്പെടുത്തി

മലയിടംതുരുത്തിലെ ഒഴിപ്പിക്കൽ നടപടികളിൽ ഇടപെട്ട് സർക്കാർ. ചർച്ച നടത്താൻ ‌മന്ത്രി റോജി എം ജോണിനെ മുഖ്യമന്ത്രി വി ഡി സതീശൻ ചുമതലപ്പെടുത്തി. വിഷയത്തിൽ എൽഡിഎഫ് നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഉന്നതി ഒഴിപ്പിക്കൽ നടപടി കോടതിയോട് സാവകാശം ചോദിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിൽ തീരുമാനമായി. കോടതിയുടെ നിർദ്ദേശത്തോട് മാത്രമായിരിക്കും തുടർ നടപടി സ്വീകരിക്കുകയെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ 10 വർഷക്കാലം ഒന്നും ചെയ്യാതിരുന്ന സർക്കാരാണ് ഇപ്പോൾ അധികാരത്തിൽ വന്ന് ദിവസങ്ങൾ മാത്രമായ ഒരു സർക്കാരിനെ കുറ്റം പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം ഒഴിപ്പിക്കൽ നടപടിയിൽ പ്രദേശവാസികളുമായി ചർച്ച നടത്താൻ എറണാകുളത്തുനിന്നുള്ള മന്ത്രി റോജി എം ജോർജിനെ മുഖ്യമന്ത്രി വിഡി സതീശൻ ചുമതലപ്പെടുത്തി. പ്രശ്നം രമ്യമായി എത്രയും വേഗം പരിഹരിക്കാനാണ് യുഡിഎഫ് സർക്കാരിന്റെ ശ്രമം.

ഭൂമി ഒഴിപ്പിക്കൽ ശനിയാഴ്ചക്കകം പൂർത്തിയാക്കണമെന്ന് കോടതി ഉത്തരവ്. പെരുമ്പാവൂർ മുൻസിഫ് കോടതിയാണ് ഉത്തരിറക്കിയത്. റൂറൽ എസ്പി അടക്കമുള്ളവർക്ക് കർശന നിർദേശമാണ് കോടതി നൽകിയിരിക്കുന്നത്. ശനിയാഴ്ചക്കകം ഭൂമി തിരിച്ചു പിടിക്കണമെന്നും പൊലീസിന് വീഴ്ച വരരുതെന്നും കോടതി നിർദേശിച്ചു. നടപടികൾ‌ പൂർത്തിയാക്കി ഭൂമി പിടിച്ചെടുത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. കുടിയൊഴിപ്പിക്കുന്നതിന് എതിരായ പ്രതിഷേധത്തിൽ അമ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

നിയമസഭയെ നയിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ; സ്പീക്കറായി തിരഞ്ഞെടുത്തു

നിയമസഭ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. പ്രോടെം സ്പീക്കർ ജി. സുധാകരന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ ആയി ചുമതല ഏറ്റു. ചരിത്രത്തിലാദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാർഥികൾ മത്സരിച്ചു. എൽ.ഡി.എഫിൽനിന്ന് എ.സി. മൊയ്തീനും എൻ.ഡി.എ.യിൽനിന്ന് ബി.ബി. ഗോപകുമാറുമാണ് മത്സരിച്ച മറ്റ് രണ്ട് പേർ‌. മുഖ്യമന്ത്രി വി.ഡി. സതീശനാണ് സ്പീക്കർ തിരഞ്ഞെടുപ്പിൽ ആദ്യം വോട്ട് രേഖപ്പെടുത്തിയത്.

102 അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. 35 അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്. എൻ.ഡി.എ.യ്ക്ക് മൂന്നും. അസാധു വോട്ടുകളില്ല. ഭൂരിപക്ഷം എത്ര കുറഞ്ഞാലും സ്പീക്കർ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം മത്സരിക്കുന്നത് സാധാരണമാണ്. രാഷ്ട്രീയത്തിലും നിയമസഭാ ജീവിതത്തിലും വിശേഷപ്പെട്ട പ്രഗൽഭ്യം തെളിയിച്ചയാളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്ന് ചെയർ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണനെ പിണറായി വിജയൻ അനുമോദിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചു.

ജൂൺ ഒന്നിനാണ്‌ ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പ്‌. യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറാകും. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരിക്കുമെങ്കിലും ആരെ സ്ഥാനാർഥിയാക്കണമെന്ന് എൽഡിഎഫ് തീരുമാനിച്ചിട്ടില്ല. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ഒന്നു മുതൽ മൂന്നുവരെ ഗവർണറുടെ നയപ്രഖ്യാപനത്തിന്‌ നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിനു മേൽ ചർച്ചയും സഭയിൽ നടക്കും.

മോഡലിങ്ങിൻ്റെ മറവിൽ സെക്സ്റാക്കറ്റ്; സിന്ധുവിൻ്റെ വാട്‌സാപ്പ് സ്‌ക്രീൻ ഷോട്ട് പുറത്ത്

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റും മനുഷ്യക്കടത്തും നടത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മുഖ്യപ്രതി സിന്ധുവിന്റേതെന്ന് കരുതുന്ന വാട്‌സാപ്പ് സ്‌ക്രീൻ ഷോട്ട് പുറത്തായി.

ഈ സ്ക്രീൻ ഷോർട്ട് പ്രകാരം   പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചു നൽകിയിരുന്നുവെന്നാണ് മനസ്സിലാകുന്നത്.

ഇതിന് പിന്നാലെ തുക പറഞ്ഞ് ഡീൽ ഉറപ്പിച്ചിരുന്നത്. ഇതിന്റെ സ്‌ക്രീൻഷോട്ടുകളാണ് പുറത്തുവന്നത്.

കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ വെച്ച് സിന്ധുവിനെ കസ്റ്റഡിയിലെടുത്തിരുന്നു. മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് സിന്ധു പൊലിസീന്റെ പിടിയിലായത്. 

സിന്ധുവിനെ ചോദ്യംചെയ്യുന്നത് വഴി കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

‘രാജ്യത്ത് ഇന്ധനക്ഷാമം ഇല്ല; പരിഭ്രാന്തരായി വാങ്ങി കൂട്ടേണ്ട ആവശ്യമില്ല’; കേന്ദ്രസർക്കാർ

രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ആവശ്യമായ ക്രൂഡോയിലും ഇന്ധനവും നിലവിൽ ലഭ്യമാണ്. എല്ലാ പെട്രോൾ പമ്പുകളിലും ലഭ്യത ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ചിലയിടങ്ങളിൽ വലിയ തിരക്കുകൾ അനുഭവപ്പെടുന്നുണ്ട്. പരിഭ്രാന്തരായി വാങ്ങി കൂട്ടേണ്ട ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞു.

റിഫൈനറികൾ പരമാവധി ശേഷിയിൽ പ്രവർത്തിക്കുന്നു. എൽപിജി ഉൽപാദനം വർധിപ്പിച്ചു. കാർഷിക സീസൺ ഉൾപ്പെടെയുള്ള കാരണങ്ങളാൽ ചിലയിടങ്ങളിൽ ഇന്ധനത്തിന്റെ ആവശ്യകത വർദ്ധിച്ചു. അതേസമയം ഇലക്ട്രിക് ബസുകൾക്കും ട്രക്കുകൾക്കും വൻ സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത് കേന്ദ്രം പരിഗണിക്കുന്നു. വർധിച്ച് വരുന്ന ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നീക്കം. സ്വകാര്യ ഇന്റർ സിറ്റി ഓപ്പറേറ്റർമാരെയും സംസ്ഥാനങ്ങളെയുമാണ് കേന്ദ്രം ഇതിനായി ലക്ഷ്യമിടുന്നത്. ഫോസിൽ ഇന്ധന ഉപയോഗം കുറച്ച് പൊതുഗതാഗതം പൂർണമായി ഇവി ആക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നടപടി.

മലിനീകരണം കുറയ്ക്കുക, രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുക എന്നിവയും ലക്ഷ്യമിട്ടിട്ടുണ്ട്. നിർദ്ദേശത്തിന് രൂപം നൽകുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസും വ്യവസായ പങ്കാളികളുമായും ഈ മാസം കൂടിക്കാഴ്ചകൾ ആരംഭിക്കാൻ സാധ്യതയുണ്ട്. ബജറ്റ് വലുപ്പം, യോഗ്യമായ വാഹന വിഭാഗങ്ങൾ, സബ്‌സിഡി ഘടന എന്നിവ ചർച്ച ചെയ്തു തീരുമാനിക്കും.

‘കോക്രോച്ച് ഈസ്‌ ബാക്ക്’ ഞങ്ങളെ ഒഴിവാക്കാൻ പറ്റുമെന്ന് കരുതിയോ?; എക്സ് അക്കൗണ്ട് പൂട്ടിയതിന് തൊട്ടുപിന്നാലെ പുതിയത് തുറന്ന് സിജെപി

പുതിയ എക്സ് അക്കൗണ്ട് ആരംഭിച്ച് കോക്രോച്ച് ജനതാ പാർട്ടി. കോക്രോച്ച് ഈസ്‌ ബാക്ക് എന്ന പേരിലാണ് അക്കൗണ്ട്. ഞങ്ങളെ ഒഴിവാക്കാൻ പറ്റുമെന്ന് കരുതിയോ എന്ന് എക്‌സിൽ അവർ കുറിച്ചു. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നുവെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്ക്കെ വ്യക്തമാക്കി. കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് അപ്രത്യക്ഷമായി.

പ്രതീക്ഷിച്ചത് സംഭവിച്ചെന്നാണ് സ്ഥാപകൻ അഭിജീത്ത് ദീപ്ക്കേയുടെ പ്രതികരണം. ബിജെപിയെക്കാൾ ഇൻസ്റ്റാഗ്രാമിൽ ജനപിന്തുണ ലഭിച്ചത് വിലക്കിന് കാരണം.അതിന് 4 ദിവസം മാത്രമാണ് വേണ്ടി വന്നത്.യുവത്വത്തിന്റെ ശക്തിയെ കുറച്ചുകാണരുത്. കോക്രോച്ച് ഈസ്‌ ബാക്ക് എന്ന പുതിയ അക്കൗണ്ടിലൂടെയാണ് പ്രതികരണം.

തുടര്‍ന്ന് പുതിയ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് സി ജെ പി. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നതായും സ്ഥാപകൻ അഭിജിത് വെളിപ്പെടുത്തി. തൊഴിലില്ലാത്ത യുവാക്കളെ ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോട് ഉപമിച്ചതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൊരുങ്ങിയ രാഷ്ട്രീയ പരിഹാസ്യകൂട്ടായ്മയാണ് കോക്രോച്ച് പാർട്ടി അഥവാ സിജെപി.

മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമെന്ന മുദ്രാവക്യവുമായി എത്തുന്ന സിജെപി ഒരു ജെന്‍സി മൂവ്മെന്‍റായി മാറിക്കൊണ്ടിരിക്കുകയാണ്. തൊഴിലില്ലാത്തവര്‍, മടിയന്മാര്‍, 12 മണിക്കൂറില്‍ കൂടുതല്‍ സമൂഹ മാധ്യമ ഉപയോഗം, കോക്രോച്ച് ജനതാ പാർട്ടിയില്‍ അംഗങ്ങളാകാനുള്ള മാന‍ദണ്ഡങ്ങളാണ്. മെയ് 15ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമര്‍ശമാണ് തുടക്കം.

ഒരു കോടതി നടപടിക്കിടെ, തൊഴിലില്ലാത്ത യുവാക്കള്‍ പാറ്റകളാണെന്നും അവര്‍ മാധ്യമ, സമൂഹമാധ്യമ, ആർ.ടി.ഐ ആക്ടിവിസ്റ്റുകളായി സിസ്റ്റത്തെ ആക്രമിക്കാൻ തുടങ്ങി എന്നായിരുന്നു പരാമർശം.ഭരണസംവിധാനങ്ങളിൽ നിരാശരായ യുവാക്കളുടെ പ്രസ്ഥാനമായാണ് സി.ജെ.പി. സ്വയം അവതരിപ്പിക്കുന്നത്. അഭിജിത് ദീപ്കെ എന്ന യുവാവാണ് പേജിന് പിന്നിൽ. ഇദ്ദേഹം നേരത്തെ ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചിരുന്നതായും 2020-ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എ.എ.പി.ക്ക് വേണ്ടി സോഷ്യൽ മീഡിയ പ്രചാരണം നടത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.