പത്ത് ദിവസം കൊണ്ട് കേരള പോലീസ് അന്വേഷിച്ച് കണ്ടെത്തിയത് നഷ്ടപ്പെട്ട 224 മൊബൈൽ ഫോണുകൾ

0

മൂവാറ്റുപുഴ : എറണാകുളം റൂറൽ ജില്ലാ പോലീസിന്റെ നേതൃതത്തിൽ കഴിഞ്ഞ പത്ത് ദിവസം കൊണ്ട് അന്വേഷിച്ച് കണ്ടെത്തിയത് നഷ്ടപ്പെട്ട 224 മൊബൈൽ ഫോണുകൾ. ലോസ്റ്റ് മൊബൈൽ ഡിറ്റക്ഷൻ റെയ്‌ഡി ലാണ് 224 മൊബൈൽ ഫോണുകൾ കണ്ടെത്തി പരാതിക്കാർക്ക് തിരികെ നൽകിയത്.

കൂടുതൽ ഫോണുകൾ കണ്ടെത്തിയിരിക്കുന്നത് നോർത്ത് പറവൂരിൽ നിന്ന് നഷ്ടപ്പെട്ടതാണ്, 27 എണ്ണം. ആലുവയിൽ കണ്ടെത്തിയത് 18,
മൂവാറ്റുപുഴ 17, ഞാറയ്ക്കൽ, പെരുമ്പാവൂർ 13 വീതം. ടെലികോമിന്റെ
സിഇഐആർ പോർട്ടലുമായി (CEIR) സഹകരിച്ചു നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇത്രയും മൊബൈൽ ഫോണുകൾ കണ്ടെത്തി നഷ്ട്ടപെട്ട ആളുകൾക്ക് തിരികെ കൊടുത്തത്. നഷ്ടപെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിനായുള്ള റെയ്ഡ് തുടരുന്നു.

വരാപ്പുഴയിൽ വൻ മയക്കുമരുന്ന് വേട്ട : ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

0

ആലുവ : വരാപ്പുഴയിൽ വൻ മയക്കുമരുന്ന് വേട്ട.രാസ ലഹരിയും ഹാഷിഷ് ഓയിലുമായി യുവാവ് പോലീസ് പിടിയിൽ വരാപ്പുഴ മണ്ണംതുരുത്ത് മുല്ലപ്പിള്ളി ക്കണ്ടം അർജുൻ (30) നെയാണ് വരാപ്പുഴ പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 24.19 ഗ്രാം എം.ഡി.എം.എ.’15 ഗ്രാം കഞ്ചാവ്; 7 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടികൂടി. 4 ലക്ഷം രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു.

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നു. മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് കരുതുന്നു. ഡി.വൈ.എസ്.പി എസ്. ജയകൃഷ്ണന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഇൻസ്പെക്ടർ എസ്.സുധീഷ് കുമാർ, എസ്.ഐ എം.എസ് ഷെറി, സീനിയർ സി പി ഒ ഹരീഷ് സി പി ഒ മാരായ സുമേഷ്, വിനീഷ് , യദു കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വാക്ക് പാലിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ; വിനോദിനിക്ക് വീടൊരുങ്ങുന്നു, ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയായി

പാലക്കാട്: പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരി വിനോദിനിയ്ക്ക് വീട് വെക്കാനുള്ള ഭൂമിയുടെ രജിസ്ട്രേഷൻ നടന്നു.പാലക്കാട് ജില്ലയിൽ പല്ലശ്ശന പഞ്ചായത്തിൽ പല്ലാവൂർ എന്ന സ്ഥലത്താണ് 5 സെൻ്റ് ഭൂമി നൽകിയത്.

വീടുവെക്കാൻ സ്ഥലമില്ലെന്ന് കുടുംബം പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേരള ലോക്കൽ സെൽഫ് ഗവൺമെൻറ് എംപ്ലോയീസ് ഓർഗനൈസേഷനെ വസ്തു വാങ്ങി നൽകുന്നതിന് പ്രതിപക്ഷ നേതാവ് ചുമതലപ്പെടുത്തിയത്.

പതിനേഴാം തീയതി പ്രതിപക്ഷ നേതാവ് പാലക്കാട് എത്തുമ്പോൾ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ രേഖകൾ കൈമാറും.അതിനുശേഷം കോഴിക്കോട് ആസ്ഥാനമായുള്ള ഷെൽട്ടർ ഇന്ത്യ എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിനോദിനിക്ക് വീട് വെച്ച് നൽകുന്നതിനുള്ള പ്രവർത്തികൾ ആരംഭിക്കും.

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം സിറ്റി ആക്കാൻ മന്ത്രി സഭാ തീരുമാനം. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിഴിഞ്ഞം, സിയാൽ മാതൃകയിൽ 100 കോടിയുടെ വികസനം നടത്തും. വിഴിഞ്ഞം പോർട്ടിന്റെ സാറ്റലൈറ്റ് പോർട്ട് ആയി ബേപ്പൂർ മറ്റും. ബേപ്പൂർ തുറമുഖം പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) മാതൃകയിൽ വികസിപ്പിക്കുന്നതിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ബേപ്പൂർ ഒരു പോർട്ട് സിറ്റിയായി മാറുവാനും നാടിനാകെ സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധി കൈവരിക്കുവാനും മന്ത്രിസഭയുടെ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറ‍ഞ്ഞു.

നിരവധി പേർക്ക് തൊഴിൽ അവസരം സൃഷ്ടിക്കുന്നതിനും നിലവിൽ തൊഴിൽ ചെയ്യുന്നവരുടെ വരുമാനം വർദ്ധിക്കുന്നതിനും തീരുമാനം സഹായിക്കും.പോർട്ട് വികസനുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗവുമായി ചർച്ച ചെയ്ത് അവരുടെയെല്ലാം നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് മറ്റ് കാര്യങ്ങൾ നടപ്പിലാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രിയുമായി നടന്ന ചർച്ചയിൽ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അമേരിക്കയ്ക്ക് ഇന്ത്യയെ വിറ്റു, മോദി കർഷകരെ വഞ്ചിച്ചു; രാഹുൽ ഗാന്ധി

വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള ഭൂരാഷ്ട്രീയത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്, സ്ഥിരതയിൽ നിന്നും അസ്ഥിതിയിലേക്ക് നീങ്ങുന്നുവെന്ന് രാഹുൽ ഗാന്ധി. മുൻപ് പ്രധാനമന്ത്രി പറഞ്ഞു യുദ്ധങ്ങളുടെ യുഗം അവസാനിച്ചു എന്ന്. എന്നാൽ നമ്മൾ യുദ്ധത്തിൻറെ യുഗത്തിലേക്ക് ആണ് നീങ്ങുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

യുക്രെയിനിലും ഇറാനിലും എല്ലാം യുദ്ധങ്ങളാണ്.നമ്മൾ അസ്ഥിരമായ ഒരു ലോകത്തിലേക്കാണ് നീങ്ങുന്നത്. ഡോളറും യുഎസ് ആധിപത്യവും വെല്ലുവിളിക്കപെടുന്നു. ഈ സംഘർഷത്തിന്റെ കേന്ദ്രബിന്ദു എ ഐ സങ്കല്പം. എ ഐ ഒട്ടേറെ പ്രതിബന്ധങ്ങൾ നേരിടും. നമ്മൾ അപകടകരമായ ഒരു കാലത്തേക്ക് പോകുന്നു എന്നുള്ള കാര്യം ബജറ്റ് അഭിസംബോധന ചെയ്യുന്നു.

ബജറ്റിൽ ഒന്നുമില്ല. ഊർജ – സാമ്പത്തിക ആയുധവത്കരണത്തെക്കുറിച്ച് ബജറ്റിൽ ഒന്നുമില്ല.സമാന്തരമായി ചില പുതിയ കാര്യങ്ങൾ സംഭവിക്കുന്നു. യുഎസിനും അമേരിക്കക്കും ഇടയിൽ ഏറ്റവും മൂല്യമുള്ള ആസ്തി ഇന്ത്യൻ ഡാറ്റ.

അമേരിക്കയ്ക്ക് സൂപ്പർ പവർ ആയി തുടരണമെങ്കിലും,ഡോളറിന്റെ മൂല്യം സൂക്ഷിക്കണമെങ്കിലും ഇന്ത്യൻ ഡാറ്റ ആവശ്യം. ഇന്ത്യയുടെ ഏറ്റവും വലിയ വിലപേശൽ ശക്തി ജനങ്ങൾ. ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി ജനസംഖ്യ. ഇന്ത്യ സഖ്യമാണ് ട്രംബുമായി ചർച്ച നടത്തിയിരുന്നത് എങ്കിൽ, മുന്നോട്ടുവയ്ക്കുന്ന ആദ്യ കാര്യം ഇന്ത്യൻ ഡാറ്റ ആകുമായിരുന്നുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ജോലിക്കാരെ പോലെയല്ല, തുല്യനിലയിൽ സംസാരിക്കാൻ ആവശ്യപ്പെടുമായിരുന്നു. നിങ്ങൾക്ക് നിങ്ങളുടെ കർഷകരെ സംരക്ഷിക്കണമെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ കർഷകരെയും സംരക്ഷിക്കണം എന്ന് പറയുമായിരുന്നു.ഡിജിറ്റൽ വാണിജ്യ ചട്ടങ്ങളിലെ നിയന്ത്രണം വിട്ടുകൊടുത്തു.ഡാറ്റ പ്രാദേശികവൽക്കരണത്തിന് ചട്ടങ്ങൾ ഇല്ല.

മൂന്ന് ശതമാനമായിരുന്ന ശരാശരി താരിഫ് 18% ആയി ഉയർന്നു. 6 ഇരട്ടി വർദ്ധനവ് ഉണ്ടായി.യുഎസിന് ഇന്ത്യയോട് യാതൊരു പ്രതിബദ്ധതയും ഇല്ല.ഇന്ത്യയുടെ താരിഫ് ഉയർന്നെങ്കിലും യുഎസിന്റെ താരീഫ് 16 ൽ നിന്ന് 0 ആയി കുറഞ്ഞു.

ഇന്ത്യയുടെ യഥാർത്ഥ ആസ്തി ഇവിടുത്തെ ജനങ്ങൾ ആണെന്ന് പ്രധാനമന്ത്രിക്ക് അറിയാം. ബംഗ്ലാദേശിന്റെ ടെക്സ്റ്റൈൽ താരിഫ് യുഎസ് പൂജ്യമാക്കി.അതോടെ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖല തഴയപ്പെട്ടു.ഇനി ഇന്ത്യ ആരിൽ നിന്ന് എണ്ണ വാങ്ങണമെന്ന് യുഎസ് തീരുമാനിക്കും, പ്രധാനമന്ത്രിയല്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

ഇന്ത്യൻ ചരിത്രത്തിലാദ്യമായി, കർഷകർ കടുത്ത പ്രതിസന്ധി നേരിടുന്നു. സോയാബീൻ, ചുവന്ന മണിച്ചോളം അടക്കമുള്ള ധാന്യങ്ങൾക്കായി ഇന്ത്യ വാതിൽ തുറന്നു കൊടുത്തു.ലജ്ജാകരം എന്ന് രാഹുൽ. ഒരു പ്രധാനമന്ത്രിയും ഇതുപോലെ ചെയ്തിട്ടില്ല. പ്രധാനമന്ത്രിയുടെ കണ്ണുകളിൽ താൻ ഭയം കാണുന്നു. അദാനിയുടെ കമ്പനി ഒരു സാധാരണ കമ്പനി അല്ല. യുഎസിലെ കേസ് ലക്ഷ്യം വെച്ചിരിക്കുന്നത്

അദാനിയെ അല്ല പ്രധാനമന്ത്രിയെ.അത് ലക്ഷ്യം വെച്ചിരിക്കുന്നത് ബിജെപിയുടെ സാമ്പത്തിക ശൃംഖലയെ. അനിൽ അംബാനി എന്തുകൊണ്ട് ജയിലിൽ പോകുന്നില്ല, അതിന് കാരണം അദ്ദേഹത്തിൻറെ പേര് എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്. കേന്ദ്രസർക്കാർ യുഎസിന് മുന്നിൽ കീഴടങ്ങി. അത് പ്രധാനമന്ത്രിയുടെ മാത്രം കീഴടങ്ങൽ അല്ല, 150 കോടി ഇന്ത്യക്കാരുടെ ഭാവിയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

സൂരജ് ലാമയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സമഗ്ര അന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകി ഹൈക്കോടതി

കൊച്ചി: സൂരജ് ലാമയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സമഗ്ര അന്വേഷണം നടത്താൻ പൊലീസിന് ഹൈക്കോടതി നിർദേശം നൽകി. കേസ് പ്രത്യേക അന്വേഷണ സംഘം കൈകാര്യം ചെയ്യണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ സംഘത്തെ നയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ലാമ ഇന്ത്യയിൽ എത്തിയ സമയത്തുനിന്ന് മൃതദേഹം കണ്ടെത്തുന്നതുവരെയുള്ള എല്ലാ സാഹചര്യങ്ങളും അന്വേഷിക്കണമെന്ന് കോടതി പറഞ്ഞു. ആവശ്യമെങ്കിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും അനുമതി നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമായിട്ടില്ലാത്തതിനാൽ കൊലപാതക സാധ്യത ഉൾപ്പെടെ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. അന്വേഷണം മൂന്ന് ആഴ്ചയ്ക്കകം പൂർത്തിയാക്കണമെന്നും ഹൈക്കോടതി അറിയിച്ചു.

നവംബർ 30നാണ് എച്ച്എംടി സ്ഥാപനത്തിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്ന് സൂരജ് ലാമയുടെ മൃതദേഹം കണ്ടെത്തിയത്. ഏകദേശം രണ്ട് മാസം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹം. ഫെബ്രുവരി 6ന് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം ലാമയുടേതാണെന്ന് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ പൊലീസ് നടപടികളിൽ വീഴ്ചയുണ്ടായതായി കോടതി ശക്തമായി വിമർശിക്കുകയും കുടുംബത്തോട് ഖേദം രേഖപ്പെടുത്തുകയും ചെയ്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലതയും അടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്.

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. കേന്ദ്രസർക്കാരിന്റെ തൊഴിൽ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. 10 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച പൊതുപണിമുടക്കിൽ 30 കോടി തൊഴിലാളികൾ പങ്കെടുക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു.

രാത്രി 12 മണിക്ക് ആരംഭിക്കുന്ന 24 മണിക്കൂർ പണിമുടക്ക് നാളെ അർധരാത്രി 12 മണി വരെയാണ്. സ്വകാര്യബസ് –കെഎസ്ആർടിസി ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ഗതാഗതം സ്തംഭിക്കും. പാൽവിതരണം, പത്രങ്ങൾ, ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ഫയർ ആൻഡ് റെസ്ക്യൂ സർവീസുകൾ, ആംബുലൻസുകൾ എന്നിവ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേന്ദ്ര സർക്കാർ നാല് തൊഴിൽ നിയമങ്ങളും ചട്ടങ്ങളും റദ്ദാക്കണം, ഡ്രാഫ്റ്റ് സീഡ് ബിൽ, വൈദ്യുതി ഭേദഗതി ബിൽ, SHANTI ആക്ട് എന്നിവ പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം. ദേശീയപതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദർശനം , രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ ചടങ്ങുകളിൽ ആണ് വന്ദേമാതരം നിർബന്ധമാക്കിയത്. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ദേശീയ ഗീതത്തിൻ്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്.

വന്ദേമാതരത്തിന്റെ 6 ചരണങ്ങൾ ഉള്ള മൂന്ന് മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യമുള്ള പതിപ്പ് ആണ് നിർബന്ധമാക്കിയത്. ഗവർണർമാരുടെ പരിപാടികളിലും വന്ദേമാതരം നിർബന്ധമാക്കി. വന്ദേമാതരം ആലപിക്കുന്ന ഇത്തരം ചടങ്ങുകളിൽ സദസിലുള്ളവർ എഴുന്നേറ്റു നിൽക്കണമെന്നും ദേശീയ ഗാനവും ദേശീയഗീതവും ചൊല്ലുന്ന ചടങ്ങുകളിൽ വന്ദേമാതരം ആദ്യം ആലപിക്കണമെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.

സിനിമകളിലോ ഡോക്യുമെൻ്ററികളിലോ ദേശീയഗീതം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പ്രേക്ഷകർ എഴുന്നേറ്റ് നിൽക്കേണ്ടതില്ല. ദേശീയഗീതം ആലപിക്കാവുന്ന ചടങ്ങുകളുടെ പട്ടികയിൽ സ്കൂൾ അസംബ്ലികളും ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമപ്രകാരം, ദേശീയ ഗാനത്തെ തടസ്സപ്പെടുത്തുകയോ മറ്റുള്ളവരെ ബഹുമാനിക്കാതിരിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

ആഗോള അയ്യപ്പ സംഗമം; ദേവസ്വം ബോർഡിന് നഷ്ടം 3.4 കോടി രൂപ

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം നടത്തിയതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഓഡിറ്റ് റിപ്പോർട്ട്.

ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.  അയ്യപ്പസംഗമത്തിന് വേണ്ടി സർക്കാറിൽ നിന്നും ദേവസ്വം ബോർഡിൽ നിന്നും പണം കൈപ്പറ്റരുത് എന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

ഫണ്ട് വിനിയോഗത്തിൽ ദേവസ്വം ബോർഡിന് വീഴ്ച പറ്റിയെന്നും സംഗമത്തിന് സർക്കാരിന്റെ പണം ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിക്കപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്താമെന്നാണ് കരുതിയിരുന്നത്. ആഗോള അയ്യപ്പസംഗമത്തിന് എട്ടു കോടി ചിലവാണ് പ്രതീക്ഷിക്കുന്നതെന്ന് ദേവസ്വം മന്ത്രി തന്നെ മുമ്പ് പറഞ്ഞിരുന്നു. എത്രരൂപ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി എന്ന് വ്യക്തമല്ല.  

ദേവസ്വം ബോർഡിന്റെ സർപ്ലസ് ഫണ്ടിൽ നിന്നാണ് 3.4 കോടി രൂപ എടുത്തിട്ടുള്ളത്. ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആഗോള അയ്യപ്പസംഗമത്തെ കുറിച്ചും പരാമർശമുണ്ട്.  

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക

തിരുവനന്തപുരം: സംസ്ഥാനത്ത്  കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക.  തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം. 

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും.

ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഷിംജിതയ്ക്ക് ജാമ്യം

കോഴിക്കോട്: ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഷിംജിതയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ആണ് ജാമ്യം അനുവദിച്ചത്.

വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പൊലീസ് പിടികൂടിയത്. പിന്നീട് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡിൽ വെച്ചു. ദീപക് ജനുവരി പതിനേഴിന് ആത്മഹത്യ ചെയ്തിരുന്നു. ഷിംജിതയുടെ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ദീപക്കിനെതിരെ വ്യാപകമായ സൈബർ ആക്രമണം ഉണ്ടായിരുന്നു. ദീപക്കിന്റെ കുടുംബം, ഈ ആക്രമണങ്ങൾ കാരണം മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്ന് ആരോപിച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

എന്നിരുന്നാലും, ബസിൽ താൻ ലൈംഗികാതിക്രമം നേരിട്ടുവെന്ന വാദത്തിൽ ഷിംജിത ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. “വെറുതെ ഒന്നും പറയില്ലല്ലോ,” എന്നായിരുന്നു മാധ്യമങ്ങളോടുള്ള ഷിംജിതയുടെ പ്രതികരണം.

രാഹുൽ മാങ്കൂട്ടത്തിൽ കേസ്: അതിജീവിതയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ച ദീപ ജോസഫിനെ രൂക്ഷമായി വിമർശിച്ചു സുപ്രീംകോടതി

ഡൽഹി: രാഹുൽ മാങ്കൂട്ടത്തിന്റെ കേസിലെ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്ന കേസിൽ അഭിഭാഷക ദീപ ജോസഫിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ദീപ ജോസഫിനോട് “നിങ്ങൾ ഒരു വനിതാ അഭിഭാഷകയല്ലേ? ഇത്തരം ഭാഷ ഉപയോഗിക്കുന്നത് എന്തിനാണ്? അതിജീവിതയുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് വെളിപ്പെടുത്തിയതിന്റെ കാരണം എന്ത്?” എന്ന് രൂക്ഷമായ ഭാഷയിൽ ചോദിച്ചു.

“അഭിഭാഷകയായി പ്രവർത്തിക്കുന്ന ആളാണ് നിങ്ങൾ. ക്ലയന്റ് നൽകിയ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് പ്രൊഫഷണൽ സമീപനമാണോ?” എന്നും കോടതി ചോദിച്ചു. ഹൈക്കോടതിയെ സമീപിക്കണമെന്നും ഹർജിയിൽ ഇടപെടാതിരിക്കണമെന്നും കോടതി നിർദേശിച്ചു.

“പുരുഷനായിരുന്നുവെങ്കിൽ നിങ്ങൾക്കെതിരെ അറസ്റ്റിന് ഉത്തരവുണ്ടാകുമായിരുന്നു. എന്നാൽ സ്ത്രീയാണെന്ന് പരിഗണന നൽകുന്നു” എന്നും ബെഞ്ച് ദീപ ജോസഫിനോട് പറഞ്ഞു.

“അതിനിടെ, അതിജീവിതയുടെ പേര് ഒന്നും പോസ്റ്റിൽ വെച്ചിട്ടില്ല. കുറ്റം തെളിയിക്കപ്പെട്ടാൽ മാത്രമേ പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരൂ” എന്നായിരുന്നു ദീപ ജോസഫിന്റെ നിലപാട്. ഇതിന് മുൻപ് ദീപ ജോസഫിനെതിരെ അതിജീവിത തടസ ഹർജി നൽകിയിരുന്നു. ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് സ്വന്തം വാദം കേൾക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം പ്രസിഡൻറ് എൻ. വാസുവിന് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡൻറ് എൻ. വാസുവിന് ജാമ്യം ലഭിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ഉപാധികളോടെ സ്വാഭാവിക ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥപ്രകാരം ജാമ്യകാലത്ത് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്. കൂടാതെ രണ്ട് ജാമ്യക്കാരെയും ആവശ്യമായ തുകയും ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു.

റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതിനെ തുടർന്നാണ് വാസു ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് അദ്ദേഹം. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹർജി നൽകിയത്.

ഹർജി പരിഗണിച്ച കോടതി, ജാമ്യം അനുവദിക്കുന്നതിൽ വിവേചനം കാണിക്കാൻ കഴിയില്ലെന്ന് മുൻപേ വ്യക്തമാക്കിയിരുന്നു. ഇതോടെ കേസിൽ ഇതുവരെ നാല് പ്രതികൾ ജാമ്യത്തിൽ പുറത്തിറങ്ങി. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ മൂന്ന് പേർക്ക് നേരത്തേ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

പനമ്പറ്റയിലെ കുട്ടികൾ പഠിക്കും’റോബോട്ടിൻ്റെ ടെക്നിക് ‘

0


കണ്ണൂർ
പുത്തൻ സാങ്കേതികവിദ്യയുടെ പാഠങ്ങൾ പഠിക്കാൻ അത്യാധുനിക എഐ – റോബോട്ടിക്സ് ലാബ് മാലൂർ പനമ്പറ്റ ന്യൂ യുപിസ്‌കൂളിൽ പ്രവർത്തനം തുടങ്ങി. കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര ഐപിഎസ് ഉദ്ഘാടനം ചെയ്തു. നിർമിതബുദ്ധിയുടെ സാധ്യതകൾ പ്രൈമറി തലം മുതൽ വിദ്യാർഥികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സ്‌കൂളിൽ റോബോട്ടിക്‌സ്‌ ലാബ്‌ സ്ഥാപിച്ചത്‌. ദുബായ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണീക് വേൾഡ് റോബോട്ടിക്സ് എന്ന സ്റ്റാര്‍ട്ടപ്പാണ്‌ റോബോട്ടിക്‌സ്‌ എഐ ആൻഡ്‌ ഇന്നൊവേഷൻ ലാബ്‌ (RAIL) ഒരുക്കിയത്.
ലാബ് ഉദ്ഘാടനത്തിൻ്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ മുതൽ എഐ ആൻ്റ് റൊബോട്ടിക് എക്സ്പീരിയൻസ് സെൻ്റർ സ്കൂളിൽ സജ്ജമാക്കിയിരുന്നു. പ്രദർശനം കാണാനും നിർമിതി ബുദ്ധിയുടെ സാധ്യതകൾ അനുഭവിച്ചറിയാനും വിവിധ സ്കൂളിൽ നിന്നുള്ള വിദ്യാർഥികളും പൊതുജനങ്ങളുമെത്തി.
വിദ്യാർഥികളിൽ ആധുനിക സാങ്കേതിക വിദ്യയുടെ അഭിരുചി വളർത്തുന്ന രീതിയിലാണ് ഈ ലാബ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിർമ്മിത ബുദ്ധി (AI), ഇലക്ട്രോണിക്സ് എന്നിവ പഠിക്കാൻ സഹായിക്കുന്ന ക്വാർക്കി (Quarky), വിസ്‌ബോട്ട് (Wizbot) തുടങ്ങിയ കിറ്റുകളും പ്ലൂട്ടോ ഡ്രോണുകളും ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഭാവനയിലുള്ള രൂപങ്ങൾ നിർമ്മിച്ചെടുക്കാൻ ത്രിഡി പ്രിന്ററുകളും ത്രിഡി പേനകളും ഇവിടെ ലഭ്യമാകും. പ്രോഗ്രാം ചെയ്യാൻ സാധിക്കുന്ന ‘ബോണിക് ബോട്ട്’ എന്ന ഹ്യൂമനോയിഡ് റോബോട്ടും സജ്ജമാക്കും.
നാസ സ്‌പേസ് ആപ്‌സ് ചലഞ്ച് 2025-ന്റെ ആഗോളതലത്തിലെ ഏറ്റവും വലിയ സംഘാടകരായ
യുണീക്ക് വേൾഡ് റോബോട്ടിക്‌സ്‌ നേരിട്ട് പനമ്പറ്റ സ്കൂളിലെ കുട്ടികളെ പഠിപ്പിക്കും. വിദേശത്ത് നിന്ന് സാങ്കേതികവിദ്യ വിദഗ്‌ധരും വിദ്യാർഥികളും നേരിട്ടെത്തി പനമ്പറ്റ സ്‌കൂളിലെ കുട്ടികൾക്ക്‌ പരിശീലനം നൽകും.
വിദ്യാർഥികൾക്ക്‌ പുറമേ ഗ്രാമീണമേഖലയിലെ ജനങ്ങൾക്കും സാങ്കേതിക വിദ്യാഭ്യാസം നൽകുക എന്ന വലിയ ലക്ഷ്യം കൂടി ഏറ്റെടുക്കുകയാണ്‌ ഇ‍ൗ പൊതുവിദ്യാലയം.
ചടങ്ങിൽ മാലൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ സുരേഷ് ബാബു അധ്യക്ഷനായി. യൂണീക് വേൾഡ് റൊബോട്ടിക്സ് സിഇഒ ബൻസൻ തോമസ് ജോർജ് മുഖ്യാതിഥിയായി. സ്റ്റാർട്ട് അപ് മിഷൻ പിആർഒ അഷിത വി എ , കേരള സാങ്കേതിക സർവകലാശാല മുൻ സിൻഡിക്കറ്റംഗം ആഷിക് ഇബ്രാഹിം കുട്ടി എന്നിവർ പദ്ധതി വിശദീകരിച്ചു. സ്കൂൾ മാനേജർ വി കെ സനോജ് സ്വാഗതവും പ്രധാനാധ്യാപകൻ ടി പി രഞ്ജിത് കുമാർ നന്ദിയും പറഞ്ഞു.

ഫോട്ടോ ക്യാപ്ഷൻ
മാലൂർ പനമ്പറ്റ ന്യൂ യു പി സ്കൂളിൽ സ്ഥാപിച്ച എഐ റൊബോട്ടിക്സ് ലാബിൻ്റെ പ്രവർത്തനം കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര ഐ പി എസിനോട് യൂണീക് വേൾഡ് റോബോട്ടിക്സ് സിഇഒ ബൻസൻ തോമസ് ജോർജ് വിശദീകരിക്കുന്നു

പാലായിൽ ജോസ് കെ മാണി തന്നെ എൽഡിഎഫ് സ്ഥാനാർത്ഥി: പ്രഖ്യാപിച്ച് റോഷി അഗസ്റ്റിൻ

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ജോസ് കെ മാണി മറുപടി പറയാനിരിക്കെ മൈക്ക് ഏറ്റെടുത്താണ് റോഷി ഇക്കാര്യം അറിയിച്ചത്.

“ജോസ് കെ മാണി മത്സരിക്കും — അതിൽ സംശയമില്ല. ഇത് പാർട്ടിയുടെ തീരുമാനമാണ്. അദ്ദേഹം സജ്ജമായി രംഗത്തിറങ്ങി സജീവമായി മത്സരിക്കും,” എന്നാണ് റോഷി അഗസ്റ്റിൻ പറഞ്ഞത്. പാലാ മണ്ഡലത്തിൽ തന്നെയാകും അദ്ദേഹത്തിന്റെ മത്സരം എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇതിനിടെ സിറ്റിംഗ് എംഎൽഎ മാണി സി കാപ്പന്റെ വിമർശനങ്ങൾക്ക് ജോസ് കെ മാണി മറുപടി നൽകി. തന്റെ കഴിവുകേട് മറച്ചുവെക്കാനാണ് കാപ്പൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആരാണ് മത്സരിക്കേണ്ടതെന്ന് പാർട്ടി തീരുമാനിക്കുമെന്നും അതനുസരിച്ച് മുന്നോട്ട് പോകുമെന്നും ജോസ് കെ മാണി പറഞ്ഞു.