ഒരു അർജന്റീനൻ റഫറി ഞങ്ങളുടെ മത്സരം നിയന്ത്രിച്ചത് അംഗീകരിക്കാനാവില്ല’; തോറ്റതിന്റെ കലിപ്പ് തീരാതെ ആഞ്ഞടിച്ച് പെപെ

0

ദോഹ: ലോകകപ്പ് ക്വാർട്ടറിൽ മൊറോക്കോയോട് തോറ്റ് പുറത്തായതിന് പിന്നാലെ മത്സരം നിയന്ത്രിച്ച അർജന്റീനൻ റഫറിക്ക് എതിരെ കടുത്ത വിമർശനവുമായി പോർച്ചുഗീസ് വെറ്ററൻ ഡിഫൻഡർ പെപെ. ‘അർജന്റീനൻ റഫറി ഞങ്ങളുടെ മത്സരം നിയന്ത്രിച്ചത് അംഗീകരിക്കാനാവില്ല. ഫിഫയ്ക്ക് ഇനി അർജന്റീനയ്ക്ക് കിരീടം നൽകാം. അർജന്റീനയായിരിക്കും ചാമ്പ്യന്മാർ എന്ന കാര്യത്തിൽ ഞാൻ പന്തയം വെക്കുന്നു’ എന്നുമാണ് മത്സര ശേഷം പെപെ തുറന്നടിച്ചത്.

മത്സരത്തിൽ അർജന്റീനക്കാരനായ റഫറിയെ വെച്ചത് അംഗീകരിക്കാനാവില്ലെന്ന് പെപെ പറഞ്ഞു. മത്സരത്തിലെ പ്രധാന റഫറി ഫാകുന്റോ ടെല്ലോയും രണ്ട് സഹ റഫറിമാരും വീഡിയോ അസിസ്റ്റന്റ് റഫറിയുമെല്ലാം അർജന്റീന സ്വദേശികളായിരുന്നു.

മൊറോക്കോയ്‌ക്കെതിരെ എട്ട് മിനുറ്റ് മാത്രം ഇഞ്ചുറിടൈം അനുവദിച്ചതിനെ പെപെ ചോദ്യം ചെയ്തു. കൂടുതൽ സമയം വേണമായിരുന്നെന്നും രണ്ടാംപകുതി കളിക്കാൻ ഞങ്ങളെ റഫറി അനുവദിച്ചില്ല എന്നും പെപെ ആരോപിച്ചു. നെതർലൻഡ്സിന് എതിരായ കളിയിൽ കൂടുതൽ സമയം അധികമായി നൽകിയതായി മത്സര ശേഷം ലയണൽ മെസി റഫറിക്കെതിരെ വിമർശനമുന്നയിച്ചിരുന്നു. അന്ന് ഇഞ്ചുറിടൈം നീണ്ടപ്പോഴാണ് ഡച്ച് ടീം സമനില ഗോൾ നേടിയതും മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടതും.

പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസും റഫറീയിങ്ങിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ടൂർണമെന്റിൽ പുറത്താകെ ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്ന രാജ്യത്ത് നിന്നുള്ള റഫറിയെ ഒരിക്കലും മത്സരം നിയന്ത്രിക്കാൻ ഏൽപ്പിക്കരുതെന്ന് ബ്രൂണോ പറഞ്ഞു. ഏകപക്ഷീയമായ ഒരു ഗോളിനാണ് പറങ്കിപ്പടയെ മൊറോക്കോ തോൽപ്പിച്ചത്.

ഖത്തർ ഫിഫ ലോകകപ്പിന്റെ ക്വാർട്ടറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് മൊറോക്കോ സെമിയിൽ പ്രവേശിച്ചത്. ആദ്യപകുതിയിൽ 42-ാം മിനുറ്റിൽ യൂസെഫ് എൻ നെസീരി ഹെഡറിലൂടെ നേടിയ ഏക ഗോളിലാണ് മൊറോക്കോയുടെ വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചാട്ടങ്ങളെ ഓർമ്മിപ്പിച്ച് വളരെ ഉയരെ ജംപ് ചെയ്താണ് നെസീരി ഗോൾ നേടിയത്.

ബഞ്ചിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ രണ്ടാംപകുതിയിൽ ഇറക്കിയിട്ടും മടക്ക ഗോൾ നേടാൻ പോർച്ചുഗലിനായില്ല. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി ഇതോടെ മൊറോക്കോ ചരിത്രം കുറിച്ചു. എക്കാലത്തെയും മികച്ച ഫുട്‌ബോളർമാരിൽ ഒരാളായി വാഴ്‌ത്തപ്പെട്ടിട്ടും ലോക കിരീടമില്ലാതെ മടങ്ങാനായി 37കാരനായ റോണോയുടെ വിധി.

അവസാന ലോകകപ്പ് കളിക്കുന്ന കൃസ്റ്റ്യാനോയുടെ കരഞ്ഞു കൊണ്ടുള്ള മടക്കവും ഖത്തർ ലോകകപ്പിലെ മായാത്ത കാഴ്‌ച്ചകളിൽ ഒന്നായി. അവസാന മിനുട്ടിൽ പെപെയുടെ ഹെഡ്ഡർ പോർച്ചുഗലിന് പ്രതീക്ഷ നൽകിയെങ്കിലും പുറത്തുപോയതോടെ പരാജിതരായി പോർച്ചുഗൽ മടങ്ങി.

Leave a Reply