പുല്ലുവഴി:മാർക്സിസ്റ്റ് സൈദ്ധാന്തികൻ, ചിന്തകൻ, ഗ്രന്ഥകാരൻ, പത്രാധിപർ, വാഗ്മി എന്നീ നിലകളിൽ ശ്രദ്ധേയനായ പി. ഗോവിന്ദപിള്ളയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, ജയകേരളം ഹയർ സെക്കന്ററി സ്കൂൾ-ൽ അദ്ദേഹത്തിന്റെ പേരിൽ സ്ഥാപിച്ച സ്മാരക കവാടം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ഇതോടൊപ്പം, പി. ഗോവിന്ദപിള്ളയുടെ സഹോദരനും മുൻ മാനേജരുമായ ഡോ. കെ.പി. ബാലകൃഷ്ണപിള്ളയുടെ സ്മരണയ്ക്കായി ജയകേരളം സ്കൂളിന്റെ കിഴക്കുഭാഗത്തുള്ള ബ്ലോക്ക് സ്മാരകമാക്കി. അതിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ എം.ജി. രാധാകൃഷ്ണൻ നിർവഹിച്ചു.
അക്ഷരങ്ങളെ സ്നേഹിച്ച പി.ജി എന്നും യുവതലമുറയ്ക്ക് മാർഗദർശകനാണെന്ന് മന്ത്രി അനുസ്മരിച്ചു.
എസ്.എസ്.എൽ.സി ഗ്രേസ് മാർക്ക് സംവിധാനം കുട്ടികളുടെ വായനാനിലവാരവും പ്രോജക്ട് പ്രവർത്തനങ്ങളും കൂടി പരിഗണിച്ച് പരിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരള ചരിത്രത്തിൽ ജയകേരളം സ്കൂളിന്റെ പേര് എന്നും അനുസ്മരിക്കപ്പെടുമെന്ന് എം.പി ബെന്നി ബെഹനാൻ അഭിപ്രായപ്പെട്ടു. ചരിത്രപരമായും സാംസ്കാരികമായും ഉയർന്നു വരുന്ന സ്ഥാപനമാണ് ജയകേരളം സ്കൂളെന്ന് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു.
പ്രിൻസിപ്പൽ സുമിത ബിന്ദു സ്വാഗതം പറഞ്ഞ ചടങ്ങിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു.
എം.പി ബെന്നി ബെഹനാൻ വിശിഷ്ടാതിഥിയായിരുന്നു.
എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം മാത്യു തരകൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേരി പൗലോസ്, പി. ഗോവിന്ദപിള്ളയുടെ മകൾ ആർ. പാർവതിദേവി, രായമംഗലം പഞ്ചായത്ത് അംഗങ്ങളായ തോമസ് കെ.സി, ഐസക് മാത്യു, പി.ടി.എ പ്രസിഡന്റ് പി.വി. രാധാകൃഷ്ണൻ, മാനേജർ ഇൻചാർജ് ശാരദ മോഹൻ, അലുമിനി & റിട്ടയർമെന്റ് അസോസിയേഷൻ പ്രസിഡന്റ് ആർ.എം. രാമചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.
ഹെഡ്മിസ്ട്രസ് സ്മിത താരു നന്ദി രേഖപ്പെടുത്തി.

