പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാലക്കാട് ജില്ലയിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്.
ഏറ്റവും ശ്രദ്ധേയമായ നീക്കം പാലക്കാട് മണ്ഡലത്തിലേതാണ്. കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി. സരിനെ പാലക്കാട് മണ്ഡലത്തിലേക്ക് ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചു.
എന്നാൽ, യുഡിഎഫ് ഉൾപ്പെടെയുള്ള മറ്റ് മുന്നണികളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് ശേഷം മാത്രമേ പാലക്കാട്ടെ ഔദ്യോഗിക പ്രഖ്യാപനം നടത്താവൂ എന്നാണ് പാർട്ടിയിലെ നിലവിലെ ധാരണ.
രണ്ട് ടേം നിബന്ധന കർശനമാക്കിയതോടെ ആലത്തൂരിലും നെൻമാറയിലും നിലവിലെ എംഎൽഎമാർ മാറിനിൽക്കും. ഈ സാഹചര്യത്തിൽ ആലത്തൂർ മണ്ഡലത്തിലേക്ക് ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി. പൊന്നുക്കുട്ടനെ നിർദേശിച്ചു. നെൻമാറയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രേമന്റെ പേരാണ് പട്ടികയിലുള്ളതെന്നാണ് വിവരം.
എന്നാൽ അതേ സമയം, എംബി രാജേഷിന്റെ തൃത്താലയിൽ മാറ്റമുണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് വിവരം. എം.ബി.രാജേഷ് തൃത്താലയിൽ തുടരും.

