പാകിസ്ഥാനിൽ സൈനിക ട്രെയിനിന് നേരെ ബോംബ് ആക്രമണം; 24 മരണം, 50ലേറെ പേർക്ക് പരിക്ക്

0

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സൈനികർ സഞ്ചരിച്ച പാസഞ്ചർ ട്രെയിനിനെ ലക്ഷ്യമിട്ട് നടന്ന ബോംബ് സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. 50ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ക്വറ്റയിലെ ചമൻ ഫടക് റെയിൽവേ സ്റ്റേഷൻ സമീപത്താണ് ഞായറാഴ്ച രാവിലെ സ്ഫോടനം ഉണ്ടായത്.

ക്വറ്റയിൽ നിന്ന് പെഷാവറിലേക്ക് യാത്രതിരിച്ച ട്രെയിനിൽ 300ലധികം പാക് സൈനികരും കുടുംബാംഗങ്ങളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഈദ് അവധി ആഘോഷിക്കാനായി യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണം നടന്നത്.

സ്ഫോടനത്തിന്റെ ആഘാതത്തിൽ ട്രെയിനിലെ ചില ബോഗികൾ പാളം തെറ്റുകയും തീപിടിക്കുകയും ചെയ്തു. സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിന്റെ ശക്തിയിൽ സമീപ കെട്ടിടങ്ങളിലെ ജനൽച്ചില്ലുകളും തകർന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റെയിൽവേ ട്രാക്കിൽ സ്ഥാപിച്ചിരുന്ന ഐഇഡി റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പൊട്ടിത്തെറിപ്പിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ മജീദ് ബ്രിഗേഡ് ഏറ്റെടുത്തതായും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിന് പിന്നാലെ സുരക്ഷാസേന പ്രദേശം നിയന്ത്രണത്തിലാക്കി രക്ഷാപ്രവർത്തനം ശക്തമാക്കി. ആക്രമണത്തെ തുടർന്ന് മേഖലയിലെ റെയിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.

English Summary

At least 24 people were killed and over 50 injured in a bomb blast targeting a passenger train carrying Pakistani soldiers in Balochistan province. The explosion occurred near Chaman Phatak railway station in Quetta while the train was travelling to Peshawar. Several coaches derailed and caught fire. Reports suggest that an IED planted on the railway track was detonated remotely. The Balochistan Liberation Army’s Majeed Brigade has reportedly claimed responsibility for the attack.

LEAVE A REPLY

Please enter your comment!
Please enter your name here