തിരുവനന്തപുരം: കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്ത് എലിപ്പനിയും ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുന്നു. വിവിധയിടങ്ങളില്‍ പകര്‍ച്ചപ്പനി ബാധിച്ച് നൂറുകണക്കിന് ആളുകളാണ് ആശുപത്രികളില്‍ ചികിത്സ തേടുന്നത്. ഈ മാസം മാത്രം 670 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൂടാതെ 2,153 പേര്‍ക്ക് രോഗബാധയുള്ളതായി സംശയിക്കുന്നുണ്ട്. പകര്‍ച്ചപ്പനി ബാധിച്ച് ഈ മാസം മാത്രം എട്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം മാത്രം 34 പേര്‍ക്ക് ഡെങ്കിപ്പനിയും 115 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇടവിട്ടുള്ള മഴയും വെയിലും കൊതുകുകള്‍ പെറ്റുപെരുകാന്‍ അനുകൂല സാഹചര്യം ഒരുക്കുന്നതാണ് ഡെങ്കിപ്പനി വന്‍തോതില്‍ പടരാന്‍ കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മഴ കനക്കുന്നതോടെ രോഗവ്യാപനം ഇനിയും ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.
എലിപ്പനി: ലക്ഷണങ്ങളും കാരണങ്ങളും
കൃത്യമല്ലാത്ത മാലിന്യ സംസ്‌കരണമാണ് എലിപ്പനി പടരാനുള്ള പ്രധാന കാരണം. എലി, പട്ടി, പൂച്ച തുടങ്ങിയ മൃഗങ്ങളുടെ മൂത്രം കലര്‍ന്ന വെള്ളത്തിലൂടെയോ മണ്ണിലൂടെയോ ആണ് രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. ശരീരത്തിലെ മുറിവുകളിലൂടെയാണ് ഇവ പ്രധാനമായും ബാധിക്കുക.
പ്രധാന ലക്ഷണങ്ങള്‍: ശക്തമായ പനി, കടുത്ത ശരീരവേദന, കണ്ണുകളിലെ ചുവപ്പ് നിറം, മൂത്രത്തിന്റെ നിറ വ്യത്യാസം.
ഡെങ്കിപ്പനി
പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇവ ശുദ്ധജലത്തിലാണ് മുട്ടയിട്ട് വളരുന്നത്. വീട്ടുപറമ്പിലോ ടെറസിലോ കിടക്കുന്ന ചിരട്ടകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, കപ്പുകള്‍, പൂച്ചട്ടികള്‍, ടയറുകള്‍ എന്നിവയില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നത് കൊതുക് വളരാന്‍ കാരണമാകുന്നു.
പ്രധാന ലക്ഷണങ്ങള്‍: കടുത്ത പനി, കഠിനമായ തലവേദന, കണ്ണിന് പുറകിലെ വേദന, ശരീരത്തില്‍ ചുവന്ന പാടുകള്‍.
ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം: പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല. എത്രയും വേഗം അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറുടെ സേവനം തേടേണ്ടതാണ്. രോഗപ്രതിരോധത്തിനായി പരിസര ശുചിത്വം പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു.
മഴയ്ക്കൊപ്പം പനിയും; കേരളത്തില്‍ ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു, ജാഗ്രതാ നിര്‍ദേശം
ഹർഷിന ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിന് ഇരയായ ഹർഷിന ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും.
രാവിലെ പത്ത് മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിൽ നിന്നും ഹർഷിന നിയമന ഉത്തരവ് കൈപ്പറ്റും. മെഡിക്കൽ കോളേജിലെ മാതൃശിശു കേന്ദ്രത്തിൽ ഓഫീസ് അറ്റൻഡറായാണ് നിയമനം.
ഇന്നലെ മുഖ്യമന്ത്രി വി ഡി സതീശനുമായും ആരോഗ്യ മന്ത്രി കെ മുരളീധരനുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഹർഷിനയ്ക്ക് സർക്കാർ ജോലി നൽകിയത്.
അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ 2017ലാണ് പ്രസവ ശസ്ത്രക്രിയക്കിടെ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. 2022ലാണ് അത് കണ്ടെത്തി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച ഉപകരണം, മൂത്രസഞ്ചിയിൽ തറച്ച് നിൽക്കുകയായിരുന്നു.
12 സെൻറിമീറ്റർ നീളവും 6 സെൻറിമീറ്റർ വീതിയുമുള്ള ഉപകരണമാണ് തറച്ച് നിന്നത്. മൂത്ര സഞ്ചിയിൽ മുഴയുമുണ്ടായി. വേദന മാറാൻ പല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുണമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിൽ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നിൽക്കുന്നത് കണ്ടെത്തുന്നത്. തുടർന്ന് മെഡിക്കൽ കോളേജിൽ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു.
സിഎൻജി വിലയിലും വർധനവ്; പതിനൊന്ന് ദിവസത്തിനിടെ കൂട്ടിയത് 6 രൂപ
ഇന്ധന വില വർധനവിനൊപ്പം സിഎൻജി വിലയിലും വർധനവ്. കഴിഞ്ഞ 11 ദിവസത്തിനിടെ സിഎൻജിക്ക് കൂട്ടിയത് 6 രൂപയാണ്. തുടർച്ചയായി നാലാം തവണയാണ് വില വർധിപ്പിക്കുന്നത്.വില കൂട്ടിയതിന് പിന്നാലെ ഡൽഹിയിൽ ഇന്ന് ഒരു കിലോ സിഎൻജിയുടെ വില 83.09 രൂപയായി.
രാജ്യത്ത് പെട്രോൾ-ഡീസൽ വില ഇന്നലെ വീണ്ടും കൂട്ടിയിരുന്നു. ഇന്നലെ പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂട്ടിയതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 115.32 രൂപയും ഡീസൽ വില 104.41 രൂപയും ആയി ഉയർന്നിരുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണ വിലയിലുണ്ടായ വലിയ വ്യതിയാനങ്ങളും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയുമാണ് തുടർച്ചയായ വിലവർധനവിന് കാരണകുന്നതെന്നാണ് എണ്ണക്കമ്പനികൾ വ്യക്തമാക്കുന്നത്.
പാരിയത്ത് കാവ് ഒഴിപ്പിക്കൽ: ‘വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ല’: രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി
വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗ്ഗമില്ലെന്ന് എറണാകുളം പാര്യത്തുകാവിലെ കുടിയൊഴിപ്പിക്കലിൽ ഹൈക്കോടതി. കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കുകയാണ് വേണ്ടത്. ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ താമസക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. പ്രശ്‌നം പരിഹരിക്കാന്‍ രണ്ടാഴ്ച സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചു. സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു.
കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കുകയാണ് വേണ്ടത്. കുടിയൊഴിപ്പിക്കലില്‍ സാങ്കേതികത പറയുകയല്ല വേണ്ടതെന്ന് കോടതി പറഞ്ഞു. കോടതി വിധി സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. കോടതി മുമ്പാകെ നേരത്തെ തന്നെയുള്ള ഹർജിയാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ബെഞ്ച് പരിഗണിച്ചത്.
ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ താമസക്കാര്‍ ഒന്നും ചെയ്തിട്ടില്ല. തര്‍ക്കഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് നിയമപരമായ അവകാശം ഉണ്ടാകണം.അവകാശം സ്ഥാപിച്ചെടുക്കാന്‍ നിയമവഴി തേടിയിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ച് 19ന് ഹർജി പരിഗണിച്ച ഹൈക്കോടതി, ഈ ഉത്തരവ് നടപ്പാക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഒഴിപ്പിക്കൽ നടപടി സംഘർഷത്തിലാണ് കലാശിച്ചത്.
‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’; മുഖ്യമന്ത്രി
രത്തന്‍ യു ഖല്‍ക്കറിനെ സെക്രട്ടറിയാക്കി നിയമിച്ച സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. നിയമനം സ്വാഭാവിക നടപടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ബംഗാളിലെ സാഹചര്യമല്ല കേരളത്തിലേത് എന്ന് വിഡി സതീശൻ. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി തന്നെ വിശദീകരിച്ചു. രമേശ് ചെന്നിത്തലയും പിന്തുണച്ചു.
എന്തിനാണ് വിവാദം ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്തൊരു തമാശയാണ് നടക്കുന്നത് കേരളത്തിൽ. രത്തന്‍ യു ഖല്‍ക്കറാണോ യുഡിഎഫിനെ ജയിപ്പിച്ചത്. ബംഗാളിലെ സാഹചര്യവുമായി താരതമ്യം ചെയ്യാൻ കഴിയുന്നതാണോ ഇത്. ബംഗാളിൽ വ്യാപകമായി ആളുകളെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയതാണ് കാര്യം. കേരളത്തിൽ അങ്ങനെ ഉണ്ടായി എന്ന് സിപിഐഎമ്മിനോ ബിജെപിക്കൊ ആക്ഷേപമുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
അദ്ദേഹം ഇലക്ഷൻ മാനിപ്പുലേറ്റ് ചെയ്തെന്നു ആർക്കെങ്കിലും അന്ന് ആരോപണം ഉണ്ടായിരുന്നോ. എസ്ഐആറിനെ കുറിച്ച് കേരളത്തിലെ സിഇഒയേ ബന്ധപ്പെടുത്തി ആക്ഷേപം ഉണ്ടായിരുന്നോ. ഐ റ്റി സെക്രട്ടറി ആയി മുൻ മുഖ്യമന്ത്രിക്ക് കീഴിൽ പ്രവർത്തിച്ച ആളാണ് ഖേൽക്കർ. നികുതി കമ്മീഷണറായും അന്നത്തെ ധനമന്ത്രിക്ക് കീഴിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എങ്ങനെയാണു ചീഫ് ഇലക്ടറൽ ഓഫീസറെ നിയമിക്കുന്നത്. സംസ്ഥാനം കൊടുക്കുന്ന പാനലിൽ നിന്നും കേന്ദ്രമാണ് തീരുമാനിക്കുന്നത്. ഇലക്ഷൻ കഴിഞ്ഞാൽ സിഇഒമാർ റിട്ടയർ ചെയ്യുകയാണോ. നളിനി നെറ്റോ എങ്ങനെ ആയിരുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ചോദിച്ചു.
ഉദ്യോഗസ്ഥ സ്ഥലം മാറ്റവും മുഖ്യമന്ത്രി വിശദീകരിച്ചു. സ്ഥലം മാറ്റം അടിയന്തര സാഹചര്യത്തിലെന്നു വിശദീകരണം. ഭരണപരമായ സൗകര്യത്തിന് അനുസരിച്ചു മാത്രമാണ് തീരുമാനിച്ചത്. ഉദ്യോഗസ്ഥ മാറ്റം പൂർത്തിയായിട്ടില്ല. വകുപ്പ് മന്ത്രിമാരുടെ അഭിപ്രായം കൂടി പരിഗണിച്ചു പൂർത്തിയാക്കും. ഇപ്പോൾ നടത്തിയത് താൽകാലിക മാറ്റങ്ങൾ മാത്രം. കഴിഞ്ഞ പത്തു വർഷം ക്യാബിനറ്റിൽ ചർച്ച ചെയ്താണോ ഉദ്യോഗസ്ഥ മാറ്റം നടത്തിയിരുന്നതെന്നും ആലോചിച്ചാൽ മനസിലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ സർക്കാർ 14 പ്രാവശ്യം ഇവരെ മലയിടംതുരുത്ത് കുടിയൊഴിപ്പിക്കാൻ പോയിട്ടുണ്ട്. 14 പ്രാവശ്യം ഇത് അന്വേഷിക്കാത്ത ആളുകൾ ഇപ്പോൾ ഭയങ്കര സമരത്തിൽ. 14 പ്രാവശ്യവും ഉത്തരവാദിത്തമില്ലാത്ത സമീപനം സ്വീകരിച്ച മുൻ സർക്കാരിന്റെ നിലപാട് അല്ല ഞങ്ങൾക്ക്. കോടതി ഉത്തരവ് നടപ്പാക്കിയാൽ ആ കുടുംബങ്ങളെ തെരുവിലേക്ക് വിടുന്ന സമീപനമല്ല ഞങ്ങൾ എടുത്തത്. അവരെ പുനരധിവസിപ്പിക്കാനുള്ള നടപടിയാണ് കൈക്കൊണ്ടത്. അവിടെ പോയി മുൻ സർക്കാരിലെ മന്ത്രിമാർ സമരത്തിന് ഇരുന്നപ്പോൾ അത്ഭുതം തോന്നിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം
അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊലപ്പെടുത്തയ സംഭവത്തിൽ 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് മുതൽ – 15 വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം. പതിനാറാം പ്രതിയുടെ ശിക്ഷ ഉയർത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. പ്രതിക്ക് ഒരു വർഷം തടവ് വിധിച്ചു. കേസിൽ ഒന്നാം പ്രതി മേച്ചേരിൽ ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൽ കരീം എന്നിവരെ വെറുതെ വിട്ട വിചാരണാ കോടതി നടപടി ഹൈക്കോടതി ശരിവച്ചിരുന്നു.
2018 ഫെബ്രുവരി 22നായിരുന്നു പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും 27-കാരനായ മകൻ മധുവിനെ അരിയും പലചരക്ക് സാധാനങ്ങളും മോഷ്ടിച്ചെന്നാരോപിച്ച്, ആൾക്കൂട്ടം അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2018 മെയ് 20-ന് കുറ്റം നടന്ന് 90 ദിവസത്തിനകം അഗളി പൊലീസ് മണ്ണാർക്കാട് പ്രത്യേക കോടതിയിൽ 16 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവം നടന്ന് അഞ്ചുവർഷത്തിന് ശേഷം, 2023 ഏപ്രിൽ അഞ്ചിന് കേസിൽ കോടതി ശിക്ഷാവിധി പറഞ്ഞു. 16 പ്രതികളിൽ 14 പേർ കുറ്റക്കാരെന്ന് മണ്ണാർക്കാട് പട്ടികജാതി-പട്ടിക വർഗ പ്രത്യേക കോടതി കണ്ടെത്തി. 13-പേർക്ക് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഏഴുവർഷം കഠിനതടവ് ശിക്ഷയാണ് വിചാരണ കോടതി വിധിച്ചത്.
പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് വിധിച്ചിരുന്നത്. ഇയാൾ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു. ഇയാളുടെ ശിക്ഷ ഇപ്പോൾ ഒരു വർഷമായി ഉയർത്തി. ഒന്നാംപ്രതി ഹുസൈന്റെ ശിക്ഷ പിന്നീട് ഹൈക്കോടതി മരവിപ്പിച്ച് ജാമ്യം അനുവദിച്ചിരുന്നു. ഇതിൽ 12 പേർ ഇപ്പോഴും ജയിലിലാണ്.
ഇന്ധനവിലയിൽ ആശങ്ക വേണ്ട, ജനങ്ങളെ കേന്ദ്രം സംരക്ഷിക്കും; ധനമന്ത്രി നിർമ്മല സീതാരാമൻ
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന കടുത്ത വ്യതിയാനങ്ങളും പശ്ചിമേഷ്യൻ പ്രതിസന്ധികളും ഇന്ത്യൻ വിപണിയെ ബാധിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ ശക്തമായ മുൻകരുതലുകൾ സ്വീകരിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ ഇന്ധനവില കുതിച്ചുയരുമ്പോഴും രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്ക് അധിക ബാധ്യത വരുത്താത്ത രീതിയിലാണ് ആഭ്യന്തര നയങ്ങൾ രൂപീകരിക്കുന്നത്. മുംബൈയിൽ നടന്ന സിഡ്ബിയുടെ മുപ്പത്തിയേഴാമത് സ്ഥാപക ദിനാഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
രാജ്യത്തെ ജനങ്ങളെയും ചെറുകിട വ്യവസായ മേഖലകളെയും വിലക്കയറ്റത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ മുൻപ് വെട്ടിക്കുറച്ചിരുന്നു. ഈ വലിയ നികുതിയിളവ് കാരണം കേന്ദ്ര സർക്കാരിന്റെ ആകെ വരുമാനത്തിൽ ഭീമമായ കുറവുണ്ടാകുമെന്നാണ് ധനമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്. നികുതി കുറച്ചതിലൂടെ നടപ്പ് സാമ്പത്തിക വർഷത്തിൽ ഖജനാവിന് ഏകദേശം ഒരു ലക്ഷം കോടി രൂപയിലധികം വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ഭീമമായ സാമ്പത്തിക നഷ്ടം സഹിച്ചും രാജ്യത്തെ ഇന്ധനവില സുരക്ഷിതമായി നിലനിർത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ശ്രമിക്കുന്നത്. ആഗോള വിപണിയിലെ താല്കാലിക ചലനങ്ങൾ കാരണം ജനങ്ങൾക്കിടയിൽ അനാവശ്യമായ ഭീതി പരത്താൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുന്നുണ്ടെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തിന് ഇത്തരം വ്യാജ പ്രചാരണങ്ങളും ഭയപ്പെടുത്തലുകളും താങ്ങാൻ കഴിയില്ലെന്ന് അവർ കടുത്ത ഭാഷയിൽ ഓർമ്മിപ്പിച്ചു.
പശ്ചിമേഷ്യയിലെ പുതിയ യുദ്ധസാഹചര്യങ്ങൾ കാരണം ഇന്ധനം, വളം, വിദേശനാണ്യം എന്നീ മൂന്ന് ഘടകങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. അന്താരാഷ്ട്ര തലത്തിൽ വളം ഉത്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില ഊഹിക്കാനാവാത്ത വിധം വർദ്ധിച്ചതാണ് രാജ്യം നേരിടുന്ന മറ്റൊരു പ്രധാന പ്രതിസന്ധി. എന്നിരുന്നാലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങൾ ഇപ്പോഴും അതീവ ശക്തവും പ്രതിരോധ ശേഷിയുള്ളതുമായി തുടരുകയാണെന്ന് ധനമന്ത്രി വ്യക്തമാക്കി.
ഭാരതത്തിലെ സാധാരണക്കാരായ ജനങ്ങൾ കൈവരിക്കുന്ന വലിയ നേട്ടങ്ങളെ ചില പ്രതിപക്ഷ കക്ഷികളും നിരീക്ഷകരും മനഃപൂർവ്വം കുറച്ചുകാണിക്കാൻ ശ്രമിക്കുകയാണ്. വിപണിയിൽ പണപ്പെരുപ്പവും പ്രതിസന്ധിയും മാത്രമാണുള്ളതെന്ന തരത്തിലുള്ള നിഷേധാത്മകമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് തികച്ചും തെറ്റായ പ്രവണതയാണ്. ജിഎസ്ടി വരുമാനത്തിലെ റെക്കോർഡ് വർദ്ധനവും വാഹന വിപണിയിലെ മികച്ച വളർച്ചയും രാജ്യത്തിന്റെ യഥാർത്ഥ പുരോഗതിയുടെ തെളിവുകളാണെന്ന് നിർമ്മല സീതാരാമൻ ചൂണ്ടിക്കാണിച്ചു.
ചെറുകിട ഇടത്തരം വ്യവസായ മേഖലകളെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറ്റാൻ പ്രത്യേക അടിയന്തിര ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതികൾ കേന്ദ്രം നടപ്പിലാക്കുന്നുണ്ട്. വിദേശ വിപണിയിലെ സ്വർണ്ണവിലയിലുണ്ടാകുന്ന കടുത്ത മാറ്റങ്ങൾ ഇന്ത്യയുടെ വിദേശ വ്യാപാര രംഗത്ത് ചില പുതിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. എന്നിരുന്നാലും ആഭ്യന്തര വിപണിയിലെ വിതരണ ശൃംഖലകൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ എല്ലാവിധ അടിയന്തിര മുൻകരുതലുകളും ധനമന്ത്രാലയവും റിസർവ് ബാങ്കും സ്വീകരിച്ചിട്ടുണ്ട്.
മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഡി.ലിറ്റ് ബിരുദം
കോട്ടയം: മമ്മൂട്ടി ഉൾപ്പെടെയുള്ള പ്രമുഖർക്ക് മഹാത്മാ ഗാന്ധി സർവകലാശാല പ്രഖ്യാപിച്ച ഡി.ലിറ്റ് ബിരുദം സമ്മാനിച്ചു. സർവകലാശാല അസംബ്ലി ഹാളിൽ നടന്ന ചടങ്ങിൽ ചാൻസലർ കൂടിയായ രാജേന്ദ്ര ആർലേക്കർയാണ് ബഹുമതി കൈമാറിയത്.
പ്രോ-ചാൻസലറും മന്ത്രിയുമായ റോജി എം. ജോൺ ചടങ്ങിൽ പങ്കെടുത്തു. നാഗസ്വര വിദ്വാനായ തിരുവിഴ ജയശങ്കർ, വാസ്‌കുലാർ സർജനും ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മെഡിക്കൽ അഡ്മിനിസ്ട്രേറ്ററുമായ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും ഓണററി ഡോക്ടറേറ്റ് നൽകി.
മമ്മൂട്ടിക്കും തിരുവിഴ ജയശങ്കറിനും ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് (D.Litt) ബിരുദവും, ഡോ. എൻ. രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസ് (D.Sc) ബിരുദവുമാണ് സർവകലാശാല നൽകിയത്.
ടിനി ടോമിനെതിരെ അൻസിബ നിയമനടപടിക്കൊരുങ്ങുന്നു
കൊച്ചി: ഇപ്പോൾ നടക്കുന്ന വാദപ്രതിവാദങ്ങൽക്കിടെ നടന്‍ ടിനി ടോമിനെതിരെ നിയമനടപടിക്കൊരുങ്ങി നടി അന്‍സിബ. സംഭവത്തില്‍ അന്‍സിബ നിയമോപദേശം തേടി.
ടിനി ടോം തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്നും മതതീവ്രവാദി എന്ന് വിളിച്ചെന്നുമുള്ള ആരോപണങ്ങള്‍ അന്‍സിബ റിപ്പോര്‍ട്ടറിലൂടെ തുറന്നു പറഞ്ഞിരുന്നു.
പരാതി നിലനില്‍ക്കുമെന്നാണ് നിയമോപദേശം. നീന കുറുപ്പ് അടക്കമുള്ളവരെ കേസില്‍ സാക്ഷിയാക്കും.
തന്നെ ജിഹാദി എന്ന് വിളിച്ചുവെന്നും ഇക്കാരണങ്ങളാലാണ് അമ്മയില്‍ നിന്ന് താന്‍ രാജിവെച്ചതെന്നുമായിരുന്നു അന്‍സിബയുടെ പ്രതികരണം.
ടിനി ടോമിനെതിരെ അന്‍സിബ ഹസന്‍ നടത്തിയ ആരോപണങ്ങള്‍ ശരിവെക്കുന്നതായിരുന്നു നീന കുറുപ്പിന്റെ പരാതിയും. അന്‍സിബ മാധ്യമങ്ങളോട് ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് തന്നെ ടിനി ടോമിനെതിരെ നീന കുറുപ്പ് ‘അമ്മ’യില്‍ പരാതി നല്‍കിയിരുന്നു.
‘അമ്മ’ കുടുംബ സംഗമത്തിൻ്റെ പ്രധാന സ്പോൺസർ ദല്ലാൾ നന്ദകുമാർ ചെയർമാനായ ക്ഷേത്രം
കൊച്ചി: അമ്മ കുടുംബ സംഗമവുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പിൻ്റെ ധാരണാപത്രം പുറത്ത്.
താരസംഘടനയായ ‘അമ്മ’യിൽ ഇപ്പോൾ ഉടലെടുത്തിരിക്കുന്ന പരാതികളും ആരോപണ പ്രത്യാരോപണങ്ങളുടെയും തുടക്കം ‘അമ്മ’ കുടുംബ സംഗമത്തിൻ്റെ സ്പോൺസറായി ഒരു ക്ഷേത്രം എത്തിയതിനെ തുടർന്നായിരുന്നു,
അമ്മ’ കുടുംബ സംഗമത്തിന്റെ പ്രധാന സ്പോൺസർ ദല്ലാൾ നന്ദകുമാർ ചെയർമാനായ ക്ഷേത്രമാണ് എത്തിയതെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.
വെണ്ണല മഹാദേവ ക്ഷേത്രം ‘അമ്മ’യുടെ കുടുംബ സംഗമത്തിന് 75 ലക്ഷം രൂപ നൽകുമെന്നായിരുന്നു ധാരണ. കുക്കു പരമേശ്വരനും ദല്ലാൾ നന്ദകുമാറുമാണ് സ്പോൺസർഷിപ്പ് കരാറിൽ ഒപ്പുവച്ചത്. രണ്ട് ഘട്ടമായി പണം നൽകണമെന്നായിരുന്നു ധാരണ.
30 ലക്ഷം രൂപ ക്ഷേത്രം മുൻകൂറായി നൽകി. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ അൻസിബ ഇതിനെ എതിർത്തെങ്കിലും ഭൂരിപക്ഷ പിന്തുണയോടെ സ്പോൺസർഷിപ്പ് സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.
മധു ആൾക്കൂട്ട കൊലപാതകം: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു
കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി.
മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി ഹുസൈനെയാണ് കോടതി വെറുതെവിട്ടത്. മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് കോടതി പറഞ്ഞു.
നേരത്തെ മണ്ണാർക്കാട് കോടതി വെറുതെവിട്ട രണ്ട് പ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തി.
അതേസമയം, മരയ്ക്കാർ അടക്കം മറ്റ് പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളുകളും ചെയ്തു. കീഴ്ക്കോടതി വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.
ശിക്ഷ വർധിപ്പിക്കണമെന്നും പ്രതികൾ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും ആവശ്യപ്പെട്ട് മധുവിന്റെ കുടുംബവും അപ്പീല്‍ നല്‍കിയിരുന്നു. ഇതും ഇന്ന് പരിഗണിക്കും.
ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞിട്ടില്ല, യഥാർത്ഥത്തിൽ സംഭവിച്ചത് മറ്റൊന്ന്; ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര
അമേരിക്കൻ ഡോളറിന് എതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ സമീപകാലത്തുണ്ടായ ഇടിവ് രാജ്യത്തെ സാമ്പത്തിക വിപണിയിൽ വലിയ രീതിയിലുള്ള ആശങ്കകൾക്ക് കാരണമായിരുന്നു. രൂപയുടെ റെക്കോർഡ് തകർച്ചയെക്കുറിച്ചുള്ള ചർച്ചകൾ കൊഴുക്കുന്നതിനിടയിൽ ഈ വിഷയത്തിൽ നിർണ്ണായകമായ വിശദീകരണവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. വിപണിയിലെ നിലവിലെ അവസ്ഥകളെക്കുറിച്ചുള്ള ഭീതികൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് പുതിയ ആർബിഐ ഗവർണർ വ്യക്തമാക്കുന്നു.
ഇന്ത്യൻ രൂപയുടെ മൂല്യം നിലവിൽ വിപണിയിൽ അമിതമായി വിലയിരുത്തപ്പെട്ടിട്ടില്ലെന്നും യഥാർത്ഥത്തിൽ രൂപ ഇപ്പഴും അണ്ടർവാല്യൂഡ് ആണെന്നുമാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര ഔദ്യോഗികമായി അറിയിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ അതീവ ശക്തമാണെന്നും വിദേശ നാണ്യ വിപണിയിലെ താല്കാലിക ചലനങ്ങൾ മാത്രമാണ് ഇപ്പോൾ ദൃശ്യമാകുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഈ സുപ്രധാന വിവരങ്ങൾ പങ്കുവെച്ചത്.
ആഗോളതലത്തിൽ അമേരിക്കൻ ഡോളർ കൂടുതൽ കരുത്താർജ്ജിക്കുന്നതാണ് മറ്റ് വികസ്വര രാജ്യങ്ങളിലെ കറൻസികളെപ്പോലെ രൂപയെയും ബാധിച്ചിട്ടുള്ളതെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ആഗോള വിപണിയിലെ പുതിയ മാറ്റങ്ങൾ രൂപയുടെ ആഭ്യന്തര മൂല്യത്തെ വലിയ രീതിയിൽ തകർത്തിട്ടില്ലെന്ന് ആർബിഐ മേധാവി ജനങ്ങൾക്ക് ഉറപ്പുനൽകി. വിപണിയിലെ കൃത്യമായ ഡാറ്റകൾ പരിശോധിച്ചാൽ ഇന്ത്യൻ കറൻസിയുടെ യഥാർത്ഥ ശേഷി മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്പത്തിക നയങ്ങൾ കൂടുതൽ സുതാര്യമാക്കാൻ ലക്ഷ്യമിട്ട് റിസർവ് ബാങ്ക് പുതിയ പ്രതിരോധ ചട്ടക്കൂടുകൾ ആവിഷ്കരിക്കുന്നുണ്ട്. രൂപയുടെ മൂല്യത്തിൽ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ ആഭ്യന്തര വിപണിയിലെ കയറ്റുമതി മേഖലയ്ക്ക് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ മത്സരക്ഷമത കൈവരിക്കാൻ ഈ സാഹചര്യം വഴിതുറക്കുമെന്ന് ബാങ്കിങ് വൃത്തങ്ങൾ പ്രത്യാശിക്കുന്നു.
കറൻസിയുടെ വിനിമയ നിരക്കുകളിൽ കൃത്യമായ സ്ഥിരത നിലനിർത്താൻ റിസർവ് ബാങ്ക് നിരന്തരം വിപണിയിൽ ഇടപെടലുകൾ നടത്തുന്നുണ്ട്. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം അതീവ സുരക്ഷിതമായ നിലയിലായതിനാൽ വിദേശ നിക്ഷേപകർക്ക് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. രൂപയുടെ വിനിമയ മൂല്യം പൂർണ്ണമായും വിപണിയിലെ ആവശ്യകതയും വിതരണവും അനുസരിച്ചാണ് നിർണ്ണയിക്കപ്പെടുന്നതെന്നും സഞ്ജയ് മൽഹോത്ര വ്യക്തമാക്കി.
അന്താരാഷ്ട്ര വിപണിയിലെ പണപ്പെരുപ്പവും പലിശ നിരക്കുകളിലെ വ്യത്യാസങ്ങളും ആഗോള കറൻസി വിപണിയെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. ഈ ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് ലോകത്തെ മറ്റ് മുൻനിര രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച നിലയിലാണ് മുന്നോട്ട് പോകുന്നത്. വിപണിയിലെ അനാവശ്യമായ ഊഹാപോഹങ്ങൾ തടയുന്നതിനാണ് കേന്ദ്ര ബാങ്ക് ഇപ്പോൾ കൂടുതൽ മുൻഗണന നൽകുന്നത്.
ബാങ്കിങ് വിപണിയിലെ പണലഭ്യത ഉറപ്പുവരുത്തുന്നതിനും വ്യവസായങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനും പുതിയ നയങ്ങൾ സഹായിക്കും. വരും മാസങ്ങളിൽ രൂപയുടെ മൂല്യം കൂടുതൽ സുരക്ഷിതമായ നിലയിലേക്ക് തിരിച്ചെത്തുമെന്നാണ് സാമ്പത്തിക നിരീക്ഷകർ പ്രവചിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ആവശ്യമായ എല്ലാവിധ അടിയന്തിര മുൻകരുതലുകളും റിസർവ് ബാങ്ക് സ്വീകരിച്ചിട്ടുണ്ടെന്ന് ഗവർണർ വീണ്ടും വ്യക്തമാക്കി.
സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ലെന്നും അതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും ആരോഗ്യ മന്ത്രി കെ മുരളീധരൻ.
മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മരുന്നു കിട്ടാതെ രോഗികൾ ബുദ്ധിമുട്ടരുത്. സർജറി പ്രോട്ടോകോൾ കർശനമായി പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
സർജറിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. ആശുപത്രികളിൽ ശുചിത്വം ഉറപ്പാക്കണം. ഇതുവരെ എങ്ങനെയായിരുന്നു എന്നതല്ല, ഇനി അങ്ങോട്ട് എന്താണ് എന്നാണ് ചർച്ച വേണ്ടതെന്നും മന്ത്രി പറഞ്ഞു.
ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് പരിശോധിച്ചു നടപടി സ്വീകരിക്കും. വാർത്തകൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി പറഞ്ഞു
ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കം; മിനായിലേക്ക് തീർഥാടക പ്രവാഹം, ഇന്ത്യയിൽ നിന്ന് 1.22 ലക്ഷം ഹാജിമാർ
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായ വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കമാകും. ഹജ്ജിന്റെ ആദ്യ ദിനമായ യൗമുത്തർവിയ്യയിൽ പങ്കെടുക്കുന്നതിനായി വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ ലക്ഷക്കണക്കിന് തീർഥാടകർ ഇന്ന് രാത്രി മുതൽ മക്കയിൽ നിന്ന് മിനാ താഴ്വരയിലേക്ക് യാത്ര തിരിക്കും.
മക്കയിലെ താമസ കേന്ദ്രങ്ങളിലെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് തീർഥാടകർ ഹജ്ജ് കർമങ്ങളുടെ ആദ്യഘട്ടത്തിലേക്ക് കടക്കുന്നത്. ഇത്തവണ ഏകദേശം 18 ലക്ഷത്തോളം പേരാണ് ഹജ്ജിനായി സൗദിയിലെത്തിയിരിക്കുന്നത്. ഇതിൽ 15 ലക്ഷത്തിലധികം പേർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമം ചൊവ്വാഴ്ച നടക്കും. തിങ്കളാഴ്ച മിനായിൽ രാപ്പാർക്കുന്നതോടെയാണ് ഔദ്യോഗിക ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് തീർഥാടകർ അറഫയിൽ സംഗമിക്കുകയും സൂര്യാസ്തമയത്തിന് ശേഷം മുസ്ദലിഫയിലേക്ക് നീങ്ങി അവിടെ രാത്രി ചെലവഴിക്കുകയും ചെയ്യും.
ബുധനാഴ്ച മുതൽ തീർഥാടകർ വീണ്ടും മിനായിലേക്ക് മടങ്ങിയെത്തും. ജംറകളിലെ കല്ലേറ്, ബലി കർമം, മൂന്ന് ദിവസത്തെ രാപ്പാർപ്പ് എന്നിവ പൂർത്തിയാക്കുന്നതോടെ ഹജ്ജ് കർമങ്ങൾ സമാപിക്കും.
ഇന്ത്യയിൽ നിന്ന് ഇത്തവണ 1,22,518 തീർഥാടകരാണ് ഹജ്ജിനായി എത്തിയിരിക്കുന്നത്. ഇതിൽ 13,194 പേർ കേരളത്തിൽ നിന്നുള്ളവരാണ്. ഇന്ത്യൻ ഹാജിമാർക്ക് ഞായറാഴ്ച രാത്രി തന്നെ മിനായിലേക്ക് പുറപ്പെടാൻ നിർദേശം നൽകിയിട്ടുണ്ട്.
ഹജ്ജ് തീർഥാടകർക്കായി മശാഇർ മെട്രോ ഉൾപ്പെടെയുള്ള പ്രത്യേക ഗതാഗത സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം ഹാജിമാരും ഇത്തവണ മെട്രോ വഴിയാണ് മിനായിലേക്ക് യാത്ര ചെയ്യുന്നത്.
English Summary
Hajj rituals will officially begin tomorrow as millions of pilgrims prepare to move from Makkah to Mina. Around 1.8 million pilgrims, including over 1.22 lakh Indians and more than 13,000 from Kerala, have arrived in Saudi Arabia for this year’s pilgrimage. Major rituals including the Arafat gathering, Muzdalifah stay, and Jamarat stoning will take place over the coming days.
കോഴിക്കോട് പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരണം; ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി
കോഴിക്കോട്: പെരുമണ്ണ പഞ്ചായത്തിലെ പാറക്കണ്ടം, പുതിയോട്ടിൽ പ്രദേശങ്ങളിലെ രണ്ടും മൂന്നും വയസുള്ള രണ്ട് കുട്ടികൾക്ക് ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചു. ഇരുവരും നിലവിൽ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വയറിളക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം കുട്ടികളെ പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ പരിശോധനക്കും തുടർചികിത്സയ്ക്കുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഷിഗെല്ല സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗവ്യാപനം തടയുന്നതിനായി ശുചിത്വ പ്രവർത്തനങ്ങളും ജാഗ്രത നിർദേശങ്ങളും വ്യാപകമായി നടപ്പിലാക്കുന്നുണ്ട്.
മുമ്പ് കോഴിക്കോട് പെരുവയൽ ഗ്രാമപഞ്ചായത്തിലും ഷിഗെല്ല വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ഒരു കുട്ടി രോഗബാധയെ തുടർന്ന് മരിക്കുകയും ചെയ്തിരുന്നു. ശക്തമായ ആരോഗ്യ ഇടപെടലുകളിലൂടെ രോഗവ്യാപനം നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി.
ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന കുടൽ അണുബാധയാണ് ഷിഗെല്ലോസിസ്. ഗുരുതരമായ വയറിളക്കമാണ് പ്രധാന ലക്ഷണം. കുട്ടികളിൽ ജലാംശം കുറയുന്നത് ഗുരുതരാവസ്ഥയ്ക്ക് കാരണമാകാൻ സാധ്യതയുള്ളതിനാൽ സമയബന്ധിത ചികിത്സ നിർണായകമാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
English Summary
Two children aged two and three from Perumanna in Kozhikode have been diagnosed with Shigella infection. Both are undergoing treatment at Kozhikode Government Medical College Hospital and are reported to be in stable condition. Health authorities and the local panchayat have intensified preventive measures in the area to stop the spread of the infection.
