തിരുവനന്തപുരം: വെള്ളയമ്പലത്ത് ബിഎംഡബ്ല്യു കാറും ബുള്ളറ്റ് ബൈക്കും ടാക്സി കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്കേറ്റു. ആൽത്തറയ്ക്ക് സമീപമുള്ള ഇടറോഡിൽ നിന്ന് വെള്ളയമ്പലം–വഴുതയ്ക്കാട് പ്രധാന റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ബുള്ളറ്റിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകട പരമ്പര ഉണ്ടായത്.
ശ്രീകാര്യം പാങ്ങപ്പാറ മാങ്കുഴി സ്വദേശികളായ ബിജിത്ത് (43), ഭാര്യ വിദ്യ (43) എന്നിവരാണ് പരിക്കേറ്റത്. ടെക്നോപാർക്കിലെ ജീവനക്കാരനാണ് ബിജിത്ത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയായിരുന്നു അപകടം.
വെള്ളയമ്പലം സിഗ്നൽ ഭാഗത്ത് നിന്ന് എത്തിയ ബിഎംഡബ്ല്യു കാർ ബുള്ളറ്റിൽ ഇടിക്കാതിരിക്കാൻ വലതുവശത്തേക്ക് വെട്ടിച്ചപ്പോൾ ബൈക്കിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിർ ട്രാക്കിലൂടെ വന്നിരുന്ന ടാക്സി എർട്ടിഗയുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ഉൾപ്പെടെ വാഹനങ്ങൾ റോഡിലേക്ക് തെറിച്ചുവീണു.
വിവരമറിഞ്ഞെത്തിയ ഫയർ ആൻഡ് റെസ്ക്യൂ സേന, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ പരിക്കേറ്റ ദമ്പതികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറുകളിലുണ്ടായിരുന്ന യാത്രക്കാർക്ക് കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം.
അപകടത്തെ തുടർന്ന് റോഡിൽ വീണ ഓയിലും വാഹനാവശിഷ്ടങ്ങളും ഫയർഫോഴ്സ് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മൂന്ന് വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചതായും അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു.
English Summary
A major road accident involving a BMW car, a Bullet motorcycle, and a taxi Ertiga occurred at Vellayambalam in Thiruvananthapuram. The BMW driver reportedly swerved to avoid hitting the motorcycle, leading to a collision with the bike and subsequently the taxi car. The motorcycle riders, Bijith (43) and his wife Vidya (43) from Sreekaryam, sustained serious injuries and were hospitalized. Fire and Rescue personnel, police, and locals carried out rescue operations, while traffic was restored after clearing oil spills and debris from the road.

