കേരളം: ഇടുക്കി ജില്ലയിൽ കൈവശ ഭൂമിക്ക് പട്ടയ വിതരണം വീണ്ടും ആരംഭിച്ചു. 1964 ലെ ചട്ടപ്രകാരം പട്ടയം അനുവദിക്കുന്നതിൽ നിലനിന്നിരുന്ന കോടതി വിലക്ക് നീങ്ങിയതോടെയാണ് നടപടികൾ പുനരാരംഭിച്ചത്.
ചെറുതോണിയിൽ നടന്ന പട്ടയവിതരണ ചടങ്ങിൽ 2077 കുടുംബങ്ങൾക്ക് പട്ടയങ്ങൾ കൈമാറി. 2016 മുതൽ ഇതുവരെ ജില്ലയിൽ നടന്ന 13 പട്ടയമേളകളിലൂടെ 43,613 പട്ടയങ്ങൾ വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു.
കോടതി വിലക്കിനെ തുടർന്ന് മുടങ്ങിയിരുന്ന നടപടികൾ വീണ്ടും വേഗത്തിലാക്കുകയാണ് സർക്കാർ. ഈ ഘട്ടത്തിൽ വിതരണം ചെയ്ത പട്ടയങ്ങളിൽ ഭൂരിഭാഗവും വനാവകാശ രേഖകളും 1993 ലെ ചട്ടപ്രകാരമുള്ള പട്ടയങ്ങളുമാണ്. ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ പട്ടയങ്ങൾ വിതരണം ചെയ്തു. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.
കോടതി വിലക്ക് നീങ്ങിയതോടെ 3000 അപേക്ഷകർക്ക് കൂടി ഉടൻ പട്ടയം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. 1974-ൽ ആരംഭിച്ച മാങ്കുളം മിച്ചഭൂമി വിതരണത്തിലെ സാങ്കേതിക തടസ്സങ്ങളും പരിഹരിച്ചതോടെ അർഹരായ കുടുംബങ്ങൾക്കും പട്ടയം നൽകാനുള്ള വഴി തുറന്നു.
ചിന്നക്കനാൽ വില്ലേജിലെ മുത്തമ്മ ഉന്നതിയിൽ താമസിക്കുന്ന 238 കുടുംബങ്ങൾക്കും പട്ടയം അനുവദിച്ചു. തൊടുപുഴ, ഇടുക്കി താലൂക്കുകളിലെ വിവിധ വില്ലേജുകളിലും നടപടികൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്.
The distribution of title deeds for occupied land has resumed in Idukki district, Kerala, after the court stay under the 1964 rules was lifted. At a ceremony held in Cheruthoni, 2,077 families received title deeds. Authorities stated that around 3,000 more applicants will soon receive pattas as procedures are being expedited.

