വിവാഹത്തിന് മുമ്പ് ഒരുമിച്ച് താമസിക്കുകയോ ഗർഭം ധരിക്കുകയോ ചെയ്താൽ കനത്ത പിഴ; മുന്നറിയിപ്പുമായി ഒരു ഗ്രാമം

0

വിവാഹത്തിന് മുമ്പ് ഒരുമിച്ച് താമസിക്കാനോ ​ഗർഭം ധരിക്കാനോ പാടില്ലാത്ത ഒരു ​ഗ്രാമം. ​ഗർഭം ധരിച്ചാൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി ചൈനയിലെ ഈ ​ഗ്രാമം. ഒരുമിച്ച് താമസിക്കുന്നതിനും ​ഗർഭം ധരിക്കുന്നതിനും ദമ്പതികൾക്ക് മേലെ കനത്ത പിഴ ചുമത്തുന്ന ഈ ഗ്രാമസമിതിയുടെ നടപടി വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ചൈനയിലെ യുനാൻ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ഈ വിചിത്രമായ നിയമങ്ങൾ നടപ്പിലാക്കുന്നത്. ഇങ്ങനെ പലതരത്തിലുള്ള പിഴകളാണ് ​ഗ്രാമം ഈടാക്കുന്നത്.

വിവാഹത്തിന് മുമ്പ് ഗർഭം ധരിച്ചാൽ സ്ത്രീകളിൽ നിന്നും 3,000 യുവാൻ, അതായത്, ഏകദേശം 35,000 ഇന്ത്യൻ രൂപ വരെയാണ് പിഴയായി ഈടാക്കുക. അത് കൂടാതെ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന ദമ്പതികൾ പ്രതിവർഷം 500 യുവാൻ പിഴയായി നൽകണമത്രെ. തീർന്നില്ല, പുറത്ത് നിന്നും വിവാഹം കഴിക്കാനും ഇവിടെ അനുവാദമില്ല. പ്രവിശ്യയ്ക്ക് പുറത്ത് നിന്നുള്ള ഒരാളെ വിവാഹം കഴിക്കുന്നവർ 1,500 യുവാനാണ് പിഴയായി ഒടുക്കേണ്ടത്.

വിവാഹം കഴിഞ്ഞ് 10 മാസത്തിനുള്ളിൽ കുഞ്ഞുണ്ടാവുകയാണെങ്കിലും ഈ പിഴ നൽകണം. മാത്രമല്ല, ദമ്പതികൾ തമ്മിലുള്ള തർക്കങ്ങളിൽ ഗ്രാമത്തിലെ ഉദ്യോഗസ്ഥർക്ക് ഇടപെടേണ്ടി വന്നാൽ രണ്ട് പേരും ഈ ഉദ്യോ​ഗസ്ഥർക്ക് 500 യുവാൻ വീതം പിഴ നൽകണം. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയാലും കൊടുക്കണം 3000 മുതല്‍ 5000 യുവാന്‍ വരെ. ഗ്രാമത്തെ കുറിച്ച് അപവാദം പറഞ്ഞാലും 500 മുതല്‍ 1000 യുവാന്‍ വരെ നല്‍കേണ്ടി വരും. ഗ്രാമത്തിൽ പതിച്ച നോട്ടീസിന്‍റെ ചിത്രങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവത്തെ കുറിച്ച് വലിയ ചർച്ചകൾ ഉയർന്നത്. ഇത് 2025 ആണോ അതോ 1925 ആണോ, പണത്തിന് വേണ്ടിയുള്ള ഭ്രാന്താണ് ഇത് തുടങ്ങിയ വിമർശനങ്ങളാണ് ഇപ്പോൾ ഇതേച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

എന്നാൽ, ടൗൺഷിപ്പ് സർക്കാരിന്റെ അനുമതിയില്ലാതെ ഗ്രാമസമിതി സ്വന്തം നിലയിലാണ് ഈ നിയമങ്ങൾ കൊണ്ടുവന്നതെന്നാണ് പിന്നീട് അധികൃതർ വിശദീകരിച്ചത്. ഇത്തരം പ്രാദേശിക നിയമങ്ങളൊന്നും നിലവിലില്ല എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇരുചക്രവാഹനങ്ങളിൽ വരെ വിൽപ്പന, അതും നിരത്തുകളിൽ’; തമിഴ്‌നാട്ടിൽ ഇടിയപ്പം വിൽക്കണമെങ്കിൽ ഇനിമുതൽ ലൈസൻസ് നിർബന്ധമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്

0

ചെന്നൈ: സംസ്ഥാനത്തുടനീളം ഇടിയപ്പം വിൽക്കുന്നതിന് മുമ്പ് സാധുവായ ഭക്ഷ്യസുരക്ഷാ ലൈസൻസ് നേടുന്നത് നിർബന്ധമാക്കി തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ വകുപ്പ്. പല ജില്ലകളിലും, പ്രത്യേകിച്ച് അതിരാവിലെയും വൈകുന്നേരങ്ങളിലും ഇടിയപ്പം വ്യാപകമായി വിൽക്കപ്പെടുന്നു. സമീപ ആഴ്ചകളിൽ, ചെന്നൈയിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും പ്രവർത്തിക്കുന്ന ഇടിയപ്പം വിൽപ്പനക്കാരുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് അധികൃതർ നിരീക്ഷിച്ചിട്ടുണ്ട്. എന്നിരുന്നാലും, ചില പ്രദേശങ്ങളിൽ അടിസ്ഥാന ശുചിത്വ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇടിയപ്പം തയ്യാറാക്കി വിൽക്കുന്നതായി വകുപ്പിന് പരാതികൾ ലഭിച്ചു. തുടർന്നാണ് നടപടി.

ഇടിയപ്പം ഉണ്ടാക്കുമ്പോഴും സൂക്ഷിക്കുമ്പോഴും വിൽക്കുമ്പോഴും ശുചിത്വം കർശനമായി പാലിക്കുന്നതിനൊപ്പം അംഗീകൃത വസ്തുക്കൾ ഉപയോഗിച്ചുമാത്രമേ നിർമ്മാണം നടത്താവൂ എന്നും നിർദ്ദേശമുണ്ട്. ലഭിക്കുന്ന ലൈസൻസിന് ഒരുവർഷം മാത്രമായിരിക്കും സാധുത.ആവശ്യമെങ്കിൽ പിന്നീട് പുതുക്കണം. ഇടയ്ക്കിടെ ലൈസൻസ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ ജനപ്രിയ പ്രഭാത ഭക്ഷണമാണ് ഇടിയപ്പം. ഇരുചക്രവാഹനങ്ങളിൽ നിരവധിപേരാണ് നിരത്തുകളിലും മറ്റും ഇത് വിൽക്കുന്നത്. എന്നാൽ ഇതിൽ പലതിനും നിലവാരമില്ലെന്നും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം ഉണ്ടാക്കുന്നതെന്നും പരാതികൾ ലഭിച്ചിരുന്നു.പകർച്ചപ്പനി, എളുപ്പത്തിൽ പകരുന്ന അണുബാധകൾ തുടങ്ങിയ ബാധിച്ചവർ ഇടിയപ്പം ഉണ്ടാക്കുന്നതും വിൽക്കുന്നതും വ്യാപകമാണെന്ന് പലരും തെളിവുകൾ സഹിതം പരാതി നൽകിയിരുന്നു.

രോഗലക്ഷണങ്ങളുള്ളവർ ഭക്ഷണം വിൽക്കുന്നത് ആരോഗ്യപരമായ അപകടങ്ങൾക്ക് ഇടയാക്കുമെന്നും അതിനാൽ ഇത്തരക്കാർ ഇടിയപ്പം ഉണ്ടാക്കുന്നതോ വിൽക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. നിയമം കർശനമായി നടപ്പാക്കുന്നതോടെ പാെതുജനാരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

അതേസമയം ചെറുകിട കച്ചവടക്കാരെ നിരുത്സാഹപ്പെടുത്തുകയല്ല, മറിച്ച് സുരക്ഷിതവും ശുചിത്വവുമുള്ള ഭക്ഷണം ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും അനിയന്ത്രിതമായ തെരുവ് ഭക്ഷണ രീതികൾ ഒരു സ്റ്റാൻഡേർഡ് സുരക്ഷാ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരികയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യമെന്ന് വകുപ്പ് കൂട്ടിച്ചേർത്തു.

കേസെടുത്ത് നിശബ്ദമാക്കാമെന്ന് ആരും കരുതണ്ട, പോലീസ് നാടകം കളിക്കുകയാണ്, അയ്യപ്പൻ്റെ സ്വർണം കട്ടവർക്കെതിരെ യുഡിഎഫ് നടത്തുന്ന പോരാട്ടത്തിൽ പതിനായിരങ്ങൾ ഒപ്പം നിൽക്കും’; എൻ സുബ്രഹ്മണ്യൻ

0

തിരുവനന്തപുരം: ശബരിമല സ്വർണകവർച്ച കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഒരുമിച്ചുള്ള ഫോട്ടോ നവ മാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത കോൺ​ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ നോട്ടീസ് നൽകിയ ശേഷം വിട്ടയച്ചു. കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും കോഴിക്കോട് ജില്ലിയിലെ മുതിര്‍ന്ന നേതാവുമാണ് എന്‍ സുബ്രമണ്യന്‍. അറസ്റ്റ് രേഖപ്പെടുത്തിയോ എന്ന കാര്യം അറിയില്ലെന്ന് ഡിസിസി പ്രസി‍ഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമപരമായി മുന്നോട്ടുപോകുമെന്നും സ്റ്റേഷൻ ജാമ്യം അനുവദിച്ചുവെന്നുമായിരുന്നു പ്രതികരണം.

പോലീസ് വിട്ടയച്ചതിന് പിന്നാലെ എൻ സുബ്രഹ്മണ്യൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പോലീസ് നാടകം കളിക്കുകയാണെന്നും, അയ്യപ്പൻ്റെ സ്വർണം കട്ടവർക്കെതിരെ യുഡിഎഫ് നടത്തുന്ന പോരാട്ടത്തിൽ പതിനായിരങ്ങൾ ഒപ്പം നിൽക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേസെടുത്ത് നിശബ്ദമാക്കാമെന്ന് ആരും കരുതേണ്ട. പു റത്തുവന്ന രണ്ട് ഫോട്ടോയും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ നിന്ന് ക്യാപ്ചർ ചെയ്തതാണ്. ആദ്യം ഇട്ട ഫോട്ടോ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തു. ഫോൺ പോലീസ് വാങ്ങിവച്ചുവെന്നും എൻ സുബ്രഹ്മണ്യൻ കൂട്ടിച്ചേർത്തു.

ശബരിമല സ്വർണകവർച്ച കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഒരുമിച്ചുള്ള ഫോട്ടോ നവ മാധ്യമങ്ങളിൽ പങ്കുവെച്ച കേസിൽ കോൺ​ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ ഇന്നരാവിലെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ ഒരുമിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചെന്ന ആരോപണത്തിൽ സുബ്രഹ്മണ്യനെതിരെ ഇന്നലെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഇയാളെ കസ്റ്റഡിയിലെടുതിരിക്കുന്നത്. സുബ്രഹ്മണ്യന്റെ വീട്ടിൽ നിന്നാണ് ചോവായൂർ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പോലീസ് അറസ്റ്റ് ചെയ്യുമോ എന്നറിയില്ല. അറസ്റ്റ് ചെയ്താൽ സന്തോഷത്തോടെ ജയിലിൽ പോകുമെന്നും രാവിലെ കസ്റ്റഡിയിലെടുക്കുന്നതിന് മുൻപായി സുബ്രഹ്മണ്യൻ പ്രതികരിച്ചിരുന്നു.

സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ വ്യാജചിത്രം പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ “അഗാധബന്ധം” ഉണ്ടെന്ന സൂചന നൽകുന്ന അടിക്കുറിപ്പോടെയായിരുന്നു സുബ്രഹ്മണ്യൻ ചിത്രം പങ്കുവച്ചത്. പിണറായിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാൻ എന്തായിരിക്കും കാരണമെന്നായിരുന്നു ചിത്രത്തിന് നൽകിയ തലക്കെട്ട്.

വികെ മിനിമോൾ കൊച്ചി മേയർ; സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാതെ ദീപ്തി മേരി വർഗീസ് ഇറങ്ങിപ്പോയി

വികെ മിനിമോൾ കൊച്ചി കോർപ്പറേഷൻ മേയറായി തിരഞ്ഞെടുത്തു. സ്വതന്ത്രൻ ബാസ്റ്റിൻ ബാബുവിൻ്റെ വോട്ട് മിനിമോൾക്ക് ലഭിച്ചതോടെ വി കെ മിനിമോൾ 48 വോട്ട് നേടി. ദീപ്തി മേരി വർഗ്ഗീസ് മിനിമോൾക്ക് വോട്ട് ചെയ്തു. സ്വതന്ത്രനും യുഡിഎഫിനെ പിന്തുണച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി അംബിക സുദർശന് 22 വോട്ടുകളും എൻ.ഡി.എക്ക് ആറ് വോട്ടുകളും ലഭിച്ചു.

മിനിമോളെ ഷാൾ അണിയിച്ച് ദീപ്തി മേരി വർഗീസ് അഭിനന്ദിച്ചു. സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാതെ ദീപ്തി മേരി വർഗീസ് ഇറങ്ങിപ്പോയി. കോർപറേഷൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 46 സീറ്റില്‍ വിജയിച്ചപ്പോള്‍ എല്‍.ഡി.എഫ് 20 സീറ്റിലും എന്‍.ഡി.എ ആറു സീറ്റിലും സ്വതന്ത്രർ നാലു സീറ്റുകളിലും ജയിച്ചിരുന്നു.ആദ്യ രണ്ടരവർഷമാണ് മിനിമോൾ മേയറാവുക.

തുടർന്നുള്ള രണ്ടരവർഷം ഷൈനി മേയറാകും. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് യു.ഡി.എഫ് മേയർ സ്ഥാനാർഥികളിൽ തീരുമാനമെടുത്തത്. ഡെപ്യൂട്ടി മേയർപദവിയും രണ്ടുപേർക്കാണ് നൽകുന്നത്. മിനിമോളുെട കാലയളവിൽ ദീപക് ജോയിയും ഷൈനിയുടെ കാലയളവിൽ കെ.വി.പി. കൃഷ്ണകുമാറും ഡെപ്യൂട്ടി മേയറാവും.

തൊടുപുഴ നഗരസഭയിൽ അധ്യക്ഷ തെരഞ്ഞെടുപ്പിന് മുമ്പ് നാടകീയ നീക്കങ്ങൾ: കോൺഗ്രസിൽ പടലപ്പിണക്കം രൂക്ഷം

ഇടുക്കി തൊടുപുഴ നഗരസഭയിലെ അധ്യക്ഷ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കോൺഗ്രസിനുള്ളിൽ തർക്കം മുറുകുന്നു. നഗരസഭയിൽ യുഡിഎഫ് വലിയ വിജയം നേടിയെങ്കിലും അധ്യക്ഷ പദവി സംബന്ധിച്ച മിനിറ്റ്സ് വിവാദം ഭരണപക്ഷത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുൻധാരണ പ്രകാരം നിശ്ചയിച്ച സ്ഥാനാർത്ഥിക്കെതിരെ കൗൺസിലർമാർക്കിടയിൽ തന്നെ അമർഷം പുകയുകയാണ്.

നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് കെപിസിസി ജനറൽ സെക്രട്ടറി നിഷ സോമനെയാണ് പാർട്ടി നേതൃത്വം ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ ലിറ്റി ജോസഫിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം കൗൺസിലർമാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ലിറ്റി ജോസഫിനെ അധ്യക്ഷയാക്കണമെന്ന് ആവശ്യപ്പെട്ട് പത്ത് കോൺഗ്രസ് കൗൺസിലർമാരിൽ ഒമ്പത് പേരും ഒപ്പിട്ട കത്ത് പാർട്ടി നേതൃത്വത്തിന് കൈമാറിയിരിക്കുകയാണ്.

അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന വ്യക്തിയെ റബ്ബർ സ്റ്റാമ്പ് എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധ പോസ്റ്ററുകളും നഗരത്തിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. ഇത് കോൺഗ്രസ് നേതൃത്വത്തെ വലിയ രീതിയിൽ വെട്ടിലാക്കിയിട്ടുണ്ട്. കെപിസിസി നേതൃത്വത്തിന്റെ താല്പര്യവും പ്രാദേശിക നേതാക്കളുടെ വിയോജിപ്പും തമ്മിലുള്ള ഏറ്റുമുട്ടലായി ഈ വിവാദം മാറിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്താത്ത മിനിറ്റ്സുമായി ബന്ധപ്പെട്ടാണ് നിലവിൽ പ്രതിഷേധം ശക്തമായിരിക്കുന്നത്. യുഡിഎഫ് ജില്ലാ നേതൃത്വവും മുസ്ലിം ലീഗും ഈ വിഷയത്തിൽ ഇടപെട്ടെങ്കിലും പ്രശ്നപരിഹാരം ഇപ്പോഴും അകലെയാണ്. തർക്കം പരിഹരിക്കാൻ ഉടൻ തന്നെ പ്രത്യേക യുഡിഎഫ് യോഗം ചേരാനിരിക്കുകയാണ്.

തൊടുപുഴയിലെ രാഷ്ട്രീയ സാഹചര്യം വളരെ സങ്കീർണ്ണമാണെന്നും പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഡിസിസി നേതൃത്വം മുന്നറിയിപ്പ് നൽകി. എന്നാൽ കൗൺസിലർമാരുടെ ഭൂരിപക്ഷാഭിപ്രായം മാനിക്കാതെ മുന്നോട്ട് പോകുന്നത് തിരിച്ചടിയാകുമെന്ന് വിമത വിഭാഗം കരുതുന്നു. അന്തിമ തീരുമാനം ഇന്ന് വൈകുന്നേരത്തോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അധികാര കൈമാറ്റങ്ങളിൽ കാണിക്കുന്ന കൃത്യത ഇവിടെ പാർട്ടിക്കുള്ളിലെ വിഭാഗീയത മൂലം നഷ്ടപ്പെടുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കോൺഗ്രസിനുള്ളിലെ ഈ ആഭ്യന്തര കലഹം ഭരണത്തുടക്കത്തിൽ തന്നെ വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ കൂടുതൽ നാടകീയമായ സംഭവങ്ങൾ നഗരസഭയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

മേയർ വിവി രാജേഷിന് മുഖ്യമന്ത്രിയുടെ ആശംസ?; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: വിവി രാജേഷിന് ആശംസകൾ അറിയിച്ചുവെന്ന വാർത്തയിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്ത്. വിവി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നാണ് ഓഫീസ് ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം രാവിലെ വിവി രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പേഴ്സണൽ അസിസ്റ്റൻ്റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാൽ പിന്നീട് കണക്ട് ചെയ്യാമെന്ന് പിഎ അറിയിച്ചു. അതുകഴിഞ്ഞ് പിഎ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു. താൻ മേയർ ആയി തെരഞ്ഞെടുക്കപ്പെടാൻ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്നു കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ആവട്ടെ- അഭിനന്ദനങ്ങൾ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു.

എന്നാൽ പിന്നീട് പ്രചരിപ്പിക്കപ്പെട്ട വാർത്ത വി രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസകൾ അറിയിച്ചു എന്നാണ് എന്നും ഇത് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണെന്നും വാർത്ത തിരുത്തണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.

ശബരിമല സ്വർണക്കൊള്ള: ‘ഡി.മണിയെ’ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല  സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വ്യവസായിയുടെ മൊഴിയിലുണ്ടായിരുന്ന ഡി.മണിയെ  പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു.

ബാലമുരുകൻ എന്നാണ് ഡി. മണിയുടെ യഥാർഥ പേര്. ഡി.മണി ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴിയിലുണ്ടായിരുന്നത്. ഇതേതുടർന്നാണ് പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘം സേർച്ച് വാറണ്ടുമായി പുറപ്പെട്ടത്.

സ്ഥാപനങ്ങളിലും വീട്ടിലും എസ്ഐടി പരിശോധന നടത്തി. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയായ ഡി.മണിയുടെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് പരിശോധന ആരംഭിച്ചത്.

കഴിഞ്ഞ ദിവസവും ഡി. മണിയെ എസ്ഐടി ചോദ്യം ചെയ്തിരുന്നു.

കുടിച്ചു വറ്റിച്ചത് കോടികൾ; ക്രിസ്മസ് ദിനത്തിൽ ബെവ്‌കോയിൽ നടന്നത് തകർപ്പൻ വിൽപ്പന

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസവും ബെവ്‌കോയിൽ നടന്നത് തകർപ്പൻ മദ്യവില്‍പ്പന. കഴിഞ്ഞ രണ്ട് ദിവസത്തെ മദ്യവില്‍പ്പനയുടെ കണക്കുകളാണ് ഇപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടത്. ക്രിസ്മസ് ദിവസം 333 കോടിയുടെ മദ്യമാണ് വിറ്റുപോയത് എന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

അതേസമയം ക്രിസ്മസ് തലേന്ന് വിറ്റത് 224 കോടിയുടെ മദ്യമാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞവർഷത്തേക്കാൾ 53 കോടി രൂപയുടെ അധികം മദ്യമാണ് ഇത്തവണ വിറ്റത്. കഴിഞ്ഞവർഷം 279 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 കാരിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം:   വര്‍ക്കലയില്‍ മദ്യപൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 കാരിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഗുരുതരമായി പരിക്കേറ്റ നന്ദിയോട് സ്വദേശി ശ്രീക്കുട്ടി ഒന്നരമാസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പെൺകുട്ടിക്ക് പൂർണമായും ബോധം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. വിദഗ്ധ ചികിത്സക്കായാണ് ഇന്നലെയാണ് ശ്രീക്കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

കുടുംബത്തിന്‍റെ ആവശ്യ പ്രകാരമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ കൊച്ചിലേക്ക് മാറ്റിയത്.

തൃപ്പൂണിത്തുറ നഗരസഭയിൽ അഡ്വ. പി എല്‍ ബാബു ചെയര്‍പേഴ്‌സണ്‍

കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയിൽ അഡ്വ. പി എല്‍ ബാബുവിനെ ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുത്തു. പി എല്‍ ബാബുവിന് 21 വോട്ടുകള്‍ ലഭിച്ചു.

എല്‍ഡിഎഫിനെ അട്ടിമറിച്ചാണ് എന്‍ഡിഎ ഭരണംപിടിച്ചത്. എൽഡിഎഫിന്റെ രണ്ട് വോട്ടുകള്‍ അസാധുവായി.

ബിജെപിക്ക് നഗരസഭയില്‍ 21 സീറ്റാണ് ലഭിച്ചത്. എല്‍ഡിഎഫിന് 20 സീറ്റും യുഡിഎഫിന് 12 സീറ്റുകളുമായിരുന്നു ലഭിച്ചത്. ആര്‍ക്കും കേവലഭൂരിപക്ഷമുണ്ടായിരുന്നില്ല.

വി വി രാജേഷ് കേരളത്തിലെ ആദ്യ ബിജെപി മേയർ; സംസ്ഥാനത്തെ ആറ് കോർപ്പറേഷൻ മേയർമാരെ തെരഞ്ഞെടുത്തു

കൊച്ചി:  തിരുവനന്തപുരം കോർപ്പറേഷന്റെ മേയറായി വി വി രാജേഷിനെ തെരഞ്ഞെടുത്തു. ഇതോടെ വി വി രാജേഷ് കേരളത്തിലെ ബിജെപിയുടെ ആദ്യത്തെ മേയർ എന്നപേരിൽ ചരിത്രത്തിൽ ഇടംപിടിക്കും. കൊടുങ്ങാനൂർ വാർഡിൽ നിന്നുള്ള പ്രതിനിധിയാണ് രാജേഷ്. സാധുവായ 97 വോട്ടുകളിൽ വി വി രാജേഷിന് 51 പേരുടെ പിന്തുണ ലഭിച്ചു. എൽഡിഎഫിലെ ശിവജിക്ക് 29 പേരുടെയും യുഡ‍ിഎഫിലെ കെ എസ് ശബരിനാഥിന് 17 പേരുടെ പിന്തുണയും ലഭിച്ചു. രണ്ട് യുഡിഎഫ് അംഗങ്ങളുടെ വോട്ടുകൾ അസാധുവായപ്പോൾ ഒരാൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.

കൊല്ലം കോർപ്പറേഷനിൽ കോൺഗ്രസിന്റെ എ കെ ഹഫീസ് മേയറാകും. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഹഫീസിന്റെ പേര് മേയർ പദവിയിലേക്ക് ഉയർത്തിക്കാട്ടിയിരുന്നു. എൽഎഫിന്റെ കോട്ടയാണ് ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തത്. ഹഫീസിന് 27 പേരുടെ പിന്തുണ ലഭിച്ചപ്പോൾ എൽഡിഎഫിലെ പിജെ രാജേന്ദ്രന് 16 പേരുടെ പിന്തുണ ലഭിച്ചു. 

കൊച്ചി കോർപ്പറേഷനിൽ അഡ്വ. വി കെ മിനിമോളെ മേയറായി തെരഞ്ഞെടുത്തു. മിനി മോളും ഷൈനി മാത്യൂവും രണ്ടരക്കൊല്ലം വീതം മേയർസ്ഥാനം വഹിക്കാനാണ് തീരുമാനം. പാലാരിവട്ടത്ത് നിന്നുള്ള പ്രതിനിധിയാണ് മിനിമോൾ. ഷൈനി മാത്യൂ ഫോർട്ട് കൊച്ചിയെ പ്രതിനിധീകരിക്കുന്നു. വി കെ മിനിമോൾക്ക് 48 വോട്ടുകൾ ലഭിച്ചു. സ്വതന്ത്രനായി വിജയിച്ച ബാസ്റ്റിൻ ബാബുവിന്റെ വോട്ട് വി കെ മിനിമോൾക്ക് ലഭിച്ചു. എൽഡിഎഫിന്റെ അംബിക സുദ‍ർശന് 22 വോട്ടും ബിജെപിയുടെ പ്രിയ പ്രശാന്തിന് ആറ് വോട്ടും ലഭിച്ചു. കോർപ്പറേഷനിൽ യുഡിഎഫ് 46, എൽഡിഎഫ് 20, എൻഡിഎ ആറ്, മറ്റുള്ളവർ നാല് എന്നിങ്ങനെയാണ് കക്ഷിനില.

തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസിന്റെ ഡോ. നിജി ജസ്റ്റിൻ മേയറായി. കിഴക്കുംപാട്ടുകരയിൽ നിന്ന് വിജയിച്ച നിജി ഡോക്ടർ കൂടിയാണ്.  നിജി ജസ്റ്റിന് 35 പേരുടെ പിന്തുണ ലഭിച്ചപ്പോൾ എൽഡിഎഫിലെ എം എൽ റോസിക്ക് 13 പേരുടെ പിന്തുണയും ബിജെപിയുടെ പൂർണ്ണിമാ സുരേഷിന് എട്ട് പേരുടെ പിന്തുണയും ലഭിച്ചു. 56 അംഗ തൃശ്ശൂർ കോർപ്പറേഷനിൽ 33 സീറ്റുകളാണ് യുഡിഎഫ് നേടിയത്. എൽഡിഎഫ് 11 സീറ്റുകളിലും എൻഡിഎ എട്ടിടത്തുമാണ് വിജയിച്ചത്. മറ്റുള്ളവർ നാല് സീറ്റിൽ വിജയിച്ചു.

കണ്ണൂർ കോർപ്പറേഷൻ മേയറായി പി ഇന്ദിരയെ തെരഞ്ഞെടുത്തു. കഴിഞ്ഞ തവണ ഡെപ്യൂട്ടി മേയറായിരുന്നു ഇന്ദിര. പയ്യാമ്പലം ഡിവിഷനിൽ നിന്നാണ് പി ഇന്ദിര കോർപ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 56 അംഗ കണ്ണൂർ കോർപ്പറേഷനിൽ 36 സീറ്റുകൾ നേടി യുഡിഎഫ് ആധികാരിക വിജയമാണ് നേടിയത്.

കോഴിക്കോട് കോർപ്പറേഷനിൽ ഒ സദാശിവമാണ് മേയർ. സിപിഐഎം കോഴിക്കോട് നോർത്ത് ഏരിയാകമ്മിറ്റി അംഗമാണ്. തടമ്പാട്ടുതാഴം വാർഡിൽ നിന്നുള്ള പ്രതിനിധിയാണ് സദാശിവൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ഏക കോർപ്പറേഷനാണ് കോഴിക്കോട്. ഒ സദാശിവനെ 33 പേർ പിന്തുണച്ചപ്പോൾ യുഡിഎഫിനെ 28 പേർ പിന്തുണച്ചു. 

ചരിത്രത്തിൽ ആദ്യം; ഫോര്‍ട്ട് കൊച്ചിയില്‍ ന്യൂ ഇയറിന് ഇത്തവണ രണ്ട് പാപ്പാഞ്ഞിമാരെ കത്തിക്കും

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ന്യൂ ഇയറിന് ഇത്തവണ രണ്ട് പാപ്പാഞ്ഞിമാരെ കത്തിക്കുമെന്ന് റിപ്പോർട്ട്. പരേഡ് ഗ്രൗണ്ടിലും വേളി ഗ്രൗണ്ടിലുമാണ് പാപ്പാഞ്ഞിമാരെ ഒരുക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. രണ്ടിടങ്ങളില്‍ പാപ്പാഞ്ഞിമാരെ കത്തിക്കുന്നതില്‍ പൊലീസിന് എതിര്‍പ്പില്ല.

അതേസമയം 1300 ലധികം പൊലീസുകാരെ സ്ഥലത്ത് വിന്യസിക്കും എന്നാണ് ലഭിക്കുന്ന വിവരം. ഇത് ആദ്യമായാണ് കൊച്ചിയില്‍ രണ്ട് പാപ്പാഞ്ഞിമാരെ കത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് പപ്പാഞ്ഞിമാരെ കത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നെങ്കിലും വേളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ മാത്രമേ കത്തിച്ചിരുന്നുള്ളു.

എന്നാൽ മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ്ങിന്റെ വിയോഗത്തെ തുടര്‍ന്ന് പരേഡ് ഗ്രൗണ്ടില്‍ കൊച്ചി കാര്‍ണിവല്‍ കമ്മിറ്റി സ്ഥാപിച്ചിരുന്ന പാപ്പാഞ്ഞിയെ കത്തിച്ചിരുന്നില്ല.

ഇന്നും കുതിച്ചുയർന്ന് സ്വർണവില: പവന് 1,02,680 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഇന്നും കുതിച്ചുയർന്ന് സ്വർണ്ണവില.ഒരു പവൻ സ്വർണത്തിന് 1,02,680 രൂപയാണ് ഇന്നത്തെ വില. 1,02,120 രൂപയായിരുന്നു ഇന്നലെ ഒരു പവന് കൊടുക്കേണ്ടിയിരുന്നത്. പവന് 560 രൂപയുടെ  വർധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 70 രൂപ വച്ചാണ് കൂടിയത്. ഇന്നലെ 12,765 രൂപയായിരുന്നു ഗ്രാമിന് വില. ഇന്നത് 12,835 രൂപയായി.

യുഎസ് ഫെഡറൽ ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനയാണ് നിലവിൽ സ്വർണവില കൂടാൻ കാരണമായത്. കൂടാതെ, യുഎസ്- വെനസ്വേല സംഘർഷവും, റഷ്യ-യുക്രെയ്ൻ സമാധാന ശ്രമങ്ങൾ ഫലം കാണാത്തതും സ്വർണ്ണത്തിന്റെ വില ഇത്തരത്തിൽ അനിയന്ത്രിതമായി വർദ്ധിക്കുന്നതിന് കാരണമായി. ‌വിലയിൽ ഇനി വൻ ഇടിവ് സംഭവിക്കുമോ, അതോ രണ്ട് ലക്ഷത്തിലേക്കാണോ യാത്ര എന്നാണ് ആഭരണം വാങ്ങിക്കാൻ കാത്തിരിക്കുന്നവർ ഉറ്റുനോക്കുന്നത്.

കോട്ടയത്ത് മദ്യലഹരിയിൽ വാഹനമോടിച്ച് കാൽനടയാത്രക്കാരനെ ഇടിച്ചിട്ട സംഭവം; സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

0

കോട്ടയം: കോട്ടയത്ത് മദ്യലഹരിയിൽ വാഹനമോടിച്ച് ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. കോട്ടയം നാട്ടകം എംസി റോഡിൽ വച്ച് ആയിരുന്നു സംഭവം. അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരുമായും പോലീസുമായും താരം വക്കുതർക്കത്തിലേർപ്പെട്ടതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ സമൂഹ മാധ്യമത്തിൽ വൈറലാണ്.

പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ ചികിത്സയിലാണ്. ഇയാളുടെ കാലിന് പരിക്ക് പറ്റിയിട്ടുണ്ട്. അപകടത്തെ തുടർന്ന് സംഭവത്തിൽ ചെയ്യാനെത്തിയ നാട്ടുകാരെയും പൊലീസിനെയും സിദ്ധാർഥ് അക്രമിച്ചിരുന്നു. 24ന് രാത്രി നാട്ടകം ഗവൺമെന്‍റ് കോളേജിന് സമീപം എം.സി റോഡിൽ വെച്ചാണ് സിദ്ധാർഥ് അപകടമുണ്ടാക്കിയത്.
അപകടത്തിന് പിന്നാലെ ചോദ്യംചെയ്യാൻ ശ്രമിച്ച നാട്ടുകാരെയും ഇടപെടാനെത്തിയ പോലീസിനെയും ഇയാൾ ആക്രമിക്കുകയും ചെയ്തു. തുടർന്ന് ബലം പ്രയോ​ഗിച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

കോട്ടയം ഭാഗത്തുനിന്ന് എത്തിയ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് സിദ്ധാർഥ് കാൽനടയായി പോകുകയായിരുന്ന ലോട്ടറി വിൽപനക്കാരനെ ഇടിച്ചത്. അസഭ്യവാക്കുകൾ ഉപയോഗിച്ചതോടെ സ്ഥിതിഗതികൾ വഷളായി കയ്യാങ്കളിയിലേക്കു മാറിയതായി പോലീസ് അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സിദ്ധാർഥിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തിൽ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

മലയാള സീരിയൽ പ്രേക്ഷകർക്ക് സുപരിചിതനായ സിദ്ധാർഥ് പ്രഭു തട്ടീം മുട്ടീം, ഉപ്പും മുളകും എന്നീ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോകളിലൂടെയാണ് അഭിനയരംഗത്തേക്ക് സിദ്ധാർത്ഥ് കടക്കുന്നത്.

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0

ടൊറന്റോ: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു. ഡോക്ടറൽ വിദ്യാർത്ഥിയായ ശിവങ്ക് അവസ്തി (20) ആണ് കൊല്ലപ്പെട്ടത്. ഡിസംബർ 23നാണ് സംഭവം നടന്നതെന്ന് ടൊറന്റോ പൊലീസ് സ്ഥിരീകരിച്ചു. ടൊറന്റോ സർവകലാശാല സ്‌കാർബറോ കാമ്പസിന് സമീപമുണ്ടായ വെടിവെപ്പിലാണ് ശിങ്കിന് ജീവൻ നഷ്ടമായത്.

വെടിയേറ്റ നിലയിൽ കണ്ടെത്തിയ ശിവങ്ക് സംഭവസ്ഥലത്തുതന്നെ മരിച്ചതായും, പൊലീസ് സ്ഥലത്തെത്തുന്നതിന് മുൻപ് പ്രതികൾ രക്ഷപ്പെട്ടതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, പ്രതികളെ കുറിച്ച് വിവരമുള്ളവർ മുന്നോട്ടുവരണമെന്നും പൊലീസ് അഭ്യർഥിച്ചു.കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളവർ 416-808-7400 എന്ന നമ്പറിൽ ടൊറന്റോ പൊലീസിനെയോ, 416-222-TIPS (8477) എന്ന നമ്പറിലൂടെയോ www.222tips.com വഴിയോ ക്രൈം സ്റ്റോപ്പേഴ്‌സിനെ സമീപിക്കാമെന്ന് പൊലീസ് അറിയിച്ചു.

ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പ്രസ്താവന പുറത്തിറക്കി. ദുഃഖിതരായ കുടുംബവുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ടെന്നും, പ്രാദേശിക അധികാരികളുമായി ചേർന്ന് ആവശ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്.