വൈദ്യുതി പ്രതിസന്ധി നേരിടാൻ സകല വഴികളും തിരഞ്ഞു വൈദ്യുതി വകുപ്പ്

0

തിരുവനന്തപുരം∙ വൈദ്യുതി പ്രതിസന്ധി നേരിടാൻ സകല വഴികളും തിരഞ്ഞു വൈദ്യുതി വകുപ്പ്. ക്രീറ്റ് എനർജി സൊല്യൂഷൻസ് എന്ന വിപണന സ്ഥാപനത്തിൽ നിന്നു ബാങ്കിങ് സ്വാപ് ടെൻഡർ വഴി 200 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കും. കോഴിക്കോട് ഡീസൽ നിലയം പ്രവർത്തിപ്പിച്ച് 90 മെഗാവാട്ട് വരെ ഉൽപാദിപ്പിക്കുന്നുണ്ട്. കായംകുളം നിലയത്തിലേക്ക് മധ്യപ്രദേശിലെ ബിനായിൽ നിന്നു നാഫ്ത എത്തിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനും പദ്ധതിയുണ്ട്.

വൈദ്യുതിക്ഷാമം രൂക്ഷമാകുന്നതിനു മുൻപ് 465 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദാക്കാൻ ബോർഡ് ശ്രമം നടത്തിയിരുന്നു. 25 വർഷത്തേക്കു യൂണിറ്റിനു 4.15 രൂപയ്ക്കു 115 മെഗാവാട്ടും 4.29 രൂപയ്ക്കു 350 മെഗാവാട്ടും വാങ്ങാനുള്ള കരാറാണ് അമിത വിലയും ക്രമക്കേടും ആരോപിച്ചു റദ്ദാക്കാൻ ശ്രമിച്ചത്.

കൽക്കരിക്ഷാമം മൂലം കേരളത്തിൽ ഇപ്പോൾ 78 മെഗാവാട്ടിന്റെ കുറവേയുള്ളൂവെങ്കിലും ഉപയോഗം വർധിക്കുന്നതാണ് കമ്മി കൂടാൻ കാരണം. ഇതു നേരിടാൻ മുൻകരുതൽ വേണമെന്ന് കഴിഞ്ഞ നവംബറിൽ സിസ്റ്റം ഓപ്പറേഷൻ ചീഫ് എൻജിനീയർ മുന്നറിയിപ്പു നൽകിയിരുന്നു.

പീക്ക് സമയത്തെ പ്രതിസന്ധി നേരിടാൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം വഴി 100 മെഗാവാട്ട് വരെ ശേഖരിച്ചു വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ നടപടി ഉടൻ പൂർത്തിയാക്കുമെന്നു വൈദ്യുതി ബോർഡ് അറിയിച്ചു.

ശബരിഗിരി നിലയത്തിലെ തകരാർ പരിഹരിക്കാത്തതു മൂലം 120 മെഗാവാട്ടിന്റെ കുറവുണ്ട്. ജലവൈദ്യുതി പരമാവധി ഉൽപാദിപ്പിച്ചാലും ആകെ ആവശ്യത്തിന്റെ 30% മാത്രമേ ആകൂ. ഡാമുകളിലാണെങ്കിൽ 36% വെള്ളമേയുള്ളൂ.

വൈദ്യുതി ഉപയോഗം വ്യാഴാഴ്ച 9.29 കോടി യൂണിറ്റിലെത്തി റെക്കോർഡ് ഇട്ടിരുന്നു. വെള്ളിയാഴ്ച ഉപയോഗം 9.09 കോടിയായി കുറഞ്ഞു. ജല വൈദ്യുതിയുടെ ഉൽപാദനം 3.05 കോടി യൂണിറ്റായിരുന്നു.

എവിടെയെത്തി സൗരോർജ പദ്ധതി?

രണ്ടു വർ‌ഷം മുൻപു തുടങ്ങിയ പുരപ്പുറ സോളർ പദ്ധതിക്കുള്ള പാനലും മീറ്ററും ഉൾപ്പെട്ട സോളർ മോഡ്യൂളിനു രണ്ടാഴ്ച മുൻപുവരെ കടുത്ത ക്ഷാമം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ 2,000 മീറ്ററുകൾ കെഎസ്ഇബിയുടെ പക്കലുണ്ടെന്നാണു വിശദീകരണം. ബുധനാഴ്ചയോടെ 10,000 മീറ്ററുകൾ കൂടി എത്തും.

പ്ലാന്റ് സ്ഥാപിക്കാൻ കെഎസ്ഇബിയുടെ ഇ–കിരൺ പോർട്ടൽ വഴി 70,000 പേർ ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥലപരിശോധനയ്ക്കു ശേഷം പ്ലാന്റുകൾ സ്ഥാപിക്കും. സബ്സിഡി ആനുകൂല്യത്തിനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 24 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here