തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സംസ്ഥാന സർക്കാരിന്റെ നിലവിലെ തീരുമാനമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. സംസ്ഥാനത്തിന്റെ അവകാശങ്ങൾക്കും വിദ്യാഭ്യാസ മേഖലയിലെ സ്വാതന്ത്ര്യത്തിനും യാതൊരു വിട്ടുവീഴ്ചയും വരുത്താതെ പദ്ധതി തുടരാനാണ് ശ്രമിക്കുന്നതെന്നും, കരാറിലെ ചില വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ എൽ.ഡി.എഫ് സർക്കാർ പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും പദ്ധതിയുടെ ഫണ്ട് സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനം പദ്ധതിയിൽ തുടരാൻ നിർബന്ധിതമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട അന്തിമ നിലപാട് മന്ത്രിസഭാ ഉപസമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക.
ജൂലൈ ഒന്നുമുതൽ സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പി.എം. ശ്രീ വിഷയത്തിൽ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാഠ്യപദ്ധതി രൂപീകരണത്തിൽ സംസ്ഥാനത്തിന് പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കുകയെന്നതാണ് സർക്കാരിന്റെ പ്രധാന നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയുടെ വിവിധ വശങ്ങൾ വിശദമായി പഠിക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ നേതൃത്വത്തിൽ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. മന്ത്രിമാരായ റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരും സമിതിയിലുണ്ട്. സമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും സംസ്ഥാന സർക്കാർ തുടർനടപടികൾ തീരുമാനിക്കുക.
English Summary
Kerala will continue with the PM SHRI scheme for now, Chief Minister V.D. Satheesan said, adding that the state will seek relaxation in certain contractual provisions. He stated that the previous LDF government had already signed the agreement and accepted funds, making continued participation necessary. A cabinet sub-committee led by Education Minister N. Shamsudheen will study the scheme in detail, and the government’s final decision will be based on its report. The state also aims to safeguard its educational autonomy and curriculum freedom while remaining in the scheme.

