നവകേരള സദസും ആഡംബര ബസ് യാത്രയും ജനവിരുദ്ധ സർക്കാരിന്റെ അശ്ലീല കെട്ടുകാഴ്ച; വി ഡി സതീശൻ 

0

 

മുഖ്യമന്ത്രിക്കും നവകേരള സദസ്സിനുമെതിരെ ആഞ്ഞടിച്ച് കെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഭയാനക സാമ്പത്തിക പ്രതിസന്ധിയിലേക്കു സംസ്ഥാനത്തെ തള്ളിവിട്ട പിണറായി വിജയനും മന്ത്രിമാരും കോടികൾ ചെലവിട്ടു നടത്തുന്ന നവകേരള സദസും ആഡംബര ബസ് യാത്രയും ജനവിരുദ്ധ സർക്കാരിന്റെ അശ്ലീല കെട്ടുകാഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

 

സാധാരണക്കാർ ദുരിത ജീവിതം നയിക്കുമ്പോൾ കേരളീയവും നവകേരള സദസും സി പി എമ്മിനും പാർട്ടി ബന്ധുക്കൾക്കും മാത്രമുള്ളതാണ്. ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് കർഷകർ ആത്മഹത്യ ചെയ്തു. നാലു മാസത്തെ ക്ഷേമ പെൻഷൻ മുടങ്ങിയ വയോധികർ പിച്ചച്ചട്ടിയുമായി തെരുവിൽ ഇറങ്ങുമ്പോഴാണ് സർക്കാരും സി പി എമ്മും ആഘോഷിക്കുന്നത്.

 

നിലവിലുണ്ടായിരുന്ന കൂര പൊളിച്ച് ലൈഫ് മിഷൻ വീടിന് തറ കെട്ടി ഒന്നും രണ്ടും ഗഡു ധനസഹായം ലഭിക്കാതെ പതിനായിരത്തോളം പാവങ്ങളെയാണ് ഇവർ പെരുവഴിയിലാക്കിയത്. കെ എസ് ആർ ടി സി പെൻഷൻകാരെയും ജീവനക്കാരെയും പട്ടിണിയിലാക്കി. വിലക്കയറ്റം പിടിച്ച് നിർത്തേണ്ട സപ്ലൈകോയെ അവശ്യസാധനങ്ങൾ പോലും ലഭ്യമല്ലാത്ത തരത്തിലേക്ക് തകർത്തു.

 

അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ഈ സർക്കാരിനെ വെളുപ്പിച്ചെടുക്കാൻ പൊതു ഖജനാവിലെ പണം ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും വി ഡി സതീശൻ പറഞ്ഞു.

Leave a Reply