ആദിവാസി യുവാവ് ഗോകുൽ പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താനൊരുങ്ങി ആദിവാസി സംഘടനകൾ

0

കോഴിക്കോട്: കൽപ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് ഗോകുൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ആദിവാസി സംഘടനകൾ സമരത്തിനൊരുങ്ങുന്നു. പോലീസ് കസ്റ്റഡിയിൽ വെച്ച് ഗോകുൽ മരണപ്പെട്ടതിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. ജില്ലാ ക്രൈംബ്രാഞ്ചാണ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്. പോലീസ് കംപെയിന്‍റ് അതോറിറ്റി ചെയർമാൻ കല്‍പ്പറ്റ സ്റ്റേഷനില്‍ സന്ദർശനം നടത്തി. പോലീസിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു സന്ദർശനം. ഫോറൻസിക് സർജൻമാരുടെ സംഘവും കല്‍പ്പറ്റ സ്റ്റേഷൻ സന്ദ‌ർശിച്ചിരുന്നു. അതേസമയം കേസ് ഇന്ന് ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

സമാന സംഭവങ്ങൾ ആവര്‍ത്തിക്കപ്പെടുന്നു എന്നാണ് സംഘടനകള്‍ ഉയര്‍ത്തുന്ന പ്രധാന വസ്തുത. പനമരത്തെ യുവാവ് ആത്മഹത്യ ചെയ്തതും സമാനമായ സംഭവത്തിലാണ്. അതില്‍ പോക്സോ കേസില്‍ പെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി എന്നതാണ് കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും ആരോപണം. ഇത്തരത്തിലുള്ള സംഭവം തന്നെയാണ് ഇപ്പോഴും ഉണ്ടായത് എന്നാണ് അവര്‍ ഉന്നയിക്കുന്നത്. ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രത്യക്ഷ സമരത്തിലേക്ക് പോകാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

കേസിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഹൈക്കോടതിയിൽ ഹർജി നൽകാനും തീരുമാനമെടുത്തിട്ടുണ്ട്. ഗോകുലിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഗോകുലിനെ അന്വേഷിച്ച് വീട്ടിലെത്തിയ പോലീസ് പല തവണ ഇയാളെ കൈയിൽ കിട്ടിയാൽ വെറുതെ വിടില്ലെന്ന് ഭീഷണിപെടുത്തുകയും യുവാവിന്റെ സുഹൃത്തുക്കളുടെ ഫോണുകൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. മാത്രമല്ല ഗോകുൽ പ്രായപൂർത്തിയാകാത്ത ആളായിരുന്നു എന്നത് സംബന്ധിച്ച വിവരങ്ങളും പുറത്തു വന്നിരുന്നു. മതിയായ തെളിവുകൾ ലഭിച്ചിട്ടും ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കാത്ത പക്ഷമാണ് ആദിവാസി സംഘടനകൾ സമരത്തിന് തയ്യാറെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here