ചെന്നൈ: സംസ്ഥാനത്തുടനീളം ഇടിയപ്പം വിൽക്കുന്നതിന് മുമ്പ് സാധുവായ ഭക്ഷ്യസുരക്ഷാ ലൈസൻസ് നേടുന്നത് നിർബന്ധമാക്കി തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ വകുപ്പ്. പല ജില്ലകളിലും, പ്രത്യേകിച്ച് അതിരാവിലെയും വൈകുന്നേരങ്ങളിലും ഇടിയപ്പം വ്യാപകമായി വിൽക്കപ്പെടുന്നു. സമീപ ആഴ്ചകളിൽ, ചെന്നൈയിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും പ്രവർത്തിക്കുന്ന ഇടിയപ്പം വിൽപ്പനക്കാരുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് അധികൃതർ നിരീക്ഷിച്ചിട്ടുണ്ട്. എന്നിരുന്നാലും, ചില പ്രദേശങ്ങളിൽ അടിസ്ഥാന ശുചിത്വ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇടിയപ്പം തയ്യാറാക്കി വിൽക്കുന്നതായി വകുപ്പിന് പരാതികൾ ലഭിച്ചു. തുടർന്നാണ് നടപടി.
ഇടിയപ്പം ഉണ്ടാക്കുമ്പോഴും സൂക്ഷിക്കുമ്പോഴും വിൽക്കുമ്പോഴും ശുചിത്വം കർശനമായി പാലിക്കുന്നതിനൊപ്പം അംഗീകൃത വസ്തുക്കൾ ഉപയോഗിച്ചുമാത്രമേ നിർമ്മാണം നടത്താവൂ എന്നും നിർദ്ദേശമുണ്ട്. ലഭിക്കുന്ന ലൈസൻസിന് ഒരുവർഷം മാത്രമായിരിക്കും സാധുത.ആവശ്യമെങ്കിൽ പിന്നീട് പുതുക്കണം. ഇടയ്ക്കിടെ ലൈസൻസ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിലെ ജനപ്രിയ പ്രഭാത ഭക്ഷണമാണ് ഇടിയപ്പം. ഇരുചക്രവാഹനങ്ങളിൽ നിരവധിപേരാണ് നിരത്തുകളിലും മറ്റും ഇത് വിൽക്കുന്നത്. എന്നാൽ ഇതിൽ പലതിനും നിലവാരമില്ലെന്നും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം ഉണ്ടാക്കുന്നതെന്നും പരാതികൾ ലഭിച്ചിരുന്നു.പകർച്ചപ്പനി, എളുപ്പത്തിൽ പകരുന്ന അണുബാധകൾ തുടങ്ങിയ ബാധിച്ചവർ ഇടിയപ്പം ഉണ്ടാക്കുന്നതും വിൽക്കുന്നതും വ്യാപകമാണെന്ന് പലരും തെളിവുകൾ സഹിതം പരാതി നൽകിയിരുന്നു.
രോഗലക്ഷണങ്ങളുള്ളവർ ഭക്ഷണം വിൽക്കുന്നത് ആരോഗ്യപരമായ അപകടങ്ങൾക്ക് ഇടയാക്കുമെന്നും അതിനാൽ ഇത്തരക്കാർ ഇടിയപ്പം ഉണ്ടാക്കുന്നതോ വിൽക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. നിയമം കർശനമായി നടപ്പാക്കുന്നതോടെ പാെതുജനാരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
അതേസമയം ചെറുകിട കച്ചവടക്കാരെ നിരുത്സാഹപ്പെടുത്തുകയല്ല, മറിച്ച് സുരക്ഷിതവും ശുചിത്വവുമുള്ള ഭക്ഷണം ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും അനിയന്ത്രിതമായ തെരുവ് ഭക്ഷണ രീതികൾ ഒരു സ്റ്റാൻഡേർഡ് സുരക്ഷാ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരികയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യമെന്ന് വകുപ്പ് കൂട്ടിച്ചേർത്തു.

