തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ജില്ലകളിൽ മൂന്ന് മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.മഴ മുന്നറിയിപ്പുണ്ടെങ്കിലും മത്സ്യബന്ധനത്തിന് വിലക്കില്ല. കേരളത്തിലും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനം നടത്താം.
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴ: ഈ ജില്ലകളിൽ യെല്ലോ അലേർട്ട്
പാലക്കാട് സരിന്റെ പേര് നിർദ്ദേശിച്ച് സിപിഎം
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാലക്കാട് ജില്ലയിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്.
ഏറ്റവും ശ്രദ്ധേയമായ നീക്കം പാലക്കാട് മണ്ഡലത്തിലേതാണ്. കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി. സരിനെ പാലക്കാട് മണ്ഡലത്തിലേക്ക് ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചു.
എന്നാൽ, യുഡിഎഫ് ഉൾപ്പെടെയുള്ള മറ്റ് മുന്നണികളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് ശേഷം മാത്രമേ പാലക്കാട്ടെ ഔദ്യോഗിക പ്രഖ്യാപനം നടത്താവൂ എന്നാണ് പാർട്ടിയിലെ നിലവിലെ ധാരണ.
രണ്ട് ടേം നിബന്ധന കർശനമാക്കിയതോടെ ആലത്തൂരിലും നെൻമാറയിലും നിലവിലെ എംഎൽഎമാർ മാറിനിൽക്കും. ഈ സാഹചര്യത്തിൽ ആലത്തൂർ മണ്ഡലത്തിലേക്ക് ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി. പൊന്നുക്കുട്ടനെ നിർദേശിച്ചു. നെൻമാറയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രേമന്റെ പേരാണ് പട്ടികയിലുള്ളതെന്നാണ് വിവരം.
എന്നാൽ അതേ സമയം, എംബി രാജേഷിന്റെ തൃത്താലയിൽ മാറ്റമുണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് വിവരം. എം.ബി.രാജേഷ് തൃത്താലയിൽ തുടരും.
സെർവിക്കൽ ക്യാൻസറിനെതിരെ പെൺകുട്ടികൾക്ക് വാക്‌സിനേഷൻ; കാമ്പയിൻ നാളെ മുതൽ
ന്യൂഡൽഹി: രാജ്യത്തെ പെൺകുട്ടികളിലെ ഗർഭാശയമുഖ ക്യാൻസർ (Cervical Cancer) തടയുന്നതിനുള്ള ദേശീയ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്‌സിനേഷൻ കാമ്പയിന് ശനിയാഴ്ച തുടക്കമാകും. രാജസ്ഥാനിലെ അജ്മീറിൽ ഫെബ്രുവരി 28-ന് രാവിലെ 11.30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം നിർവഹിക്കും.
കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച ഔദ്യോഗിക കത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാക്സിനിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന ഏക ക്യാൻസർ ഇതാണെന്നും പൊതുജനാരോഗ്യ രംഗത്ത് ഇതൊരു വലിയ നാഴികക്കല്ലാണെന്നും മന്ത്രാലയം വ്യക്തമാക്കി.
14 വയസ്സ് തികഞ്ഞ, എന്നാൽ 15 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഉദ്ഘാടനം കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ 15 വയസ്സ് തികയുന്ന പെൺകുട്ടികൾക്കും ഈ ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കാം.ആദ്യ മൂന്ന് മാസം (90 ദിവസം) തീവ്രയജ്ഞ പരിപാടിയായിട്ടായിരിക്കും വാക്സിനേഷൻ നടക്കുക. അതിനുശേഷം ഇത് സാധാരണ പ്രതിരോധ കുത്തിവെപ്പ് പട്ടികയിൽ (Routine Immunisation) ഉൾപ്പെടുത്തും.
വാക്സിനേഷൻ പൂർണ്ണമായും സന്നദ്ധാടിസ്ഥാനത്തിലാണ്. കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് മുമ്പ് മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ സമ്മതപത്രം വാങ്ങേണ്ടത് നിർബന്ധമാണ്. ആയുഷ്മാൻ ആരോഗ്യ മന്ദിർ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, ജില്ലാ ആശുപത്രികൾ, സർക്കാർ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ വാക്സിൻ സൗജന്യമായി ലഭ്യമാകും.
സുരക്ഷാ മുൻകരുതലുകൾ:
കുട്ടികളിലെ വാക്സിനേഷൻ സംബന്ധമായ ഉത്കണ്ഠ ഒഴിവാക്കാൻ കൃത്യമായ നിർദ്ദേശങ്ങൾ മന്ത്രാലയം നൽകിയിട്ടുണ്ട്.
വെറുംവയറ്റിൽ വാക്സിൻ നൽകാൻ പാടില്ല.വാക്സിൻ എടുത്ത ശേഷം 30 മിനിറ്റ് നിരീക്ഷണത്തിൽ ഇരിക്കണം.പാർശ്വഫലങ്ങൾ കൈകാര്യം ചെയ്യാൻ എല്ലാ കേന്ദ്രങ്ങളിലും പ്രത്യേക മെഡിക്കൽ കിറ്റുകളും ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കും.ഡിജിറ്റൽ ട്രാക്കിംഗിനായി U-WIN പ്ലാറ്റ്‌ഫോം ഉപയോഗിക്കും.
എൻസിഇആർടി വിവാദത്തിൽ പ്രധാനമന്ത്രിക്ക് അതൃപ്തി; ഉത്തരവാദികൾക്കെതിരെ നടപടിക്ക് നിർദ്ദേശം
ന്യൂഡൽഹി: എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയെ വിമർശിക്കുന്ന ഭാഗങ്ങൾ ഉൾപ്പെടുത്തിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) പുറത്തിറക്കിയ പുസ്തകത്തിൽ ജുഡീഷ്യറിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഉള്ളടക്കം വന്നതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻെനെ നേരിട്ട് വിളിച്ചാണ് പ്രധാനമന്ത്രി അസന്തോഷം അറിയിച്ചതെന്നാണ് റിപ്പോർട്ട്. വിഷയത്തിൽ ഉടൻ തിരുത്തൽ നടപടികൾ സ്വീകരിക്കാനും ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തി കർശന നടപടി എടുക്കാനും നിർദ്ദേശം നൽകിയതായി അറിയുന്നു.
മാധ്യമവാർത്തകളെത്തുടർന്ന് സുപ്രീം കോടതി ഓഫ് ഇന്ത്യ സ്വമേധയാ കേസ് എടുത്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി. സോളിസിറ്റർ ജനറൽ തുഷാർ മേതയോടൊപ്പം ഹാജരായ സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ പുസ്തകം പിൻവലിച്ചതായും നിരുപാധികം മാപ്പുപറയുന്നതായും കോടതിയെ അറിയിച്ചു.
എന്നാൽ മാപ്പ് മാത്രം മതിയാകില്ലെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന കാര്യമാണ് സംഭവിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ഉത്തരവാദികളെ കണ്ടെത്തണമെന്നും കോടതി നിർദ്ദേശിച്ചു. വിദ്യാഭ്യാസ മന്ത്രാലയം, സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി, എൻസിഇആർടി ഡയറക്ടർ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പുസ്തകത്തിന്റെ ഓൺലൈൻ പതിപ്പടക്കം കോടതി താൽക്കാലികമായി നിരോധിച്ചു.
Prime Minister Narendra Modi expressed strong dissatisfaction over controversial content criticizing the judiciary in an NCERT Class 8 textbook. The Supreme Court of India took suo motu cognizance of the issue and sought an explanation from the Centre. The textbook has been withdrawn, and corrective as well as disciplinary actions have been directed.
കോടതി വിലക്ക് നീങ്ങി; ഇടുക്കിയിൽ കൈവശ ഭൂമിക്ക് പട്ടയ വിതരണം പുനരാരംഭിച്ചു
കേരളം: ഇടുക്കി ജില്ലയിൽ കൈവശ ഭൂമിക്ക് പട്ടയ വിതരണം വീണ്ടും ആരംഭിച്ചു. 1964 ലെ ചട്ടപ്രകാരം പട്ടയം അനുവദിക്കുന്നതിൽ നിലനിന്നിരുന്ന കോടതി വിലക്ക് നീങ്ങിയതോടെയാണ് നടപടികൾ പുനരാരംഭിച്ചത്.
ചെറുതോണിയിൽ നടന്ന പട്ടയവിതരണ ചടങ്ങിൽ 2077 കുടുംബങ്ങൾക്ക് പട്ടയങ്ങൾ കൈമാറി. 2016 മുതൽ ഇതുവരെ ജില്ലയിൽ നടന്ന 13 പട്ടയമേളകളിലൂടെ 43,613 പട്ടയങ്ങൾ വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു.
കോടതി വിലക്കിനെ തുടർന്ന് മുടങ്ങിയിരുന്ന നടപടികൾ വീണ്ടും വേഗത്തിലാക്കുകയാണ് സർക്കാർ. ഈ ഘട്ടത്തിൽ വിതരണം ചെയ്ത പട്ടയങ്ങളിൽ ഭൂരിഭാഗവും വനാവകാശ രേഖകളും 1993 ലെ ചട്ടപ്രകാരമുള്ള പട്ടയങ്ങളുമാണ്. ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ പട്ടയങ്ങൾ വിതരണം ചെയ്തു. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.
കോടതി വിലക്ക് നീങ്ങിയതോടെ 3000 അപേക്ഷകർക്ക് കൂടി ഉടൻ പട്ടയം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. 1974-ൽ ആരംഭിച്ച മാങ്കുളം മിച്ചഭൂമി വിതരണത്തിലെ സാങ്കേതിക തടസ്സങ്ങളും പരിഹരിച്ചതോടെ അർഹരായ കുടുംബങ്ങൾക്കും പട്ടയം നൽകാനുള്ള വഴി തുറന്നു.
ചിന്നക്കനാൽ വില്ലേജിലെ മുത്തമ്മ ഉന്നതിയിൽ താമസിക്കുന്ന 238 കുടുംബങ്ങൾക്കും പട്ടയം അനുവദിച്ചു. തൊടുപുഴ, ഇടുക്കി താലൂക്കുകളിലെ വിവിധ വില്ലേജുകളിലും നടപടികൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്.
The distribution of title deeds for occupied land has resumed in Idukki district, Kerala, after the court stay under the 1964 rules was lifted. At a ceremony held in Cheruthoni, 2,077 families received title deeds. Authorities stated that around 3,000 more applicants will soon receive pattas as procedures are being expedited.
സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം; യുവതി മരിച്ചു
തിരുവനന്തപുരം: സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതിയെ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസ് ഇടിച്ച് അപകടം. അരുവിക്കര കളത്തറ സ്വദേശിനി ഷിബിന നിഷാദ് (27) ആണ് മരിച്ചത്.
ഇന്ന് രാവിലെ കാച്ചാണി പള്ളിനടയിൽ വച്ചാണ് അപകടം ഉണ്ടായത്. അരുവിക്കര ഭാഗത്ത് നിന്ന് കാച്ചാണിയിലേക്ക് പോയ ബസാണ് സ്കൂട്ടറിൽ ഇടിച്ചതെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഷിബിനയെ നാട്ടുകാർ സമീപത്തെ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അരുവിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലുലുമാളിലെ പെർഫ്യൂം സെന്ററിൽ ജീവനക്കാരിയായിരുന്നു ഷിബിന. ഭർത്താവ്: സുൽഫി. മകൾ: ഇശൽ മെഹർ.
A 27-year-old woman died after her scooter was hit by a KSRTC bus at Kachani in Thiruvananthapuram, Kerala. She was rushed to the hospital but succumbed to her injuries. Police have registered a case and initiated an investigation.
മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ ട്രെയിൻ തട്ടി മരിച്ചു
കേരളം: മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് സർജനായ 25-കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വെണ്ണിയൂർ തിരൂരങ്ങാടി മടപ്പള്ളി വീട്ടിൽ അബ്ദുൽ റഹ്മാന്റെ മകൻ മുഹമ്മദ് റയാനാണ് മരിച്ചത്.
രാവിലെ 10.30ഓടെ അത്താണി–വെളപ്പായ റെയിൽവേ ഗേറ്റുകൾക്കിടയിൽ തിരുവനന്തപുരം നിന്ന് മംഗളൂരുവിലേക്കു പോയ ഏറനാട് എക്സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
യുവ ഡോക്ടർ മാനസികാരോഗ്യ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.
A 25-year-old house surgeon at the medical college hospital in Mulankunnathukavu, Kerala, was found dead after being hit by the Ernad Express train. The incident occurred around 10:30 AM between Athani and Velappaya railway gates. Police have initiated an investigation.
കാലടിയിൽ 21 കിലോഗ്രാം കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ
പെരുമ്പാവൂർ : കാലടിയിൽ രണ്ടിടങ്ങളിൽ നിന്ന് 21 കിലോഗ്രാം കഞ്ചാവുമായി പ്രായപൂർത്തിയാകത്ത ഒരാൾ ഉൾപ്പടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ. ശ്രീമൂലനഗരത്ത് 16 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ ബാപി മൊല്ല (23), സാദിഖുൽ (25) പ്രായപൂർത്തിയാകാത്ത ഒരാൾ ,കാഞ്ഞൂരിൽ 6 കിലോ കഞ്ചാവുമായി മൂർഷിദാബാദ് സ്വദേശി മനൂർ ഹുസൈൻ (40) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി ആലുവയിൽ ട്രയിനിറങ്ങി ഓട്ടോയിൽ കൊണ്ടു പോകും വഴിയാണ് പിടിയിലായത്. കിലോക്ക് മൂവായിരം രൂപ നിരക്കിൽ വാങ്ങി പത്തിരട്ടി രൂപയ്ക്കാണ് വിൽപ്പന.
എ എസ് പി ഹാർദിക് മീണ, കാലടി ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി, എസ്.ഐ മാരായ ശ്യാം, ജെയിംസ് മാത്യു, മാർട്ടിൻ, ഷിജു, എ എസ് ഐ അബ്ദുൽ മനാഫ്, സീനിയർ സിപിഒ ടി.എ അഫ്സൽ, സി പി ഒ മാരായ ബെന്നി ഐസക്, റോബിൻ ജോയ്, അരുൺ രവികുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്
വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ നൽകരുത്; ഹൈക്കോടതിയിൽ ഹർജി നൽകി സംഘടന
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകുന്നതിനെതിരെ ഹർജി. പുരസ്കാരം നൽകുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം.ശ്രീനാരായണ ധർമ്മ പ്രബോധന ട്രസ്റ്റ് ആണ് ഹർജിക്കാർ.
പത്മഭൂഷൻ പ്രഖ്യാപിച്ചത് നിയമ വിരുദ്ധമാണെന്നും വെള്ളാപ്പള്ളിയ്ക്കെതിരെ നിരവധി കേസുകളുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യ പ്രേരണ കേസിലും അഴിമതി കേസുകളിലും പ്രതിയാണെന്നാണ് ഹർജിക്കാർ പറയുന്നത്. ക്രിമിനൽ കേസുള്ള ഒരാൾക്ക് പുരസ്കാരം നൽകുന്നത് തെറ്റാണ്. ഇക്കാര്യം പരിശോധിക്കുന്നതിൽ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്നുമാണ് ഹർജിക്കാർ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് തേടിയിരിക്കുകയാണ് കോടതി. ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.
‘ദ കേരള സ്റ്റോറി 2’ റിലീസ് സ്റ്റേ ചെയ്തു ഹൈക്കോടതി
കൊച്ചി: വിവാദമായ ദി കേരള സ്റ്റോറി: ഗോസ് ബിയോണ്ട് സിനിമയുടെ പ്രദർശനം 15 ദിവസത്തേക്ക് സ്റ്റേ ചെയ്ത് കേര ഹൈക്കോടതി. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയാണ് കോടതി ഇടപെടൽ. സ്റ്റേ കാലാവധിക്ക് ശേഷം സിനിമ സെൻസർ ബോർഡ് വീണ്ടും പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.
അതേസമയം സിനിമ കണ്ട് വിലയിരുത്താനായില്ലെന്ന് ഹൈക്കോടതി അറിയിച്ചു. സിനിമയ്‌ക്കെതിരെ സമർപ്പിച്ച ഹർജികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ചിത്രം മതസൗഹാർദത്തെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന നിരീക്ഷണവും കോടതി നടത്തി.
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉൾപ്പെട്ട ബെഞ്ച് ചിത്രം നേരിട്ട് കണ്ട് വിലയിരുത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിനെതിരെ നിർമാതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചു. ഒരു സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് സെൻസർ ബോർഡ് പോലുള്ള വിദഗ്ധ സമിതിയുടെ വിലയിരുത്തലിന് പകരം കോടതി സ്വതന്ത്രമായി നിഗമനത്തിലെത്തുന്നത് മേൽനോട്ടാധികാരത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നായിരുന്നു നിർമാതാക്കളായ സൺഷൈൻ പിക്ക്‌ചേഴ്‌സ് സമർപ്പിച്ച സത്യവാങ്മൂലത്തിലെ വാദം.
സിനിമയ്‌ക്കെതിരെ കേരള ഹൈക്കോടതിയിൽ രണ്ട് ഹർജികളാണ് ഫയൽ ചെയ്തിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതിന്റെ കഥയാണ് സിനിമ അവതരിപ്പിക്കുന്നതെന്നും, ‘കേരള സ്റ്റോറി 2’ എന്ന പേര് ബോധപൂർവം നൽകിയതും സാമുദായിക ചേരിതിരിവിന് ഇടയാക്കാനിടയുള്ളതുമാണെന്നുമാണ് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി നൽകിയ ഹർജിയിലെ ആരോപണം. സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് എറണാകുളം നെട്ടൂർ സ്വദേശി ഫ്രെഡിയും കോടതിയെ സമീപിച്ചിട്ടുണ്ട്.
മന്ത്രി വീണാ ജോർജിന് അടിയന്തര ശസ്ത്രക്രിയ വേണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണ ജോർജിന് കടുത്ത വേദനയിൽ ആശ്വാസമുണ്ടെന്ന് വ്യക്തമാക്കി പുതിയ മെഡിക്കൽ ബുള്ളറ്റിൻ. അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.
മന്ത്രിയുടെ രക്തസമ്മർദ്ദം മരുന്നുകളുടെ സഹായത്തോടെ നിയന്ത്രണവിധേയമാണെന്നും കഴുത്തിലെ കശേരുക്കളിൽ ഉണ്ടായ സമ്മർദ്ദമാണ് വേദനയ്ക്ക് കാരണമെന്നുമാണ് മെഡിക്കൽ സംഘത്തിന്റെ വിശദീകരണം. നിലവിൽ യാത്ര അനുവദിക്കാനാകാത്ത സാഹചര്യത്തിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തുടരുമെന്നും ബുള്ളറ്റിനിൽ പറയുന്നു.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സംഭവം നടന്നത്. വന്ദേഭാരത് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രിയെ പ്ലാറ്റ്ഫോമിൽ എത്തിയ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചു. പൊലീസ് വലയം ഭേദിച്ചാണ് പ്രവർത്തകർ മുന്നിലെത്തിയത്. മന്ത്രി തിരിഞ്ഞ് നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് രൂക്ഷമായി പ്രതികരിച്ചതോടെ പൊലീസ് ഇടപെട്ട് സ്ഥിതി നിയന്ത്രണത്തിലാക്കി.
ഇൻസ്റ്റഗ്രാമിൽ ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: 100 ദശലക്ഷം കടന്ന ആദ്യ ലോകനേതാവ്, ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും മുന്നിൽ തന്നെ
സോഷ്യൽ മീഡിയ ലോകത്ത് പുത്തൻ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോട്ടോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ 100 ദശലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ആദ്യ ലോകനേതാവായി അദ്ദേഹം മാറി. ഇതോടെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള രാഷ്ട്രീയ നേതാവെന്ന പദവി മോദി ഉറപ്പിച്ചു.
നിലവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ ഇരട്ടിയിലധികം ഫോളോവേഴ്‌സാണ് മോദിക്കുള്ളത്. ട്രംപിന് ഇൻസ്റ്റഗ്രാമിൽ ഏകദേശം 43.2 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്. മറ്റ് പ്രമുഖ ലോകനേതാക്കളായ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ എന്നിവർ മോദിയേക്കാൾ ഏറെ പിന്നിലാണ്.
അതേസമയം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള വ്യക്തികളുടെ പട്ടികയിൽ ഫുട്ബോൾ ഇതിഹാസങ്ങളാണ് മുന്നിൽ നിൽക്കുന്നത്. പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് 670 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുമായി ഒന്നാം സ്ഥാനത്ത് തുടരുന്നത്. അർജന്റീനയുടെ ലയണൽ മെസ്സി 511 ദശലക്ഷം ഫോളോവേഴ്‌സുമായി രണ്ടാം സ്ഥാനത്തുണ്ട്.
സെലീന ഗോമസ്, കൈലി ജെന്നർ തുടങ്ങിയ ലോകപ്രശസ്ത സെലിബ്രിറ്റികളാണ് പട്ടികയിലെ മറ്റ് പ്രമുഖർ. ഇന്ത്യയിൽ നിന്നുള്ള വിരാട് കോലി 274 ദശലക്ഷം ഫോളോവേഴ്‌സുമായി കായിക താരങ്ങളുടെ പട്ടികയിൽ മുൻനിരയിലുണ്ട്. 2014-ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റഗ്രാമിൽ ഔദ്യോഗികമായി അക്കൗണ്ട് ആരംഭിച്ചത്.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ യുവാക്കൾക്കിടയിൽ വലിയ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് സാധിച്ചു. ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളുടെ പട്ടികയിലും മോദി ഇപ്പോൾ ഒന്നാമതാണ്. മോദിയുടെ ഡിജിറ്റൽ സാന്നിധ്യം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
ഇസ്രായേൽ സന്ദർശന വേളയിലാണ് ഈ അപൂർവ്വ നേട്ടം അദ്ദേഹത്തെ തേടിയെത്തിയത് എന്നതും ശ്രദ്ധേയമാണ്. ഇസ്രായേൽ പാർലമെന്റായ ക്നെസെറ്റിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ നേതാക്കളെ അപേക്ഷിച്ച് സോഷ്യൽ മീഡിയയിൽ മോദി ബഹുദൂരം മുന്നിലാണ്.
ചുട്ട് പൊള്ളി കേരളം; കോന്നിയിലും മൂന്നാറും ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് (UV) സൂചിക രേഖപ്പെടുത്തിയത് കോന്നിയിലും മൂന്നാറുമെന്ന് റിപ്പോർട്ട്. ഇരു സ്ഥലങ്ങളിലും UV സൂചിക 8 ആയി രേഖപ്പെടുത്തി. ജാഗ്രതയുടെ ഭാഗമായി India Meteorological Department ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
UV സൂചിക 8 മുതൽ 10 വരെ രേഖപ്പെടുത്തുന്ന പ്രദേശങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. ഇതേസമയം കൊട്ടാരക്കര, ചെങ്ങന്നൂർ, ചങ്ങനാശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി മേഖലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ UV സൂചിക 6 മുതൽ 7 വരെയാണ്.
അതേസമയം തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് കിരണങ്ങൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ തുടങ്ങി വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ബന്ധന്‍ മ്യൂച്വല്‍ ഫണ്ട് കൊച്ചി ബ്രാഞ്ച് ഓഫീസ് ഗാന്ധിനഗറില്‍ തുറന്നു
കൊച്ചി,: നിക്ഷേപകര്‍ക്കും മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ക്കും (എംഎഫ്ഡി) മികച്ച സേവനം നല്‍കുന്നതിനായി ബന്ധന്‍ എഎംസി ലിമിറ്റഡ് (ബന്ധന്‍ എഎംസി) കൊച്ചിയിലെ ബ്രാഞ്ച് ഓഫീസ് മാറ്റിസ്ഥാപിച്ചു. പുതിയ ഓഫീസ് എറണാകുളം ഗാന്ധി നഗര്‍, സലിംരാജന്‍ റോഡില്‍ സെറനിറ്റി സ്‌ക്വയറിലാണ് തുറന്നത്. മാറ്റിസ്ഥാപിച്ച ബ്രാഞ്ചില്‍ പൂര്‍ണ്ണമായും സജ്ജീകരിച്ച മീറ്റിംഗ്-കം-ട്രെയിനിംഗ് റൂം ഉള്‍പ്പെടും, ഇത് നഗരത്തിലെ ഉപഭോക്തൃ സേവനവും നിക്ഷേപക അവബോധ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. കൊച്ചിയിലെ ഞങ്ങളുടെ ടീമും പങ്കാളികളും സാമ്പത്തിക അവബോധം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനും മ്യൂച്വല്‍ ഫണ്ടുകളില്‍ കൂടുതല്‍ താല്‍പ്പര്യം സൃഷ്ടിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനും ശ്രമിക്കുമെന്ന് ബന്ധന്‍ എഎംസി സിഇഒ വിശാല്‍ കപൂര്‍ പറഞ്ഞു.
ബന്ധന്‍ എഎംസി ലിമിറ്റഡ്, മ്യൂച്വല്‍ ഫണ്ടുകള്‍, ആള്‍ട്ടര്‍നേറ്റീവ്സ്, പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സര്‍വീസസ് (പിഎംഎസ്) എന്നിവയിലുടനീളം വിവേകപൂര്‍വ്വം നിര്‍മ്മിച്ച നിരവധി നിക്ഷേപ ഉല്‍പ്പന്നങ്ങളിലൂടെ നിക്ഷേപകര്‍ക്ക് സേവനം നല്‍കുന്നു. 100-ലധികം നഗരങ്ങളില്‍ പ്രവര്‍ത്തനക്ഷമമായ ഈ ഫണ്ട് ഹൗസ്, രാജ്യത്തുടനീളമുള്ള 790-ലധികം നഗരങ്ങളിലെയും പട്ടണങ്ങളിലെയും നിക്ഷേപകര്‍ക്ക് സേവനം നല്‍കുന്നു, സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റുകള്‍, കുടുംബ ഓഫീസുകള്‍, വ്യക്തിഗത ക്ലയന്റുകള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന മൂന്നര ദശലക്ഷത്തിലധികം ഫോളിയോകള്‍ക്ക് സേവനം നല്‍കുന്നു.
പി.ജി ജന്മശതാബ്ദി സ്മാരക കവാടം ഉദ്ഘാടനം ചെയ്തു
പുല്ലുവഴി:മാർക്സിസ്റ്റ് സൈദ്ധാന്തികൻ, ചിന്തകൻ, ഗ്രന്ഥകാരൻ, പത്രാധിപർ, വാഗ്മി എന്നീ നിലകളിൽ ശ്രദ്ധേയനായ പി. ഗോവിന്ദപിള്ളയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, ജയകേരളം ഹയർ സെക്കന്ററി സ്കൂൾ-ൽ അദ്ദേഹത്തിന്റെ പേരിൽ സ്ഥാപിച്ച സ്മാരക കവാടം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ഇതോടൊപ്പം, പി. ഗോവിന്ദപിള്ളയുടെ സഹോദരനും മുൻ മാനേജരുമായ ഡോ. കെ.പി. ബാലകൃഷ്ണപിള്ളയുടെ സ്മരണയ്ക്കായി ജയകേരളം സ്കൂളിന്റെ കിഴക്കുഭാഗത്തുള്ള ബ്ലോക്ക് സ്മാരകമാക്കി. അതിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ എം.ജി. രാധാകൃഷ്ണൻ നിർവഹിച്ചു.
അക്ഷരങ്ങളെ സ്നേഹിച്ച പി.ജി എന്നും യുവതലമുറയ്ക്ക് മാർഗദർശകനാണെന്ന് മന്ത്രി അനുസ്മരിച്ചു.
എസ്.എസ്.എൽ.സി ഗ്രേസ് മാർക്ക് സംവിധാനം കുട്ടികളുടെ വായനാനിലവാരവും പ്രോജക്ട് പ്രവർത്തനങ്ങളും കൂടി പരിഗണിച്ച് പരിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരള ചരിത്രത്തിൽ ജയകേരളം സ്കൂളിന്റെ പേര് എന്നും അനുസ്മരിക്കപ്പെടുമെന്ന് എം.പി ബെന്നി ബെഹനാൻ അഭിപ്രായപ്പെട്ടു. ചരിത്രപരമായും സാംസ്കാരികമായും ഉയർന്നു വരുന്ന സ്ഥാപനമാണ് ജയകേരളം സ്കൂളെന്ന് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു.
പ്രിൻസിപ്പൽ സുമിത ബിന്ദു സ്വാഗതം പറഞ്ഞ ചടങ്ങിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു.
എം.പി ബെന്നി ബെഹനാൻ വിശിഷ്ടാതിഥിയായിരുന്നു.
എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം മാത്യു തരകൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേരി പൗലോസ്, പി. ഗോവിന്ദപിള്ളയുടെ മകൾ ആർ. പാർവതിദേവി, രായമംഗലം പഞ്ചായത്ത് അംഗങ്ങളായ തോമസ് കെ.സി, ഐസക് മാത്യു, പി.ടി.എ പ്രസിഡന്റ് പി.വി. രാധാകൃഷ്ണൻ, മാനേജർ ഇൻചാർജ് ശാരദ മോഹൻ, അലുമിനി & റിട്ടയർമെന്റ് അസോസിയേഷൻ പ്രസിഡന്റ് ആർ.എം. രാമചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.
ഹെഡ്മിസ്ട്രസ് സ്മിത താരു നന്ദി രേഖപ്പെടുത്തി.
