ചന്ദ്രമതിക്കും ഷനോജ് ആർ ചന്ദ്രനും പദ്മരാജൻ സാഹിത്യ പുരസ്‌കാരം; ദിൻജിത്ത് അയ്യത്താനും ബാഹുൽ രമേശിനും ചലച്ചിത്ര പുരസ്‌കാരം

0

തിരുവനന്തപുരം: 2025ലെ പി. പദ്മരാജൻ സാഹിത്യ-ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ‘ഒഴുകാതെ ഒരു പുഴ’ എന്ന നോവലിലൂടെ ചന്ദ്രമതി മികച്ച നോവലിസ്റ്റായും ‘അരപ്പാതിരി’ എന്ന ചെറുകഥയുടെ രചയിതാവായ ഷനോജ് ആർ ചന്ദ്രൻ മികച്ച കഥാകൃത്തായും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച നോവലിനുള്ള പുരസ്‌കാരമായി 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരമായി 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും നൽകും.

‘എക്കോ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ദിൻജിത്ത് അയ്യത്താൻ മികച്ച സംവിധായകനായും ബാഹുൽ രമേശ് മികച്ച തിരക്കഥാകൃത്തായും തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകനുള്ള പുരസ്‌കാരമായി 25,000 രൂപയും തിരക്കഥാകൃത്തിനായി 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും നൽകും.

പുതുമുഖ എഴുത്തുകാരന്റെ ആദ്യ ശ്രദ്ധേയ കൃതിക്കുള്ള വിസ്മയാസ്മാക്‌സ് യുവസാഹിത്യ പുരസ്‌കാരം ‘അപരസമുദ്ര’ നോവലിന്റെ രചയിതാവായ മിഥുൻ കൃഷ്ണയ്ക്ക് ലഭിക്കും.

എസ്. ഹരീഷ് അധ്യക്ഷനായ ജൂറിയാണ് സാഹിത്യ പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. രാഹുൽ രാധാകൃഷ്ണൻ, പ്രദീപ് പനങ്ങാട് എന്നിവർ അംഗങ്ങളായിരുന്നു. മധുപാൽ അധ്യക്ഷനായ സമിതിയാണ് ചലച്ചിത്ര പുരസ്‌കാരങ്ങൾ നിർണയിച്ചത്. വിജയകൃഷ്ണനും സുലോചന രാംമോഹനും സമിതിയിലുണ്ടായിരുന്നു.

35-ാമത് പദ്മരാജൻ പുരസ്‌കാരങ്ങളാണിത്. പുരസ്‌കാരദാനം ഓഗസ്റ്റിൽ നടക്കുമെന്ന് പദ്മരാജൻ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

English Summary

The 2025 Padmarajan Literary and Film Awards have been announced. Chandramathi won the best novelist award for “Ozhukathe Oru Puzha,” while Shanoj R Chandran received the best short story writer award for “Arappathiri.” Director Dinjith Ayyathan and scriptwriter Bahul Ramesh won the film awards for the movie “Echo.” Mithun Krishna received the Vismayasmax Young Literature Award for the novel “Aparasamudra.”

LEAVE A REPLY

Please enter your comment!
Please enter your name here