സാമയുടെ കേരളപ്പിറവി സം​ഗീതോത്സവവും ​ഗുരുവന്ദനവും നവംബർ ഒന്നിന്; പഞ്ചരത്ന കീർത്തനാലാപനത്തിൽ 101 കലാകാരന്മാർ പങ്കെടുക്കും

0

കോട്ടയം: സർ​​ഗഭാരതി അക്കാഡമി ഓഫ് മ്യൂസിക് ആൻഡ് ആർട്സ് (സാമ) സംഘടിപ്പിക്കുന്ന കേരളപ്പിറവി സം​ഗീതോത്സവവും ​ഗുരുവന്ദനവും നവംബർ ഒന്നിന് നടക്കും. കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ 101 കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചരത്ന കീർത്തനാലാപനവും സംഘടിപ്പിച്ചിട്ടുണ്ട്. ​ഗോവ ​ഗവർണർ അഡ്വ. പി എസ് ശ്രീധരൻപിള്ള സം​ഗീതോത്സവം ഉദ്ഘാടനം ചെയ്യും. ​ഗീവർ​ഗീസ് മാർ കൂറിലോസ് തിരുമേനി അനു​ഗ്രഹ പ്രഭാഷണം നടത്തും. സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ സാമ ഡിജിറ്റൽ സ്റ്റുഡിയോയുടെ ഉദ്ഘാടനം നിർവഹിക്കും. സാമ അക്കാദമിക് കോഴ്സുകളുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിക്കും.

ഉദ്ഘാ‌ടന സമ്മേളനത്തിൽ സാമ ചെയർമാൻ റോയി പോൾ ഐഎഎസ് അധ്യക്ഷനാകും. സാമ ഡയറക്ടർ ഫാ. ഡോ. എം പി ജോർജ്ജ്, പ്രൊഫ. ടൈറ്റസ് വർക്കി, ഡോ. സിറിയക് തോമസ്, കോ‌ട്ടയം ന​ഗരസഭ ചെയർപെഴ്സൺ ബിൻസി സെബാസ്റ്റ്യൻ, കലൈമാമണി തിരുവിഴ ജയശങ്കർ, കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ, ജോജോ അലക്സാണ്ടർ എന്നിവർ സംസാരിക്കും.

സർ​ഗഭാരതി ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സർ​​ഗഭാരതി അക്കാഡമി ഓഫ് മ്യൂസിക് ആൻഡ് ആർട്സ്. യുവകലാപ്രതിഭകളെ കണ്ടെത്തുകയും അവർക്ക് അറിവും ജീവിതവിജയവും കൈവരിക്കുന്നതിന് സഹായിക്കുകയുമാണ് സാമ ലക്ഷ്യമിടുന്നത്. ​ഗുരുകുല സമ്പ്രദായത്തിൽ കല അഭ്യസിക്കുന്നവർക്ക്, കേന്ദ്ര ​ഗവൺമെന്റ് അം​ഗീകൃത സ്ഥാപനമായ സയന്റിഫിക് ആൻഡ് ടെക്നിക്കൽ എജ്യൂക്കേഷൻ ഡെവലപ്മെന്റ് കൗൺസിലിന്റെ ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകുന്ന പരീക്ഷ നടത്തുന്നതിനും സർ​ഗഭാരതി വഴിയൊരുക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here