ഒരു കാലത്ത് മലയാള സിനിമയിലെ തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു നടി നളിനി. തമിഴിലും തെലുങ്കിലും മലയാളത്തിലും തിളങ്ങി നിന്ന താരം ഇപ്പോൾ മിനിസ്ക്രീനിലും സജീവമാണ്. ബാലതാരമായി എത്തി നിരവധി ചിത്രങ്ങൾ സമ്മാനിക്കാൻ താരത്തിനു സാധിച്ചു. ഭൂമിയിലെ രാജാക്കന്മാര്‍, ആവനാഴി, അടിമകള്‍ ഉടമകള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ നളിനി മലയാളികൾക്ക് സുപരിചിതയായി. നല്ലൊരു നർത്തകി കൂടിയാണ് നളിനി. ഇപ്പോഴിതാ നളിനിയെ കുറിച്ച് സംവിധായകനും നിർമാതാവും നടനുമായ ആലപ്പി അഷ്റഫ് നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ശ്രദ്ധേയമാകുന്നത്.
നളിനിയുടെ ദാമ്പത്യ ജീവിതത്തെ കുറിച്ചായിരുന്നു ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തൽ. താരത്തിന്റെത് പ്രേമ വിവാഹമായിരുന്നുവെന്നും സിനിമയിൽ തിളങ്ങി നിന്ന് സമയത്താണ് നടന്‍ രാമരാജനുമായി പ്രണയത്തിലാകുന്നത്. പിന്നാലെ ഇരുവരും ഒളിച്ചോടി വിവാഹിതരായെന്നും എന്നാൽ ആ ദാമ്പത്യ ജീവിതത്തിന് 12 വർഷത്തെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളുവെന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്. ജ്യോത്സ്യന്റെ വാക്കുകേട്ടാണ് നല്ലൊരു ദാമ്പത്യം നളിനിക്ക് നഷ്ടമായതെന്ന് ആലപ്പി അഷ്റഫ് പറയുന്നു. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ ആണ് ആലപ്പി അഷ്റഫ് ഇക്കാര്യം തുറന്നു പറഞ്ഞത്.
സിനിമയിൽ കത്തി ജ്വലിച്ച് നിൽക്കുന്ന സമയത്തായിരുന്നു രാമരാജനുമായി നളിനി പ്രണയത്തിലാകുന്നതെന്നാണ് അഷ്റഫ് പറയുന്നത്. എന്നാൽ നളിനിയുടെ വീട്ടുക്കാർക്ക് ഈ ബന്ധത്തിൽ എതിർപ്പുണ്ടായിരുന്നു. അക്കാലത്ത് രാമരാജൻ വളരെ മാർക്കറ്റുള്ള രണ്ടാംനിര താരമായിരുന്നു. സാധാരണ കുടുംബത്തിൽ നിന്ന് വന്ന് ഉന്നതിയിലെത്തിയ നടനായിരുന്നു. ഇവരുടെ പ്രണയം കാരണം നളിനിയുടെ അഭിനയ ജീവിതം അവസാനിച്ച് പോകുമോ എന്ന് കുടുംബം പേടിച്ചിരുന്നു. ഈ ബന്ധത്തെ പ്രതിരോധിക്കാനായി നളിനിയുടെ ഷൂട്ടിംങ് ലോക്കേഷനിലേക്ക് കുടുംബത്തിലെ ചിലരെ ബോഡി ഗാർഡായി ഒപ്പം അയക്കാറുണ്ടായിരുന്നുവെന്നും ആലപ്പി അഷ്റഫ് പറയുന്നു.
എന്നാൽ ഒരു ദിവസം രാമരാജനൊപ്പം നളിനി ഒളിച്ചോടി. അന്ന് എംജിആറിന്റെ അടുത്തായിരുന്നു ഇവർ അഭയം തേടിയെത്തിയത്. അങ്ങനെ അവരുടെ വിവാഹം നടന്നു. ഇതിനിടെയിൽ ജയലളിത രാമരാജനെ എംപിയാക്കുകയും ചെയ്തു. എന്നാൽ ആ ദാമ്പത്യം 12 വർഷക്കാലമെ നിലനിന്നിരുന്നു. അതിനിടയിൽ അവർക്ക് രണ്ട് കുട്ടികളും പിറന്നു. അവർ തമ്മിൽ വേർപിരിഞ്ഞ് താമസിക്കുന്നതിന്റെ കാരണം സിനിമാ കഥയെപ്പോലും വെല്ലുന്നതാണെന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്.