കേസെടുത്ത് നിശബ്ദമാക്കാമെന്ന് ആരും കരുതണ്ട, പോലീസ് നാടകം കളിക്കുകയാണ്, അയ്യപ്പൻ്റെ സ്വർണം കട്ടവർക്കെതിരെ യുഡിഎഫ് നടത്തുന്ന പോരാട്ടത്തിൽ പതിനായിരങ്ങൾ ഒപ്പം നിൽക്കും’; എൻ സുബ്രഹ്മണ്യൻ

0

തിരുവനന്തപുരം: ശബരിമല സ്വർണകവർച്ച കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഒരുമിച്ചുള്ള ഫോട്ടോ നവ മാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത കോൺ​ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ നോട്ടീസ് നൽകിയ ശേഷം വിട്ടയച്ചു. കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും കോഴിക്കോട് ജില്ലിയിലെ മുതിര്‍ന്ന നേതാവുമാണ് എന്‍ സുബ്രമണ്യന്‍. അറസ്റ്റ് രേഖപ്പെടുത്തിയോ എന്ന കാര്യം അറിയില്ലെന്ന് ഡിസിസി പ്രസി‍ഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമപരമായി മുന്നോട്ടുപോകുമെന്നും സ്റ്റേഷൻ ജാമ്യം അനുവദിച്ചുവെന്നുമായിരുന്നു പ്രതികരണം.

പോലീസ് വിട്ടയച്ചതിന് പിന്നാലെ എൻ സുബ്രഹ്മണ്യൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പോലീസ് നാടകം കളിക്കുകയാണെന്നും, അയ്യപ്പൻ്റെ സ്വർണം കട്ടവർക്കെതിരെ യുഡിഎഫ് നടത്തുന്ന പോരാട്ടത്തിൽ പതിനായിരങ്ങൾ ഒപ്പം നിൽക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേസെടുത്ത് നിശബ്ദമാക്കാമെന്ന് ആരും കരുതേണ്ട. പു റത്തുവന്ന രണ്ട് ഫോട്ടോയും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ നിന്ന് ക്യാപ്ചർ ചെയ്തതാണ്. ആദ്യം ഇട്ട ഫോട്ടോ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തു. ഫോൺ പോലീസ് വാങ്ങിവച്ചുവെന്നും എൻ സുബ്രഹ്മണ്യൻ കൂട്ടിച്ചേർത്തു.

ശബരിമല സ്വർണകവർച്ച കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഒരുമിച്ചുള്ള ഫോട്ടോ നവ മാധ്യമങ്ങളിൽ പങ്കുവെച്ച കേസിൽ കോൺ​ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ ഇന്നരാവിലെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ ഒരുമിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചെന്ന ആരോപണത്തിൽ സുബ്രഹ്മണ്യനെതിരെ ഇന്നലെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഇയാളെ കസ്റ്റഡിയിലെടുതിരിക്കുന്നത്. സുബ്രഹ്മണ്യന്റെ വീട്ടിൽ നിന്നാണ് ചോവായൂർ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പോലീസ് അറസ്റ്റ് ചെയ്യുമോ എന്നറിയില്ല. അറസ്റ്റ് ചെയ്താൽ സന്തോഷത്തോടെ ജയിലിൽ പോകുമെന്നും രാവിലെ കസ്റ്റഡിയിലെടുക്കുന്നതിന് മുൻപായി സുബ്രഹ്മണ്യൻ പ്രതികരിച്ചിരുന്നു.

സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ വ്യാജചിത്രം പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ “അഗാധബന്ധം” ഉണ്ടെന്ന സൂചന നൽകുന്ന അടിക്കുറിപ്പോടെയായിരുന്നു സുബ്രഹ്മണ്യൻ ചിത്രം പങ്കുവച്ചത്. പിണറായിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാൻ എന്തായിരിക്കും കാരണമെന്നായിരുന്നു ചിത്രത്തിന് നൽകിയ തലക്കെട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here