നെടുമങ്ങാട് കുഞ്ഞുകൊലക്കേസ്: സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി; ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം

0

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സംസ്ഥാന സർക്കാരിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി. അമ്മയും പങ്കാളിയും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്ന കേസിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി നിർദേശിച്ചു. റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. കുട്ടിയുടെ മുത്തശ്ശി നേരത്തെ നൽകിയ പരാതിയിൽ എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തില്ലെന്ന കാര്യത്തിലും കോടതി സർക്കാരിനോട് വിശദീകരണം തേടി.

മെയ് 29-നാണ് ഛർദിയെ തുടർന്ന് ഒന്നര വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കുട്ടി മരിക്കുകയും അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നെഞ്ചിലേറ്റ ഗുരുതര ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി.

കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റതും മർദനമേറ്റതുമായ നിരവധി പരിക്കുകൾ ഉണ്ടായിരുന്നുവെന്നും അവയിൽ പലതും പഴയ മുറിവുകളായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. വിശദമായ ചോദ്യം ചെയ്യലിൽ പ്രതിയായ അഷ്‌കർ കുറ്റം സമ്മതിച്ചതായും, കരച്ചിൽ നിർത്താതിരുന്നതിനെ തുടർന്ന് കുട്ടിയെ മർദിച്ചെന്നുമാണ് പൊലീസിനോട് വെളിപ്പെടുത്തിയത്.

വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ ഉണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ അമ്മ അഖിലയ്ക്കെതിരെ പ്രേരണാക്കുറ്റവും ചുമത്തിയിട്ടുണ്ട്.

English Summary

The Kerala High Court has sought a detailed report from the state government regarding the brutal murder of a one-and-a-half-year-old child in Nedumangad. The court directed the investigating officer to submit a report within a week and questioned why no action was taken on an earlier complaint filed by the child’s grandmother. The post-mortem report revealed 91 injuries on the child’s body, and the accused, Ashkar, reportedly confessed to assaulting the child. The mother, Akhila, has been charged with abetment.

LEAVE A REPLY

Please enter your comment!
Please enter your name here